കർത്താവിനാൽ ക്ഷമിക്കപ്പെടുന്നവർ അനുഗ്രഹീതർ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
പാപങ്ങൾക്ക് മോചനം ലഭിക്കുന്നതിലെ ആനന്ദത്തെക്കുറിച്ച് നമ്മെ ഓർമ്മിപ്പിക്കുന്ന ദാവീദിന്റെ പ്രബോധനാഗീതമാണ് മുപ്പത്തിരണ്ടാം സങ്കീർത്തനം. ഏഴു പശ്ചാത്താപസങ്കീർത്തനങ്ങളിൽ (6, 32, 38, 51, 102, 130) രണ്ടാമത്തേതാണിത്. പാപപരിഹാരബലിയുടെ അവസരത്തിൽ ആലപിക്കപ്പെട്ടിരുന്ന ഗാനമായിരിക്കാം ഇതെന്ന് കരുതപ്പെടുന്നു. ദൈവം നമ്മോട് കരുണ കാണിക്കുകയും പാപങ്ങൾ ക്ഷമിക്കുകയും ശിക്ഷയിൽനിന്ന് ഒഴിവാക്കുകയും ചെയ്യുന്നതിലെ സന്തോഷവും, കർത്താവ് കുറ്റം ചുമത്താത്ത, ഹൃദയത്തിൽ വചനയില്ലാത്ത ഒരുവൻ അനുഭവിക്കുന്ന ആനന്ദവുമാണ് ഇവിടെ ദാവീദ് എഴുതിവയ്ക്കുക. പാപം ദൈവത്തിനെതിരായുള്ള ഒരുവന്റെ വ്യക്തിപരമായ പ്രവൃത്തിയും, അതിന്റെ പരിണിതഫലങ്ങളായ നിരാശയും ദൈവികചൈതന്യത്തിന്റെ മങ്ങലും ഉൾച്ചേരുന്നതാണ്. പാപങ്ങളും തിന്മകളും മനുഷ്യാത്മാവിലും ശരീരത്തിലും ദൗർബല്യവും തകർച്ചയുമാകുമ്പോൾ, ദൈവത്തോട് പാപങ്ങൾ ഏറ്റുപറഞ്ഞ് മാപ്പപേക്ഷിക്കുന്നതും, അവന്റെ കരുണയിൽ പാപങ്ങൾ പൊറുക്കപ്പെടുന്നതും ജീവിതത്തിന് രക്ഷയും അനുഗ്രഹവും ആനന്ദവുമായി മാറുന്നു. ദൈവത്തിൽ ആശ്രയിച്ച്, അവന്റെ സ്നേഹവലയത്തിൽ ജീവിച്ച് കർത്താവിന് ആഹ്‌ളാദത്തോടെ നന്ദി പറയുവാൻ ഈ സങ്കീർത്തനം നമ്മെ ക്ഷണിക്കുന്നു.
കർത്താവിനാൽ ക്ഷമിക്കപ്പെടുന്ന ഭാഗ്യവാന്മാർ
സങ്കീർത്തനത്തിന്റെ ആദ്യ രണ്ടു വാക്യങ്ങൾ, ദൈവത്തിന്റെ കരുണ ബലഹീനരും ദൈവത്തിൽ ആശ്രയിക്കുന്നവരുമായ മനുഷ്യരിൽ ഉളവാക്കുന്ന ആനന്ദത്തെക്കുറിച്ചുള്ളതാണ്: "അതിക്രമങ്ങൾക്കു മാപ്പും പാപങ്ങൾക്കു മോചനവും ലഭിച്ചവൻ ഭാഗ്യവാൻ. കർത്താവു കുറ്റം ചുമത്താത്തവനും ഹൃദയത്തിൽ വഞ്ചനയില്ലാത്തവനും ഭാഗ്യവാൻ" (സങ്കീ. 