തിരയുക

സുഡാനിലെ കാഴ്ച. സുഡാനിലെ കാഴ്ച.  (AFP or licensors)

സുഡാനിലെ ഡാർഫൂറിൽ അക്രമം അവസാനിപ്പിക്കണമെന്ന് സേവ് ദി ചിൽഡ്രൻ

മൂന്ന് മാസത്തോളം നീണ്ട സംഘർഷത്തിൽ ഡാർഫൂർ മേഖലയിൽ കുട്ടികളുൾപ്പെടെ നൂറുകണക്കിന് സാധാരണക്കാർ കൊല്ലപ്പെടുകയും തെരുവിൽ ഉപേക്ഷിക്കപ്പെടുകയും ചെയ്തുവെന്നും സ്‌കൂളുകൾ നശിപ്പിക്കപ്പെടുകയും കൊള്ളയും അക്രമവും തുടരുകയും ചെയ്യുന്നുവെന്ന് സേവ് ദി ചിൽഡ്രൻ സംഘടന ഔദ്യോഗിക പ്രസ്‌താവനയിൽ വ്യക്തമാക്കി.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

അപകടത്തിൽപ്പെടുന്ന ആൺകുട്ടികളെയും പെൺകുട്ടികളെയും രക്ഷിക്കാനും അവർക്ക് ഭാവി ഉറപ്പുനൽകാനും 100 വർഷത്തിലേറെയായി പോരാടുന്ന അന്താരാഷ്ട്ര സംഘടനയായ സേവ് ദി ചിൽഡ്രൻ സുഡാനിലെ ഡാർഫൂറിൽ മൂന്ന് മാസത്തോളം നടന്ന അക്രമത്തെ അപലപിക്കുകയും ശത്രുത ഉടനടി അവസാനിപ്പിക്കാൻ കക്ഷികളോടു അടിയന്തിരമായി ആവശ്യപ്പെടുകയും ചെയ്തു.

വെസ്റ്റ് ഡാർഫൂറിൽ നിന്നുള്ള സമീപകാല സംഭവങ്ങൾ കുട്ടികളും പുരുഷന്മാരും സ്ത്രീകളും വധിക്കുകയും, ആയുധ ധാരികൾ ഗ്രാമങ്ങളിൽ പ്രവേശിക്കുക്കുകയും, വീടുകൾ കൊള്ളയടിക്കുകയും കത്തിക്കുകയും, ജീവ൯ സംരക്ഷിക്കാ൯ ഓടിപ്പോകുന്ന ജനത്തിന്റെ നേരെ വെടിയുതിർക്കുകയും ചെയ്യുന്ന ഭയാനകമായ ചിത്രത്തെ വരച്ചുകാണിക്കുന്നു. ജെനീന നഗരത്തിൽ നിന്ന് പലായനം ചെയ്യാൻ നിർബന്ധിതരായ സേവ് ദി ചിൽഡ്രൻ സംഘടനാപ്രവർത്തകർ റോഡരികിൽ ഉപേക്ഷിക്കപ്പെട്ട് ഈച്ചകൾ പൊതിഞ്ഞ കുട്ടികൾ ഉൾപ്പെടെയുള്ള നൂറുകണക്കിന് ആളുകളുടെ മൃതദേഹങ്ങൾ കണ്ടതായി പറഞ്ഞു.

ജെനീനയ്ക്കും അതിർത്തിക്കും ഇടയിലുള്ള റോഡിൽ വെച്ച് നടന്ന വധശിക്ഷകളും സിവിലിയന്മാരെ കൊലപ്പെടുത്തുന്നതും സേവ് ദി ചിൽഡ്രൻ സംഘടനാ പ്രവർത്തകർ വിവരിച്ചു. പടിഞ്ഞാറൻ ഡാർഫൂറിലെ ഒരു നഗരത്തിൽ 20 കുട്ടികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട് പറയുന്നു. മെയ് മാസത്തിൽ, അതേ മേഖലയിൽ നടന്ന മറ്റൊരു ആക്രമണത്തിൽ അഞ്ച് സ്ത്രീകളും നാല് കുട്ടികളും ഉൾപ്പെടെ കുറഞ്ഞത് 40 സാധാരണക്കാർ കൊല്ലപ്പെടുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് മനുഷ്യാവകാശ കമ്മീഷ൯ രേഖപ്പെടുത്തി.

സൗത്ത് ഡാർഫൂറിൽ, സുഡാനീസ് ഗവൺമെന്റിന്റെ കണക്കനുസരിച്ച്, ജൂൺ 23 നും 27 നും ഇടയിൽ നൈല പട്ടണത്തിലുണ്ടായ ഏറ്റുമുട്ടലുകളുടെ ഫലമായി 30 പേർ കൊല്ലപ്പെടുകയും 45 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.  അക്രമം രൂക്ഷമായതിനെ തുടർന്ന് ഏപ്രിലിൽ 3.1 ദശലക്ഷത്തിലധികം ആളുകൾ പലായനം ചെയ്തുവെന്ന് ഐക്യരാഷ്ട്ര സഭയുടെ കണക്ക് വ്യക്തമാക്കി. അവരിൽ 7,00,000-ത്തിലധികം പേർ അയൽരാജ്യങ്ങളിലേക്ക് പലായനം ചെയ്തിട്ടുണ്ട്.

തെരുവിൽ താമസിക്കുന്ന എല്ലാവരുടെയും ക്ഷേമത്തിൽ തങ്ങൾക്ക് ആശങ്കയുണ്ടെന്നും, പ്രദേശത്തിന്റെ ചില ഭാഗങ്ങളിൽ, സ്ഥിതി പൂർണ്ണമായും നിയന്ത്രണാതീതമാണെന്നും സേവ് ദ ചിൽഡ്രൻ ഡയറക്ടർ ആരിഫ് നൂർ പറഞ്ഞു. അഭയം തേടുന്നവരെ സ്വാഗതം ചെയ്യാൻ രാജ്യങ്ങൾ അതിർത്തികൾ തുറന്നിടേണ്ടത് അനിവാര്യമാണെന്നും അതിർത്തിയുടെ ഇരുവശത്തുമുള്ള കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും ആവശ്യമായ പിന്തുണ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സംവിധാനങ്ങൾ നിലവിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംഘർഷങ്ങൾ, പ്രകൃതിദുരന്തങ്ങൾ, പകർച്ചവ്യാധികൾ, സാമ്പത്തിക തകർച്ച എന്നിവ കാരണം സുഡാൻ ഇതിനകം തന്നെ അതിന്റെ ഏറ്റവും മോശമായ മാനുഷിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 July 2023, 14:42