അത്യുന്നതനായ ദൈവവും സൃഷ്ടികളായ മനുഷ്യരും
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
തന്റെ വചനത്താൽ ആകാശവും ഭൂമിയും, പ്രപഞ്ചവും അതിലെ സകലതിനെയും സൃഷ്‌ടിച്ച ദൈവത്തെ സ്തുതിക്കുവാനും ആരാധിക്കുവാനും ആഹ്വാനം ചെയ്യുന്ന ഒരു ഗീതമാണ് മുപ്പത്തിമൂന്നാം സങ്കീർത്തനം. ദൈവത്തിന്റെ ശക്തിയുടെ മുന്നിൽ മനുഷ്യരുടെ വാക്കുകളുടെയും ബുദ്ധിശക്തിയുടെയും കരബലത്തിന്റെയും കഴിവുകളുടെയും ക്ഷണികതയും നിരർത്ഥകതയും സങ്കീർത്തകൻ എടുത്തുകാട്ടുന്നു. ദൈവത്താൽ സ്വീകാര്യരും സ്നേഹിക്കപ്പെടുന്നവരും ആകുവാനുള്ള വിളി തുറന്ന ഹൃദയത്തോടെയും സന്തോഷത്തോടെയും സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്യുമ്പോഴാണ് മനുഷ്യന് മഹത്വമേറുന്നതെന്ന് സങ്കീർത്തകൻ ഓർമ്മിപ്പിക്കുന്നു. സൃഷ്ടാവും പരിപാലകനുമായ ദൈവത്തിൽ ആശ്രയിക്കുന്ന മനുഷ്യൻ വിവേകപൂർണ്ണവും അനുഗ്രഹദായകവുമായ ഒരു തിരഞ്ഞെടുപ്പാണ് നടത്തുന്നത്. ജീവനേകുകയും പരിപാലിക്കുകയും ചെയ്യുന്ന ദൈവമാണ് മനുഷ്യന്റെ യഥാർത്ഥ ആശ്രയം.
കർത്താവിന് സ്തോത്രമേകുക
സങ്കീർത്തനത്തിന്റെ ആദ്യ മൂന്ന് വാക്യങ്ങൾ കർത്താവിന് സ്തോത്രമേകാൻ നീതിമാന്മാരോടുള്ള ദാവീദിന്റെ ക്ഷണമാണ്: "നീതിമാന്മാരെ കർത്താവിൽ ആനന്ദിക്കുവിൻ; സ്തോത്രം ആലപിക്കുന്നത് നീതിമാന്മാർക്കു യുക്തമാണല്ലോ. കിന്നരം കൊണ്ട് കർത്താവിനെ സ്തുതിക്കുവിൻ, പത്തു കമ്പിയുള്ള വീണ മീട്ടി അവിടുത്തേക്കു കീർത്തനമാലപിക്കുവിൻ. കർത്താവിന് ഒരു പുതിയ കീർത്തനമാലപിക്കുവിൻ; ഉച്ചത്തിൽ ആർപ്പുവിളികളോടെ വിദഗ്‌ധമായി തന്ത്രി മീട്ടുവിൻ" (സങ്കീ. 33, 1-3). കർത്താവിനെ സ്നേഹിക്കുകയും അവന്റെ പാതയിൽ നടക്കുകയും ചെയ്യുന്ന നീതിമാന്മാരെയാണ് ദൈവസ്‌തുതി ആലപിക്കാൻ ദാവീദ് ക്ഷണിക്കുന്നത്. മുപ്പത്തിരണ്ടാം സങ്കീർത്തനത്തിന്റെ അവസാനവാക്യത്തിൽ കർത്താവിന് സ്തോത്രമാലപിക്കുവാൻ നീതിമാന്മാർക്കുള്ള ക്ഷണത്തിന്റെ ഒരു അവർത്തനമാണിവിടെ നാം കാണുക. തന്റെ ജനത്തിന്റെ സ്തുതികളിൽ കർത്താവ് സംപ്രീതനാണ്. ജീവനേകുകയും അതിനെ സംരക്ഷിക്കുകയും ചെയ്യുന്ന ദൈവത്തിന് കീർത്തനമാലപിക്കുന്നത് യുക്തമാണല്ലോ. കർത്താവിനെ ദൈവമായി അംഗീകരിക്കുകയും അവന്റെ മാർഗ്ഗത്തിൽ ചരിക്കുകയും ചെയ്യുന്നവർക്കാണ് നിറഞ്ഞ ഹൃദയത്തോടോടെയും, ഉച്ചസ്വരത്തിൽ ആർപ്പുവിളികളോടെയും ദൈവത്തിന് സ്തോത്രമാലപിക്കാനാകുക.
സൃഷ്ടാവും പരിപാലകനുമായ ദൈവം
കർത്താവ് ആരെന്നും അവന്റെ ഔന്നത്യവുമാണ് നാലുമുതൽ ഒൻപത് വരെയുള്ള വാക്യങ്ങളിൽ സങ്കീർത്തകൻ എഴുതിച്ചേർക്കുക. അവൻ സത്യത്തിന്റെ വചനവും വിശ്വസനീയമായ പ്രവൃത്തികളും ഉള്ളവനും നീതിയും ന്യായവും ഇഷ്ടപ്പെടുകയും ചെയ്യുന്നവനാണ് (സങ്കീ. 33, 4-5). അവന്റെ കരുണയാണ് ഭൂമിയിൽ നിറഞ്ഞിരിക്കുന്നത്. നാലും അഞ്ചും വാക്യങ്ങളിൽ നാം വായിക്കുന്ന ദൈവത്തിന്റെ ഈയൊരു വിശേഷണത്തിന് ശേഷം തന്റെ തിരുവചനത്താൽ പ്രപഞ്ചത്തെ മുഴുവൻ സൃഷ്‌ടിച്ച ദൈവത്തെക്കുറിച്ചാണ് സങ്കീർത്തകൻ ആറുമുതൽ ഒൻപത് വരെയുള്ള വാക്യങ്ങളിൽ പറയുക. ആകാശവും, ആകാശഗോളങ്ങളും സൃഷ്ടിക്കപ്പെട്ടത് ദൈവത്തിന്റെ വചനത്താലാണ് (സങ്കീ. 33, 6). ഭൗമോപരിതലത്തിലെ സമുദ്രജലത്തെ മുഴുവൻ ഒരുമിച്ചുകൂട്ടിയതും, കരയും ജലവും വേർതിരിച്ചതും ദൈവമാണ് (സങ്കീ. 33, 7). ലോകസ്ഥാപനത്തിന് കാരണമാകുകയും, അതിനെ സുസ്ഥിതമാക്കുകയും ചെയ്‌ത ദൈവത്തെ സകലത്തിന്റെയും സൃഷ്ടാവ് എന്ന തിരിച്ചറിവിൽനിന്നുളവാകുന്ന ഭയഭക്തിബഹുമാനങ്ങളോടെ വണങ്ങുവാൻ ഏവരും കടപ്പെട്ടിരിക്കുന്നു ((സങ്കീ. 33, 8-9). ദൈവത്തിന്റെ ഔന്ന്യത്യത്തെക്കുറിച്ചും മഹത്വത്തെക്കുറിച്ചുമുള്ള തിരിച്ചറിവാണ് അവനെ സ്നേഹിക്കാനും അവന് ആദരവോടെ സ്തോത്രമാലപിക്കാനും അവന്റെ സൃഷ്ടികളായ നമ്മെ ബോധവാന്മാരാക്കുന്നത്.
എന്നും നിലനിൽക്കുന്ന ദൈവികപദ്ധതികൾ
പത്തും പതിനൊന്നും വാക്യങ്ങളിൽ ദൈവിക പദ്ധതികളുടെ ശാശ്വതത്വവും മാനുഷികപദ്ധതികളുടെ ക്ഷണികതയും സങ്കീർത്തകൻ എടുത്തുകാണിക്കുന്നു: “കർത്താവ് ജനതകളുടെ ആലോചനകളെ വ്യർത്ഥമാക്കുന്നു; അവരുടെ പദ്ധതികളെ അവിടുന്ന് തകർക്കുന്നു. കർത്താവിന്റെ പദ്ധതികൾ ശാശ്വതമാണ്; അവിടുത്തെ ചിന്തകൾ തലമുറകളോളം നിലനിൽക്കുന്നു" (സങ്കീ. 33, 10-11). ദൈവത്തെ കൂടാതെയും, ദൈവത്തിൽ അടിസ്ഥാനമിടാതെയുമുള്ള വെറും മാനുഷികപദ്ധതികൾക്ക് ആയുസ്സേറെയില്ല. എന്നാൽ കർത്താവിന്റേത് ശാശ്വതമായ പദ്ധതികളും, തലമുറകളോളം നീണ്ടുനിൽക്കുന്ന ചിന്തകളുമാണ്. തന്നിൽ ശരണമർപ്പിക്കുകയും, തന്റെ മാർഗ്ഗത്തിൽ ചരിക്കുകയും ചെയ്യുന്ന തന്റെ ജനത്തിന്റെ, നീതിമാന്മാരുടെ മാർഗ്ഗങ്ങളും പദ്ധതികളും അർത്ഥപൂർണ്ണവും സുസ്ഥിരവുമാക്കുന്നത് കർത്താവാണ്. മാനുഷികമായ പരിധികളും പരിമിതികളും സ്വാർത്ഥതയും നിറഞ്ഞ പദ്ധതികളെ ദൈവം അംഗീകരിക്കുന്നില്ല. കർത്താവിനെ ദൈവമായി സ്വീകരിക്കുകയും, ദൈവത്തിന്റെ സ്വന്തമായി ജീവിക്കുകയും ചെയ്യുന്ന മനുഷ്യരാണ് ദൈവത്തിന്റെ മനസ്സറിഞ്ഞ്, അവന്റെ ഹിതത്തോട് ചേർന്ന് പ്രവർത്തിക്കുന്നത്. അവർ അനുഗ്രഹീതരാണെന്ന് പന്ത്രണ്ടാം വാക്യം നമുക്ക് മനസ്സിലാക്കിത്തരുന്നു: "കർത്താവ് ദൈവമായുള്ള ജനവും അവിടുന്ന് തനിക്കുവേണ്ടി തിരഞ്ഞെടുത്ത ജനതയും ഭാഗ്യമുള്ളവരാണ്" (സങ്കീ. 33, 12). നമ്മുടെ പദ്ധതികളും ചിന്തകളും സുസ്ഥിരവും സാധിതവുമാകുന്നത് ദൈവഹിതത്തോട് ചേർന്ന് പ്രവർത്തിക്കുമ്പോഴാണ്.
ദുർബലരായ മനുഷ്യരും കർത്താവിന്റെ കാരുണ്യവും
സങ്കീർത്തനത്തിന്റെ പതിമൂന്ന് മുതൽ പത്തൊൻപത് വരെയുള്ള വാക്യങ്ങളിൽ മനുഷ്യരുടെ നിസ്സാരതയും തന്നിൽ ആശ്രയിക്കുന്ന മനുഷ്യർക്ക് ദൈവമേകുന്ന സംരക്ഷണവുമാണ് പ്രതിപാദ്യവിഷയമാകുന്നത്. തന്റെ സിംഹാസനത്തിൽനിന്ന് മനുഷ്യരെ നോക്കിക്കാണുകയും, അവരെയും അവരുടെ ഹൃദയവിചാരങ്ങളെയും വ്യക്തമായി മനസ്സിലാക്കുകയും ചെയ്യുന്നവനാണ് ദൈവം. ദൈവത്തിൽനിന്ന് അകന്ന്, സ്വന്തം കരബലത്തിലും ബുദ്ധിശക്തിയിലും രക്ഷ തേടുന്നവന്റെ നിസ്സാരതയും അർത്ഥശൂന്യതയും നാം മുൻപുള്ള വാക്യങ്ങളിൽ മനസ്സിലാക്കിയത് ഇവിടെ സങ്കീർത്തകൻ ആവർത്തിക്കുന്നു. സ്വന്തം കരുത്താൽ യോദ്ധാവ് മോചിതനാകുന്നില്ല, പടക്കുതിരയുടെ വലിയ ശക്തിയാൽ മാത്രം വിജയം നേടാനുമാകില്ല. കാരുണ്യവാനും സംരക്ഷകനുമായ ദൈവത്തിൽ ആശ്രയിക്കുകയും, അവനിൽ പ്രത്യാശയർപ്പിക്കുകയും ചെയ്യുകയാണ് രക്ഷ നേടാൻ നാം ചെയ്യേണ്ടതെന്ന് സങ്കീർത്തനത്തിന്റെ പതിനെട്ടും പത്തൊൻപതും വാക്യങ്ങൾ നമ്മെ ഉദ്ബോധിപ്പിക്കുന്നു. ഇല്ലായ്മകളുടെ മുന്നിലും ക്ഷാമത്തിലും തന്റെ നീതിമാന്റെ ജീവനെ കാക്കുന്നതും അവനെ പരിപാലിക്കുന്നതും കർത്താവ് മാത്രമാണ്.
ദൈവത്തിൽ ആശ്രയമർപ്പിച്ചു ജീവിക്കുക
ദൈവത്തിന്റെ മഹത്വവും മനുഷ്യരുടെ നിസ്സാരതയും വിവരിച്ച സങ്കീർത്തകൻ സങ്കീർത്തനത്തിന്റെ അവസാന മൂന്ന് വാക്യങ്ങളിൽ ദൈവത്തിൽ അഭയം തേടാനും, അവനിൽ ആനന്ദിക്കാനുമുള്ള ക്ഷണമാണ് നൽകുന്നത്: "നാം കർത്താവിനുവേണ്ടി കാത്തിരിക്കുന്നു, അവിടുന്നാണ് നമ്മുടെ സഹായവും പരിചയും. നമ്മുടെ ഹൃദയം കർത്താവിൽ സന്തോഷിക്കുന്നു; എന്തെന്നാൽ, നമ്മൾ അവിടുത്തെ വിശുദ്ധ നാമത്തിൽ ആശയിക്കുന്നു. കർത്താവേ, അങ്ങയുടെ കാരുണ്യം ഞങ്ങളുടെമേൽ ചൊരിയണമേ! ഞങ്ങൾ അങ്ങയിൽ പ്രത്യാശ അർപ്പിച്ചിരിക്കുന്നു" (സങ്കീ. 33, 20-22). സങ്കീർത്തകന്റെ ഈ വാക്കുകൾ ഒരു പ്രഖ്യാപനവും അതേസമയം ഒരു ആഹ്വാനവുമാണ്. നൂറ്റിപ്പതിനഞ്ചാം സങ്കീർത്തനം ഒൻപതാം വാക്യത്തിലും നാം ഇതിന് സമാനമായ ഒരു സന്ദേശം കാണുന്നുണ്ട്: "ഇസ്രായേലേ കർത്താവിൽ ആശ്രയിക്കുവിൻ; അവിടുന്നാണ് നിങ്ങളുടെ സഹായവും പരിചയും" (സങ്കീ. 115, 9). ദൈവത്തെ സ്തുതിക്കുകയും, വിവിധ രീതികളിൽ വെളിവാകുന്ന അവന്റെ മഹത്വവും കരുണയും ആലപിക്കുകയും ചെയ്ത സങ്കീർത്തകൻ, ജനത്തോട് കരുണാമയനായ ഈ ദൈവത്തിൽ പ്രത്യാശയർപ്പിക്കാനും, അവന്റെ നാമത്തിൽ ആശ്രയിക്കാനും ആവശ്യപ്പെടുന്നു. സഹായകനും സംരക്ഷകനുമായ ദൈവം കൂടെയുള്ള ജനത്തിന്റെ ഹൃദയം ആനന്ദത്താൽ നിറയും.
സങ്കീർത്തനം ജീവിതത്തിൽ
പ്രപഞ്ചത്തെയും അതിലെ സകലതിനെയും സൃഷ്ടിക്കുകയും മനുഷ്യനെ തന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിച്ച് ജീവനും സംരക്ഷണവുമേകിയ കർത്താവിൽ ആശ്രയമർപ്പിക്കാനും അവനു സ്തോത്രമാലപിക്കാനും വിശ്വാസികളെ ആഹ്വാനം ചെയ്യുന്ന മുപ്പത്തിമൂന്നാം സങ്കീർത്തനം ദൈവസ്തുതിയുടെ മനോഹരമായ ഒരു ഉദാഹരണമാണ്. ദൈവമേകിയ ജീവനും സ്നേഹവും സംരക്ഷണവും കരുതലും തിരിച്ചറിയുന്ന ഒരുവനാണ് ദൈവത്തിൽ ഹൃദയം നിറഞ്ഞ് ആനന്ദിക്കാനും, അവന്റെ സ്തുതികൾ പാടാനുമാകുക. സകലത്തിന്റെയും നാഥനായ ദൈവത്തിൽനിന്ന് അകന്നുള്ള ഒരു ജീവിതത്തിന്റെയും പദ്ധതികളുടെയും ക്ഷണികതയിലേക്കും അർത്ഥമില്ലായ്മയിലേക്കും ഈ സങ്കീർത്തനം നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നുണ്ട്. കർത്താവിനെ നാഥനും രക്ഷകനുമായി തിരിച്ചറിയുകയും അംഗീകരിക്കുകയും കിന്നരവും വീണയും മീട്ടി, ഹൃദയത്തിന്റെ നിറവിൽനിന്നൊഴുകുന്ന നന്ദിയുടെ കീർത്തനങ്ങൾ സങ്കീർത്തകനും ദൈവജനത്തിനുമൊപ്പം നമുക്കും അനുദിനം ആലപിക്കാം. തന്റെ അനന്തമായ കാരുണ്യവും സംരക്ഷണവും നിരന്തരം അനുഭവിക്കുവാൻ നമ്മിലും ദൈവം കനിവാകട്ടെ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: