മണിപ്പൂരിനെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യയിലെ വിദ്യാർത്ഥികൾ
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
വംശീയ അക്രമങ്ങൾ അരങ്ങേറുന്ന മണിപ്പൂരിന്റെ സാമൂഹ്യ സാഹചര്യങ്ങളെക്കുറിച്ച് മാധ്യമങ്ങളുടെയും രാഷ്ട്രീയ പാർട്ടികളുടെയും ശ്രദ്ധ കുറഞ്ഞുവരുന്ന സമയത്താണ് വിദ്യാർത്ഥികൾ പ്രകടനവുമായി മുന്നോട്ടു വന്നത്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന വിവിധ യോഗങ്ങളിൽ മധുരയിലെ Sant 'Alfonso Fuscos Higher Secondary School ന്റെ നേതൃത്വത്തിൽ മണിപ്പൂരിലെ ജനങ്ങളെ പിന്തുണയ്ക്കാനും അക്രമത്തിന്റെ ഇരകളുടെ അനുസ്മരണയ്ക്കുമായി ഒരു പ്രാർത്ഥനാ ജാഗരണം നടത്തിക്കൊണ്ട് വിദ്യാർത്ഥികൾ അവരുടെ വികാരങ്ങൾ പ്രകടിപ്പിക്കുകയും മണിപ്പൂരിൽ അക്രമങ്ങൾ അവസാനിപ്പിക്കാനും സമാധാനം പുന:സ്ഥാപിക്കാനുള്ള നടപടികൾ വേഗം സ്വീകരിക്കാനും സർക്കാരിനോടു ആവശ്യപ്പെടുകയും ചെയ്തു.
മണിപ്പൂരിലെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതവും വംശീയ സ്പർദ്ധയും മൂലം പല കുട്ടികൾക്കും മാതാപിതാക്കളും മാതാപിതാക്കൾക്ക് മക്കളും നഷ്ടപ്പെട്ടുവെന്നും അവർ അനുസ്മരിച്ചു. ധാരാളം പേർ ഭവനരഹിതരായി. ഭക്ഷണത്തിനും ക്ഷാമമുണ്ട്. ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്ന സംഘർഷത്തിൽ ഇതുവരെ ഏതാണ്ട് 100 പേരോളം കൊല്ലപ്പെടുകയും ആയിരത്തിലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
മണിപ്പൂരിലെ സമാധാനത്തിനും ഐക്യത്തിനുമായുള്ള അന്തർമത ഫോറം സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഇംഫാലിൽ സമ്മേളനം സംഘടിപ്പിക്കുകയും അക്രമം അവസാനിപ്പിക്കാനും സംഘർഷത്തിലേർപ്പെട്ടിരിക്കുന്ന ഗോത്രങ്ങളോടു ചർച്ചകൾ ആരംഭിക്കുവാനും അവശ്യപ്പെട്ടു. വിവിധ മതങ്ങളിലും വംശീയ സമൂഹങ്ങളിലും പെട്ടവരും ജൂലൈ 11ന് സംഘടിപ്പിച്ച സമ്മേളനത്തിൽ പങ്കെടുത്തു. സംഘർഷത്തിലേർപ്പെട്ടിരിക്കുന്ന മെയ്തെയ്, കുക്കി ഗോത്രങ്ങളോടു ഉടനെ അക്രമങ്ങൾ നിർത്തിവയ്ക്കാനും അവർ ആവശ്യപ്പെട്ടു. സമ്മേളനത്തിൽ കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമുള്ള പാർലമെന്റ് അംഗങ്ങൾ പങ്കെടുത്തു കൊണ്ട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു.
വിവിധ ക്രൈസ്തവ വിഭാഗങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ വി. മദർ തെരേസയുടെ കുഴിമാടത്തിൽ മണിപ്പൂരിൽ സമാധാനത്തിനായി പ്രാർത്ഥിക്കാൻ ഒരുമിച്ചു കൂടി. അക്രമത്തിലൂടെ മുതലെടുക്കാൻ ശ്രമിക്കുന്ന ദുഷിച്ച രാഷ്ട്രീയ കളിയെ അവർ അപലപിക്കുകയും ചെയ്തു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ക്രൈസ്തവ നേതാക്കൾ ജനങ്ങളുടെ ദുരിതങ്ങൾ നേരിട്ടു കണ്ടു മനസ്സിലാക്കുവാനും സംഘർഷങ്ങളുടെ മധ്യേ സമാധാനത്തിന്റെ സാന്നിധ്യമാകാനും സാധ്യമായതെല്ലാം ചെയ്യാനും മണിപ്പൂർ സന്ദർശിക്കാൻ തയ്യാറാണെന്നും അറിയിച്ചിട്ടുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: