തിരയുക

അടിമത്തത്തിനെതിരെ അടിമത്തത്തിനെതിരെ 

"അദൃശ്യരായ കൊച്ചടിമകൾ": മനുഷ്യക്കടത്തിനെതിരെ സേവ് ദി ചിൽഡ്രൻ

മനുഷ്യക്കടത്തിനെതിരായ അന്താരാഷ്ട്രദിനം പ്രമാണിച്ച്, "അദൃശ്യരായ കൊച്ചടിമകൾ" എന്ന പേരിലുള്ള റിപ്പോർട്ടിന്റെ പതിമൂന്നാമത് പതിപ്പ് സേവ് ദി ചിൽഡ്രൻ പുറത്തിറക്കി.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

മനുഷ്യക്കടത്തിനെതിരായ അന്താരാഷ്ട്രദിനാഘോഷവുമായി ബന്ധപ്പെട്ട്, കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടുന്ന സേവ് ദി ചിൽഡ്രൻ അന്താരാഷ്ട്ര സംഘടന "അദൃശ്യരായ കൊച്ചടിമകൾ" എന്ന റിപ്പോർട്ടിന്റെ പതിമൂന്നാം പതിപ്പ് ജൂലൈ 26-ന് പുറത്തിറക്കി. മനുഷ്യക്കടത്തിന് ഇരകളാകുന്നവരിൽ മൂന്നിലൊന്ന് പേരും കുട്ടികളാണെന്നും, ഇറ്റലിയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ഇപ്പോഴും ജോലിയുമായി ബന്ധപ്പെട്ട് ചൂഷണം അനുഭവിക്കുന്ന മാതാപിതാക്കളുടെ കുട്ടികൾക്ക് വിദ്യാഭ്യാസ, ആരോഗ്യരംഗങ്ങളിൽ ലഭിക്കേണ്ട ശ്രദ്ധയിൽ കുറവുണ്ടാകുന്നുണ്ടെന്നും സേവ് ദി ചിൽഡ്രൻ ജൂലൈ 26-ന് പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

ഇറ്റലിയിലെ കാർഷികത്തൊഴിൽ ചൂഷണസാധ്യതയുള്ള ലത്തീന, റഗൂസ പോലെയുള്ള പ്രദേശങ്ങളിലെ തൊഴിലാളികളുടെ മക്കൾക്ക് ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ ലഭിക്കേണ്ട അവകാശം ലംഘിക്കുന്ന ഒരു സംവിധാനത്തെയാണ് റിപ്പോർട്ടിൽ ഇത്തവണ അപലപിക്കുന്നത്. ഇത്തരം ലംഘനങ്ങൾക്ക് അറുതി വരുത്താൻ ബന്ധപ്പെട്ട മുൻസിപ്പാലിറ്റികളോടും സർക്കാർ വിഭാഗങ്ങളോടും സേവ് ദി ചിൽഡ്രൻ ആവശ്യപ്പെട്ടു.

2017-2020 കാലയളവിൽ ചൂഷണങ്ങൾക്കും മനുഷ്യക്കടത്തിനും ഇരകളായവരുടെ എണ്ണം 190,000 കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ നിരവധി ഇരകൾ ഇപ്പോഴും അദൃശ്യനായി തുടരുന്നുവെന്നാണ് സേവ് ദി ചിൽഡ്രന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നത്. കണക്കുകൾ പ്രകാരം മനുഷ്യക്കടത്ത് മൂലം ദുരിതമനുഭവിച്ചവരിൽ 42 ശതമാനം  സ്ത്രീകളും 35 ശതമാനം കുട്ടികളുമാണ്. തൊഴിൽ രംഗങ്ങളിൽ ഏതാണ്ട് 39 ശതമാനവും ലൈംഗികരംഗങ്ങളിൽ ഇതിനോടടുത്തും ആളുകൾ ചൂഷണം ചെയ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

കോവിഡ് മൂലം കഴിഞ്ഞ വർഷങ്ങളിൽ ഇത്തരം കേസുകൾ 11 ശതമാനം കുറഞ്ഞെങ്കിലും, നിയമപരമായ കുടിയേറ്റവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ, കാലാവസ്ഥാ പ്രതിസന്ധികൾ, വിവിധയിടങ്ങളിൽ തുടരുന്ന സംഘർഷങ്ങൾ തുടങ്ങിയവ ഈ ചൂഷണത്തോത് വർദ്ധിപ്പിച്ചിട്ടുണ്ട്. സഹാറായ്ക്ക് താഴെനിന്നുള്ള ആഫ്രിക്കൻ രാജ്യങ്ങളിൽനിന്ന് പുറത്തേക്ക് വന്നവരാണ് മനുഷ്യക്കടത്തിൽപ്പെട്ടവരിൽ 73 ശതമാനവും. മധ്യപൂർവദേശങ്ങളിൽനിന്നുള്ളവർ 11 ശതമാനമാണ്. യൂറോപ്പിൽ വലിയൊരു സംഘം ചൂഷണങ്ങളും രേഖപ്പെടുത്തപ്പെടാതെ പോകുന്നുണ്ടണെന്നാണ് കണക്കാക്കപ്പെടുന്നത്. 20192020 വർഷത്തിൽ 14,311 കേസുകളാണ് റെക്കോർഡ് ചെയ്യപ്പെട്ടത്.

ജൂലൈ 30-നാണ് മനുഷ്യക്കടത്തിനെതിരെയുള്ള അന്താരാഷ്ട്രദിനം ആഘോഷിക്കപ്പെടുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 July 2023, 16:46