32, 1-2). രണ്ടു ജ്ഞാനസൂക്തങ്ങളാണിവ. ദാവീദ് തന്റെ വ്യക്തിജീവിതത്തിൽ അനുഭവിച്ചറിഞ്ഞ അനുഗ്രഹമാണ് ഇവിടെ സാക്ഷ്യപ്പെടുത്തുന്നത്. തനിക്ക് മുൻപിൽ തുറക്കപ്പെടുന്ന ഹൃദയത്തിന്റെ അനുതാപം കർത്താവിന് സ്വീകാര്യമാണ്. പശ്ചാത്തപിക്കുന്ന ഒരുവന്റെ പാപങ്ങൾ നാശകാരണമെന്നതിനേക്കാൾ അനുഗ്രഹദായകമായി മാറുന്നു. ദൈവത്തിന് പ്രിയപ്പെട്ടവനായിരുന്നിട്ടും, ദാവീദ് തന്റെ ജീവിതത്തിൽ ആത്മീയതകർച്ചയിലൂടെയും പാപങ്ങളിലൂടെയും കടന്നുപോയിട്ടുണ്ട്. ഒരു പാപിയായിരുന്നതുകൊണ്ടുതന്നെ, പാപത്തിന്റെ ഗൗരവത്തെക്കുറിച്ചും, ദൈവത്താൽ ക്ഷമിക്കപ്പെടുന്നതിൽ ലഭിക്കുന്ന ആനന്ദത്തെക്കുറിച്ചും ദാവീദിന് തന്റെ ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ സാക്ഷ്യപ്പെടുത്തുവാൻ സാധിക്കും. പാപം ഭരിക്കുന്ന ഒരു മനഃസാക്ഷിക്ക് ക്ഷമിക്കപ്പെടുന്നതിലെ ആശ്വാസം തിരിച്ചറിയാനാകില്ല. തെറ്റുകൾ തിരിച്ചറിഞ്ഞ്, പാപപ്പൊറുതിയപേക്ഷിച്ച്, ദൈവത്താൽ ക്ഷമിക്കപ്പെട്ട്, വഞ്ചനയില്ലാത്ത, തുറന്ന, ഒരു ഹൃദയത്തോടെ ജീവിക്കുന്നതിലെ ആനന്ദം അതിതീവ്രമാണ്.
തിന്മയാൽ ഭരിക്കപ്പെടുന്ന മനുഷ്യൻ
സങ്കീർത്തനത്തിന്റെ മൂന്നും നാലും വാക്യങ്ങൾ പാപത്തിൽ തുടരുന്ന, തിന്മയാൽ നയിക്കപ്പെടുന്ന ഒരുവൻ അനുഭവിക്കുന്ന ദുരവസ്ഥയെക്കുറിച്ചാണ് പറയുക: "ഞാൻ പാപങ്ങൾ ഏറ്റുപറയാതിരുന്നപ്പോൾ ദിവസം മുഴുവൻ കരഞ്ഞ് എന്റെ ശരീരം ക്ഷീണിച്ചുപോയി. രാവും പകലും അങ്ങയുടെ കരം എന്റെ മേൽ പതിച്ചിരുന്നു; വേനൽക്കാലത്തെ ചൂടുകൊണ്ടെന്നപോലെ എന്റെ ശക്തി വരണ്ടുപോയി" (സങ്കീ. 32, 3-4). സങ്കീർത്തകനായ ദാവീദും പാപത്തിന്റെ അടിമത്തത്തിൽ കഴിഞ്ഞവനാണ്. അതുകൊണ്ടുതന്നെ എല്ലാമറിയുന്ന ദൈവത്തിന് മുൻപിൽ ഹൃദയകാഠിന്യത്തോടെ സ്വന്തം തിന്മകൾ മറച്ചുപിടിക്കാൻ അവൻ ശ്രമിച്ചിരുന്നു. പാപം ഹൃദയത്തിൽ ഒളിപ്പിക്കുന്നവൻ ദൈവത്തിന്റെ കരുണയ്ക്ക് നേരെയാണ് ഹൃദയം അടച്ചുപിടിക്കുന്നത്. തന്നെ സംരക്ഷിക്കുന്ന ദൈവത്തെ തിരിച്ചറിയാനാകാത്തവിധം തിന്മയാൽ അവന്റെ കണ്ണുകൾ മൂടപ്പെട്ടിരുന്നു. അനുതാപത്തിന്റെ ചൂടും പാപബോധത്തിന്റെ വരൾച്ചയും ദൈവസ്നേഹത്തിലേക്ക് തിരികെ വരുവാൻ ദൈവം നൽകുന്ന ക്ഷണവും അനുഗ്രഹവുമാണ്.
