തിരയുക

സെനഗൽ  കുടിയേറ്റകാരുടെ കപ്പൽ. സെനഗൽ കുടിയേറ്റകാരുടെ കപ്പൽ.  (AFP or licensors)

കുടിയേറ്റ ബോട്ട് നിയന്ത്രിച്ച 17വയസ്സുകാരനെ സൈപ്രസ് തീരക്കാവൽ സേന അറസ്റ്റ് ചെയ്തു

ശാന്തമായ കടൽ അപകടകരമായ മെഡിറ്ററേനിയൻ ക്രോസിംഗുകൾ നടത്താൻ കൂടുതൽ ആളുകളെ പ്രേരിപ്പിക്കുന്നതിനാൽ മറ്റൊരു കൂട്ടം കുടിയേറ്റക്കാർ സൈപ്രസിൽ എത്തുകയാണ്.

റിപ്പോർട്ട്:  നഥാൻ മോർലി

പരിഭാഷ: സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

മെഡിറ്ററേനിയനു കുറുകെയുള്ള ശാന്തമായ കടലിലൂടെ മറ്റൊരു കൂട്ടം കുടിയേറ്റക്കാർ സൈപ്രസിൽ എത്തി. പ്രാദേശിക പോലീസ് പറയുന്നതനുസരിച്ച്, സൈപ്രസിന്റെ തെക്ക്-കിഴക്കൻ അറ്റത്തുള്ള കേപ് ഗ്രീക്കോയിൽ നിന്ന് 23 കുടിയേറ്റക്കാരെ വെള്ളിയാഴ്ച കണ്ടെത്തി.

സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 23 പേരുള്ള കപ്പലിന്റെ ക്യാപ്റ്റൻ 17 വയസ്സുള്ള ഒരു കൗമാരക്കാരനായിരുന്നു എന്നതും ശ്രദ്ധേയമാണ്. അറസ്റ്റ് ചെയ്ത അയാളെ അടുത്ത ആഴ്ച കോടതിയിൽ ഹാജരാക്കും. രണ്ട് ദിവസം മുമ്പ്, 23 ആളുകളുമായി സമാനമായ ഒരു കപ്പൽ അതേ സ്ഥലത്ത് കാണുകയും സൈപ്രസിലെ മറ്റൊരു തുറമുഖത്തേക്ക് കൊണ്ടുപോകുകയും ചെയ്തു. യാത്രക്കാരെല്ലാം ബോട്ടിൽ ഒരു ഇടത്തിനായി ആയിരക്കണക്കിന് ഡോളർ നൽകിക്കൊണ്ട് സിറിയയിൽ നിന്ന് കയറിയവരാണ്.

കഴിഞ്ഞയാഴ്ച, ദ്വീപിന്റെ പടിഞ്ഞാറൻ അറ്റത്തുള്ള പാഫോസ് തീരത്ത് നിന്ന് 49 പേരുമായി പോയ ഒരു ബോട്ടിനെ സൈപ്രസ് തീരക്കാവൽ സേന തടഞ്ഞുവച്ചിരുന്നു. അവരുടെ ബോട്ട് തിങ്കളാഴ്ച ലെബനനിൽ നിന്ന് ഇറ്റലിയിലേക്ക് യാത്രയാരംഭിച്ചതായിരുന്നു എന്ന് റിപ്പോർട്ടുണ്ട്. മെഡിറ്ററേനിയൻ വഴി യൂറോപ്യൻ യൂണിയനിലേക്ക് ആളുകളെ കടത്തുന്ന പാതയുടെ മുൻനിരയിൽ ഇരിക്കുന്നതിനാൽ, അവിടെ എത്തുന്ന കുടിയേറ്റക്കാരെ ഉൾക്കൊള്ളാൻ സൈപ്രസ് പാടുപെടുകയാണ്.

നിക്കോസിയയിലെ ഗവൺമെന്റ് പറയുന്നതനുസരിച്ച്, സൈപ്രസ്സിൽ അഭയം തേടാനും, കുടിയേറ്റത്തിന് ശ്രമിക്കാനുമായി അവിടെ എത്തിച്ചേരുന്നവരുടെ നിലയ്ക്കാത്ത പ്രവാഹം, ദ്വീപിലെ ഇപ്പോഴത്തെ ജനസംഖ്യയുടെ അഞ്ച് ശതമാനമാണ്. ഈ വർഷം ഇതുവരെ 72,778 അഭയാർഥികൾ ദക്ഷിണമേഖലയിൽ നിന്ന് യൂറോപ്പിൽ എത്തിയതായി ഐക്യരാഷ്ട്രസഭയുടെ അഭയാർഥി ഏജൻസി UNHCR പറയുന്നു, ഇതിൽ 71,136 പേർ കടൽ വഴി വന്നവരാണ്. സമീപ വർഷങ്ങളിൽ, കുടിയേറ്റക്കാരെ കൊണ്ട് നിറഞ്ഞതും കടൽയാത്രയ്ക്ക് യോഗ്യവുമല്ലാത്ത ബോട്ടുകളുടെ ഉപയോഗം മൂലമുണ്ടാകുന്ന പ്രശ്നങ്ങളും പ്രദേശത്തുടനീളമുള്ള ഗവൺമെന്റുകൾക്ക് ഗുരുതരമായ ആശങ്കയായി മാറിയിരിക്കുന്നു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 ജൂലൈ 2023, 15:58