ദൈവത്തിനായി ഹൃദയം തുറക്കുക
തന്റെ ജീവിതത്തിൽ അനുഗ്രഹമായി മാറിയ അനുതാപത്തെക്കുറിച്ചും ദൈവത്തോടുള്ള ഏറ്റുപറച്ചിലിനെക്കുറിച്ചുമാണ് അഞ്ചുമുതൽ ഏഴുവരെയുള്ള വാക്യങ്ങളിൽ ദാവീദ് എഴുതുന്നത്: "എന്റെ പാപം അവിടുത്തോടു ഞാൻ ഏറ്റുപറഞ്ഞു; എന്റെ അകൃത്യം ഞാൻ മറച്ചുവച്ചില്ല; എന്റെ അതിക്രമങ്ങൾ കർത്താവിനോടു ഞാൻ ഏറ്റുപറയും എന്ന് ഞാൻ പറഞ്ഞു; അപ്പോൾ എന്റെ പാപം അവിടുന്ന് ക്ഷമിച്ചു. ആകയാൽ ദൈവഭക്തർ ആപത്തിൽ അവിടുത്തോടു പ്രാർത്ഥിക്കട്ടെ; കഷ്ടത കരകവിഞ്ഞ് ഒഴുകിയാലും അത് അവരെ സമീപിക്കുകയില്ല. അവിടുന്ന് എന്റെ അഭയസങ്കേതമാണ്; അനർത്ഥങ്ങളിൽ നിന്ന് അവിടുന്നെന്നെ രക്ഷിക്കുന്നു; രക്ഷകൊണ്ട് എന്നെ പൊതിയുന്നു" (സങ്കീ. 32, 5-7). പാപത്തിന്റെ അധിപത്യത്തിലായ മനുഷ്യൻ തന്റെ ഹൃദയം ദൈവകൃപയ്ക്ക് നേരെ അടച്ചുപിടിക്കുമ്പോൾ, അനുതാപത്തിലൂടെ ദൈവസ്നേഹത്തിലേക്ക് തിരികെ വരുവാൻ സാധിച്ച തന്റെ ജീവിതസാക്ഷ്യമാണ് ഒരു ക്ഷണമായി ദാവീദ് നമുക്ക് മുൻപിൽ വയ്ക്കുന്നത്. പാപം ഒരുവന്റെ ജീവിതത്തെ ദൈവത്തിൽനിന്ന് അകറ്റുമ്പോൾ, അനുതപിക്കാത്ത ഒരു ഹൃദയം ദൈവാനുഗ്രഹത്തിനുനേരെയാണ് കണ്ണുകളടയ്ക്കുന്നത്. അത്തരമൊരു ദുരവസ്ഥയിൽനിന്ന് അനുതാപത്തിലൂടെ ദൈവത്തിലേക്ക് ഹൃദയം തുറക്കുമ്പോൾ അനുഗ്രഹങ്ങളുടെ പെരുമഴയാണ് ദൈവം ഒഴുക്കുന്നത്. ദൈവത്തിന്റെ കരുണയെക്കുറിച്ചുള്ള ബോധ്യമാണ് അനുതാപത്തിലേക്ക് നമ്മെ നയിക്കുന്നത്. അനുതപിക്കുന്ന പാപികളെ തിന്മയുടെ ചുഴിയിൽനിന്ന് കർത്താവ് കരംപിടിച്ചുയർത്തുകയും, തന്റെ കരുണയാൽ രക്ഷ കൊണ്ട് പൊതിഞ്ഞ് അവരെ അനുഗ്രഹിക്കുകയും ചെയ്യും.
പാപമാർഗ്ഗങ്ങൾ വെടിഞ്ഞ് ആനന്ദത്തിൽ ജീവിക്കാനുള്ള ക്ഷണം
സങ്കീർത്തനത്തിന്റെ എട്ടുമുതൽ പതിനൊന്ന് വരെയുള്ള അവസാനഭാഗത്ത്, തന്റെ തന്നെ ജീവിതാനുഭവങ്ങളുടെ പശ്ചാത്തലത്തിൽ, തിന്മയിലും, അതിന്റെ അനന്തരഫലങ്ങളിലും നിന്ന് അകന്നു ജീവിക്കാനും, പാപത്തിന്റെ മൗഢ്യത വെടിഞ്ഞ്, കർത്താവിൽ ആനന്ദിച്ച് ആഹ്ളാദത്തോടെ ജീവിക്കുവാനുള്ള ആഹ്വാനമാണ് ദാവീദ് നൽകുന്നത്: "ഞാൻ നിന്നെ ഉപദേശിക്കാം; നീ നടക്കേണ്ട വഴി കാണിച്ചുതരാം; ഞാൻ നിന്റെ മേൽ ദൃഷ്ടിയുറപ്പിച്ചു നിന്നെ ഉപദേശിക്കാം. നീ കുതിരയെയും കോവർകഴുതയെയും പോലെ ബുദ്ധിയില്ലാത്തവനാകരുത്; കടിഞ്ഞാൺ കൊണ്ട് നിയന്ത്രിച്ചില്ലെങ്കിൽ അവ നിന്റെ വരുതിയിൽ നിൽക്കുകയില്ല. ദുഷ്ടർ അനുഭവിക്കേണ്ട വേദനകൾ വളരെയാണ്; കർത്താവിൽ ആശ്രയിക്കുന്നവനെ അവിടുത്തെ സ്നേഹം വലയം ചെയ്യും. നീതിമാന്മാരെ കർത്താവിൽ ആനന്ദിക്കുവിൻ; പരാമർത്ഥഹൃദയരെ, ആഹ്ളാദിച്ച് ആർത്തുവിളിക്കുവിൻ" (സങ്കീ. 32, 8-11). പാപത്താൽ നയിക്കപ്പെടുന്ന ഒരുവന്റെ ഹൃദയത്തിന്റെയും ശരീരത്തിന്റെയും അഭിലാഷങ്ങൾ, നന്മയായ ദൈവത്തിൽനിന്ന് അവനെ അകറ്റുകയും വേദനകളുടെയും തകർച്ചയുടെയും അവസ്ഥകളിലേക്ക് നയിക്കുകയും ചെയ്യും. എന്നാൽ അനുതാപത്തോടെ തന്നിലേക്ക് തിരികെ വരുന്ന തന്റെ ഭക്തരെ സ്നേഹത്താൽ പൊതിഞ്ഞുപിടിക്കുകയും, പാപമോചനമേകി അവരെ തിരികെ യഥാർത്ഥ സ്വാതന്ത്ര്യത്തിലേക്ക്, നിർമ്മലമായ ഒരു ഹൃദയമേകി, പുതുജീവിതത്തിലേക്ക് നയിക്കുന്നവനാണ് കർത്താവ്. ദാവീദ് പ്രവാചകസ്വരത്തിൽ നൽകുന്ന ഈ ആഹ്വാനത്തിലൂടെ, അനുതാപത്തിലേക്കും ആനന്ദത്തിന്റെ അനുഭവത്തിലേക്കും തന്റെ ജനത്തെ തിരികെ വിളിക്കുന്നത് കർത്താവാണ്.
സങ്കീർത്തനം ജീവിതത്തിൽ
മുപ്പത്തിരണ്ടാം സങ്കീർത്തനവരികളിലൂടെ കടന്നുപോകുമ്പോൾ, പാപത്തിന്റെ അടിമത്തത്തിൽ കഴിയുന്ന മനുഷ്യർക്ക് അനുതാപത്തിലൂടെ ദൈവസ്നേഹത്തിന്റെ പ്രകാശത്തിലേക്കും ദൈവസാന്നിധ്യമേകുന്ന ആനന്ദത്തിലേക്കുമുള്ള കരുണാമയനായ കർത്താവിന്റെ വിളിയുടെ സ്വരമാണ് നമുക്ക് തിരിച്ചറിയാനാകുക. പാപം ദുഃഖത്തിലേക്കും അന്ധകാരത്തിലേക്കുമാണ് നയിക്കുകയെന്നും, ദൈവത്തിൽ ശരണപ്പെട്ട്, അനുതാപത്തോടെ തിരികെയെത്തിയാൽ, ദൈവകരുണയാൽ നാം വലയം ചെയ്യപ്പെടുമെന്നും, ദുരിതങ്ങളുടെ ആഴക്കടലിൽനിന്നും കർത്താവ് നമ്മെ കരം പിടിച്ചുയർത്തുമെന്നുമുള്ള ബോധ്യത്തോടെ ജീവിക്കാൻ ദാവീദിന്റെ ഈ അനുതാപപ്രബോധനഗീതം നമ്മെ ഉദ്ബോധിപ്പിക്കുന്നുണ്ട്. കർത്താവിൽ ആഹ്ളാദിക്കുവാനും സന്തോഷിക്കുവാനും ദാവീദിലൂടെ കർത്താവ് നൽകുന്ന ക്ഷണം സ്വീകരിക്കുവാനും, അനുതാപത്തിലൂടെ പാപാന്ധകാരത്തിൽനിന്ന് പുറത്തുവരാനും, നിർമ്മലമായ മനഃസാക്ഷിയോടെ, വഞ്ചനയില്ലാത്ത ഹൃദയത്തോടെ, ദൈവസ്നേഹമേകുന്ന ആനന്ദമനുഭവിക്കുവാനും നമ്മിലും കർത്താവിന്റെ കരുണയും അനുഗ്രഹങ്ങളും വർഷിക്കപ്പെടട്ടെ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: