ആഗോളതാപനവും നമ്മുടെ പൊതുഭവനമായ ഭൂമിയും
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
ലോകമെമ്പാടും ഏറെ ശ്രദ്ധയോടെ നോക്കിക്കാണുന്ന ഒരു പ്രതിസന്ധിയാണ് ആഗോളതാപനം. ഭൂമിയിൽ അനുഭവപ്പെടുന്ന ചൂട് ക്രമാതീതമായും, മുൻപില്ലാത്ത രീതിയിലും വർദ്ധിക്കുന്ന ഈയൊരു പ്രതിഭാസം മനുഷ്യരുടെ ജീവിതത്തെ മാത്രമല്ല ദുർഘടമാക്കുന്നത്. മറ്റു ജീവജാലങ്ങളുടെ അതിജീവനവും പ്രകൃതിയുടെ തന്നെ നിലനിൽപ്പിനെയും ചോദ്യം ചെയ്യുന്ന നിലയിലേക്ക് ഈയൊരു പ്രതിസന്ധി വളർന്നുവന്നുകൊണ്ടിരിക്കുകയാണ്. ഈയൊരു സാഹചര്യത്തിൽ ആഗോളതാപനം യഥാർത്ഥത്തിൽ എന്താണ്, ഇതിനെ തടയുവാനുള്ള പരിഹാരമാർഗ്ഗങ്ങൾ എന്തെങ്കിലും ഉണ്ടോ എന്നിങ്ങനെയുള്ള ചിന്തകളിലേക്കാണ് നമ്മുടെ ഇന്നത്തെ വിചിന്തനത്തിലൂടെ നാം സഞ്ചരിക്കാൻ ശ്രമിക്കുന്നത്.
ആഗോളതാപനം
ഭൂമിയുടെ ഉപരിതലത്തിലും അന്തരീക്ഷത്തിലും മുമ്പുകാലങ്ങളിൽ ഉണ്ടായിരുന്നതിനേക്കാൾ കൂടുതലായും ക്രമാതീതമായും താപനില ഉയരുന്നതിനെയാണ് ആഗോളതാപനം എന്ന പ്രതിഭാസമായി നാം വിശേഷിപ്പിക്കുന്നത്. അന്തരീക്ഷത്തിൽ കാർബൺഡൈ ഓക്‌സൈഡ്, മീഥേൻ, നൈട്രസ് ഓക്‌സൈഡ് തുടങ്ങിയ ഹരിതഗൃഹവാതകങ്ങളുടെ അളവ് വർദ്ധിക്കുന്നതാണ് ആഗോളതലത്തിൽ താപനില വർദ്ധിക്കുവാൻ കാരണമായി ഗവേഷകർ പറയുന്നത്. സൂര്യനിൽനിന്നും ഭൗമോപരിതലത്തിലെത്തുന്ന പ്രകാശവും താപവും വഹിക്കുന്ന, നാം സൂര്യരശ്മികൾ എന്ന് വിളിക്കുന്ന, ആവൃത്തി, ഫ്രീക്വൻസി കൂടിയ കിരണങ്ങളിൽ നല്ലൊരു പങ്കും സാധാരണരീതിയിൽ മേഘങ്ങളിലും, സമുദ്രജലോപരിതലത്തിലും ഹിമാവരണത്തിലും ഒക്കെ തട്ടി പ്രതിഫലിച്ചുപോവുകയാണ് ചെയ്യുന്നത്. ചെറിയൊരു പങ്ക് താപം മാത്രമായിരുന്നു ഭൂമിയും, ജലവും ഒക്കെ ആഗിരണം ചെയ്തിരുന്നത്. സൂര്യകിരണങ്ങൾ ഭൂമിയിൽ പതിച്ച് ഭൂമിയിലെ താപനില കൂടുതലായി ഉയരുമ്പോൾ ഭൂമിയിൽനിന്ന് ഉത്സർജിക്കപ്പെടുന്ന ഇൻഫ്രാറെഡ് രശ്മികളും, ഭൂമിയുടെ വിവിധ ഭാഗങ്ങളിൽ പ്രതിഫലിച്ച് പുറത്തേക്ക് പോകുന്ന സൂര്യകിരണങ്ങളും തടസമില്ലാതെ സഞ്ചരിച്ചിരുന്നതുകൊണ്ട്, ഭൂമിയിലെ താപനില ക്രമാതീതമായി വർദ്ധിച്ചിരുന്നില്ല. എന്നാൽ അതേസമയം, ഭൗമാന്തരീക്ഷത്തിലെ ചില വാതകങ്ങൾ, ഭൂമിയിൽ ജീവയോഗ്യമായ താപനില കൈവരിക്കുന്നതിന് സഹായകമായ രീതിയിൽ ചൂട് നിലനിറുത്താൻ സഹായിക്കുകയും ചെയ്തിരുന്നു. അന്തരീക്ഷം ഇല്ലാത്ത ചന്ദ്രനെപ്പോലെയുള്ള ഇടങ്ങളിൽ ജീവൻ നിലനിൽക്കാനുള്ള ചൂട് ഇല്ലാത്തതിന് കാരണം ഇത്തരമൊരു ആരോഗ്യപരമായ താപസംരക്ഷണം ഉണ്ടാകാത്തതുകൂടിയാണ്.
ഒരുഭാഗത്ത് ഭൂമിയിൽ താപനില നിലനിറുത്താൻ സഹായിച്ചിരുന്ന അന്തരീക്ഷം ഭൂമിയെ ജീവയോഗ്യമാക്കുന്നതിൽ സഹായിച്ചുവെങ്കിൽ, മറുഭാഗത്ത്, കഴിഞ്ഞ കുറെ വർഷങ്ങളിൽ, ഭൂമിയിൽ ഹരിതഗൃഹവാതകങ്ങളുടെ അളവ് ക്രമാതീതമായി വർദ്ധിച്ചത് അന്തരീക്ഷതാപനില അപകടകരമായ വിധത്തിൽ വർദ്ധിക്കുന്നതിന് കാരണമായി. ഭൗമാന്തരീക്ഷത്തിലെ ഹരിതഗൃഹവാതകങ്ങളുടെ അളവ് വർദ്ധിച്ചതനുസരിച്ച്, ഭൂമിയിൽ നിന്ന് കുറഞ്ഞ ആവൃത്തിയിൽ ഉത്സർജ്ജിക്കപ്പെടുന്ന രശ്മികളും, ഭൗമോപരിതലത്തിൽ തട്ടി പ്രതിഫലിക്കപ്പെട്ടിരുന്ന സൂര്യകിരണങ്ങളും അന്തരീക്ഷത്തിൽ വർദ്ധമാനമായ തോതിൽ ഉണ്ടായ ഹരിതഗൃഹവാതകങ്ങളാൽ തടയപ്പെടുകയും അവയാൽ ആഗിരണം ചെയ്യപ്പെടുകയും അതുവഴി ആ ചൂട് ഭൂമിയിൽത്തന്നെ നിലനിൽക്കുന്നതിന് കാരണമാകുകയും ചെയ്യുന്നു. തുടർച്ചയായി നടക്കുന്ന ഈയൊരു പ്രതിഭാസം ഭൂമിയിലെ ചൂട് ക്രമാതീതമായി വർദ്ധിച്ചുവരുന്നതിന് കാരണമാകുന്നു. ഹരിതഗൃഹവാതകങ്ങളുടെ അളവ് കൂടുന്നതനുസരിച്ച് പ്രകൃതിയിലെ താപനില വർദ്ധിക്കാൻ സാധ്യതയും കൂടുമെന്നർത്ഥം. അന്തരീക്ഷത്തിലുള്ള ജലബാഷ്പവും ഇതേ രീതിയിൽ പ്രവൃത്തിക്കും എന്നാണ് കണക്കാക്കുന്നത്. അങ്ങനെ, അന്തരീക്ഷത്തിൽ കൂടുതലായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ഹരിതഗൃഹവാതകങ്ങളുടെ സാന്നിധ്യവും ജലബാഷ്പവും ഒക്കെ ചേർന്ന്, അന്തരീക്ഷത്തിന്റെയും ഭൂമിയുടെയും താപനിലയിൽ വർദ്ധനവുണ്ടാക്കുന്നു. ഈയൊരു പ്രതിഭാസത്തെ നമുക്ക് ആഗോളതാപനം എന്ന് വിളിക്കാം.
ഹരിതഗൃഹവാതകങ്ങൾ വർദ്ധിക്കുന്നതിന്റെ കാരണങ്ങൾ
ഹരിതഗൃഹവാതകങ്ങൾ വർദ്ധിക്കുന്നതാണ് ഭൂമിയിലെ അന്തരീക്ഷതാപനില വർദ്ധിക്കുന്നതിന് കാരണമെന്ന് നമുക്ക് ഏകദേശം മനസ്സിലായിട്ടുണ്ട്. എന്നാൽ എന്തുകൊണ്ടാണ് കാർബൺ ഡൈഓക്‌സൈഡ്, മീഥേൻ തുടങ്ങിയ ഹരിതഗൃഹവാതകങ്ങൾ അന്തരീക്ഷത്തിൽ കൂടുതലായി ഉണ്ടാകുന്നത് എന്നതിന്റെ ഉത്തരം കണ്ടെത്താൻ നമുക്ക് പരിശ്രമിക്കാം. വ്യവസായികവിപ്ലവം ആരംഭിച്ചതിനു ശേഷം, ഏതാണ്ട് 1850-നും 1900-നും ഇടയിൽത്തന്നെ ഭൗമാന്തരീക്ഷത്തിലെ താപനിലയിൽ വർദ്ധനവുണ്ടാകുന്നു എന്ന ഒരു കാര്യം ശാസ്ത്രജ്ഞരുടെ ശ്രദ്ധയിൽ പെട്ടിരുന്നു. ഫോസിൽ ഇന്ധനങ്ങൾ കൂടുതലായി ഉപയോഗിക്കുന്നതിനാലാണ് ഇത്തരം ഒരു പ്രതിഭാസം ഉണ്ടാകുന്നത് എന്ന് മനസ്സിലാക്കുവാൻ ഗവേഷകർക്ക് സാധിച്ചിരുന്നു. ഫോസിൽ ഇന്ധനങ്ങൾ കത്തിക്കുന്നത് ഭൗമാന്തരീക്ഷത്തിൽ ഹരിതഗൃഹവാതകങ്ങൾ കൂടുവാനും, അതുവഴി ഭൂമിയിൽ ചൂട് കൂടുവാനും കാരണമായി എന്ന് ലളിതമായ രീതിയിൽ പറയാം. പക്ഷെ ചിലരെങ്കിലും ഇതിനെ ആഗോളതാപനം എന്നതിനേക്കാൾ, കാലാവസ്ഥാവ്യതിയാനം എന്ന അർത്ഥത്തിലാണ് തെറ്റായി മനസ്സിലാക്കിയിരുന്നത്.
വ്യാവസായികവിപ്ലവം ആരംഭിക്കുന്നതിന് മുൻപ് തന്നെ, ഭൂമിയിലെ അനിയന്ത്രിതവും നിരുത്തരവാദിത്വപരവുമായ മാനവികഇടപെടലുകൾ ആഗോളതാപനിലയിൽ ഏകദേശം ഒരു ഡിഗ്രി സെൽഷ്യസ് വർദ്ധിക്കുവാൻ കാരണമായിരുന്നതായി കണക്കാക്കപ്പെടുന്നു. പിന്നീടങ്ങോട്ട് ഓരോ പത്തുവർഷത്തിലും ദശാംശം രണ്ടു ഡിഗ്രി വീതം താപനില ആഗോളതലത്തിൽ വർദ്ധിച്ചുവന്നതായാണ് കരുതപ്പെടുന്നത്. എന്നാൽ കഴിഞ്ഞ കുറച്ചു ദശാബ്ദങ്ങൾ എടുത്താൽ ഇത് ദശാംശം നാല് ഡിഗ്രിവരെ വർദ്ധിച്ചതായാണ് കണക്കാക്കപ്പെടുന്നത്. വ്യവസായികവിപ്ലവം പോലെയുള്ള കാരണങ്ങൾ മൂലം ഭൗമതാപനില മുൻപെങ്ങുമില്ലാത്ത വിധത്തിൽ വർദ്ധിച്ചുവന്നുകൊണ്ടിരിക്കുകയാണ്.
കൽക്കരി, പെട്രോളിയം ഉൽപ്പന്നങ്ങൾ തുടങ്ങിയവയുടെ കൂടിയ ഉപയോഗം, കൃത്രിമമായി വർദ്ധിപ്പിച്ച മൃഗങ്ങളുടെ എണ്ണം തുടങ്ങിയവ അന്തരീക്ഷത്തിലെ കാർബൺ ഡൈഓക്‌സൈഡിന്റെയും മീഥേന്റെയും ഒക്കെ അളവ് അനുദിനം വർദ്ധിച്ചുവരുന്നതിന് കാരണമായി എന്ന് കരുതപ്പെടുന്നു. കഴിഞ്ഞ നൂറ്റാണ്ടുകളിൽ കൂടുതലായി ഉണ്ടായ വനനശീകരണം, വിവിധ രാജ്യങ്ങളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന കാട്ടുതീകൾ, പാടങ്ങളും, കുളങ്ങളും, പുഴകളും ഒക്കെ കൈയ്യേറുന്നതും നികത്തുന്നതും, തുടങ്ങി ഭൂമിയിലെ സന്തുലിതാവസ്ഥ തകരാൻ കാരണങ്ങൾ ഏറെയാണ്.
ആഗോളതാപനം ഉണ്ടാക്കുന്ന തിക്തഫലങ്ങൾ
ഭൂമിയിൽ ഒരു നിശ്ചിത താപനില നിലനിന്നിരുന്നത്, ഭൂമിയെ ജീവയോഗ്യമാക്കിയെങ്കിൽ, ഈ താപനില ക്രമാതീതമായി വർദ്ധിക്കുന്നതുകൊണ്ട് ഭൂമി നേരിടേണ്ടിവരുന്ന തിക്തഫലങ്ങൾ ഏറെയാണ്. ധ്രുവമേഖലകളിൽ താപനില വർദ്ധിക്കുന്നതനുസരിച്ച് അവിടങ്ങളിലുള്ള മഞ്ഞുരുകുകയും, സമുദ്രജലനിരപ്പ് ഉയരാൻ വരെ കാരണമാവുകയും ചെയ്യും. നദികളിലെയും സമുദ്രങ്ങളിലെയും ജലനിരപ്പുരയരുന്നത് താഴ്ന്ന ഭൂപ്രദേശങ്ങൾ ജലത്തിനടിയിലാകാൻ കാരണമാകും. ഭൗമതാപനില വർദ്ധിക്കുന്നത് മലകളിലെ മഞ്ഞുൾപ്പെടെയുള്ള ജലാംശത്തിന്റെ കുറവിന് കാരണമാകുകയും മലകളിൽനിന്ന് ഉത്ഭവിക്കുന്ന നദികൾ വരണ്ടുണങ്ങുന്നതിന് കാരണമാകുകയും ചെയ്തേക്കാം. താപനിലയിൽ വ്യതിയാനമുണ്ടാകുന്നത്, ചുഴലിക്കാറ്റുകൾ പോലെയുള്ള ദുരന്തങ്ങൾക്ക് കാരണമായേക്കാം. ഇതിലൊക്കെ കൂടുതലായി മനുഷ്യരുൾപ്പെടെയുള്ള ജീവജാലങ്ങളുടെ ജീവിതത്തിന് തന്നെ പ്രതിസന്ധിയുയർത്തുന്ന ഒന്നാണ് ആഗോളതാപനം എന്ന് പഠനങ്ങൾ തെളിയിക്കുന്നുണ്ട്.
2023 ജൂലൈ മാസത്തിൽ ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധ യൂണിസെഫ് നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ, വരുംവർഷങ്ങളിൽ കടുത്ത ഉഷ്‌ണതരംഗങ്ങൾ കൂടുതലായി ഉണ്ടായേക്കുമെന്നും, അതുമൂലം കുട്ടികൾ കൂടുതൽ ബുദ്ധിമുട്ടനുഭവിക്കേണ്ടിവരുമെന്നും അറിയിച്ചിട്ടുണ്ട്. നിലവിൽ ലോകത്ത് അൻപത്തിയഞ്ചു കോടിയോളം കുട്ടികൾ ആഗോളതാപനം മൂലം ഉണ്ടാകുന്ന ഉഷ്‌ണതരംഗങ്ങൾ മൂലം ബുദ്ധിമുട്ടനുഭവിക്കുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ രണ്ടായിരത്തിയന്‍പതോടെ ലോകത്ത് ഏതാണ്ട് ഇരുനൂറ് കോടിയിലധികം കുട്ടികൾ കടുത്ത ഉഷ്‌ണതരംഗങ്ങൾ മൂലം ദുരിതമനുഭവിക്കേണ്ടിവരുമെന്നാണ് യൂണിസെഫ് വ്യക്തമാക്കുന്നത്. ഇത്തരം ഒരു അവസ്ഥ, കുട്ടികളിൽ ആസ്മ പോലെയുള്ള ശ്വാസകോശസംബന്ധിയായ രോഗങ്ങൾ, ഹൃദയസംബന്ധിയായ രോഗങ്ങൾ എന്നിവ വർദ്ധിക്കുവാൻ കാരണമാകും.
കുട്ടികളുടെ ആരോഗ്യം, വിദ്യാഭാസം തുടങ്ങിയ കാര്യങ്ങളിൽ മാത്രമല്ല, എല്ലാ മനുഷ്യരുടെയും മാനസിക-ശാരീരിക ആരോഗ്യത്തിന് പോലും കൂടുതൽ പ്രതിസന്ധികളാണ് ആഗോളതാപനവും അതിന്റെ അനന്തരഫലങ്ങളും ഉണ്ടാക്കുവാൻ പോകുന്നത് എന്ന് നമുക്ക് മനസ്സിലാക്കാം.
ആഗോളതാപനം കുറയ്ക്കുവാനുള്ള മാർഗ്ഗങ്ങൾ
ഭൗമതാപനത്തോത് വർദ്ധിക്കുന്നത് മനുഷ്യജീവിതത്തിന് മാത്രമല്ല, നമ്മുടെ ഭൂമിയുടെ സന്തുലിതാവസ്ഥയ്ക്കുതന്നെ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉളവാക്കുമെന്ന് പഠനങ്ങൾ വെളിവാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഈയൊരു തിന്മ പൂർണ്ണമായി ഒഴിവാക്കാൻ സാധിക്കില്ലെങ്കിൽ കൂടി, അതിന്റെ അളവിനെ കുറയ്ക്കുവാനായി എന്ത് ചെയ്യാൻ സാധിക്കും എന്ന ഒരു ചോദ്യം ശാസ്ത്രജ്ഞരുടെയും പ്രകൃതിസ്നേഹികളുടയും മുന്നിലുണ്ട്. കാർബൺ ഡൈഓക്‌സൈഡ്, മീഥേൻ തുടങ്ങിയ ഹരിതഗൃഹവാതകങ്ങളാണ്, ഭൂമിയിൽ താപം തടഞ്ഞുനിറുത്തുന്ന ഹരിതഗൃഹപ്രഭാവത്തിന് കാരണമാകുന്നതെന്ന് നാം കണ്ടുകഴിഞ്ഞു. അങ്ങനെയെങ്കിൽ, ഇതുപോലെ ഭൂമിയിലെ ആവാസവ്യവസ്ഥയെ തകരാറിലാക്കുന്ന ഇത്തരം വാതകങ്ങൾ കൂടുതലായി അന്തരീക്ഷത്തിൽ ഉണ്ടാകുന്നത് തടയുക എന്നതാണ് പ്രധാനപ്പെട്ട പോംവഴിയായി നമുക്ക് മുന്നിലുള്ളത്. എന്നാൽ ഇപ്പോഴത്തെ എല്ലാ പ്രവർത്തനങ്ങളും നിറുത്തിവച്ചാൽ പോലും താപനനിലയിൽ ഉടനെ വലിയ കുറവുകളൊന്നും ഉണ്ടാകില്ലെന്നാണ് കരുതപ്പെടുക. കാരണം അത്രമാത്രം ഹരിതഗൃഹവാതകങ്ങളാണ് ഭൗമാന്തരീക്ഷത്തിൽ ഇപ്പോൾത്തന്നെ ഉള്ളത്. യൂണിസെഫിന്റെ പഠനങ്ങൾ പ്രകാരം, ഭൂമിയിൽ ഹരിതഗൃഹവാതകങ്ങൾ പുറന്തള്ളുന്നതിന്റെ തോത് ഏറ്റവും കുറച്ചാൽപ്പോലും രണ്ടായിരത്തിഅൻപതോടെ ഭൂമിയിലെ താപനനിലയിൽ 1.7 ഡിഗ്രി വരെ വർദ്ധനവുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. പ്രകൃതിമലിനീകരണത്തോത് ഇനിയും കൂടിയാൽ, ഭൂമിയുടെ താപനില ഇത് 2.6 ഡിഗ്രി വരെ വർദ്ധിച്ചേക്കാം.. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പഠനങ്ങൾ പേടിപ്പിക്കുന്ന കണക്കുകളാണ് നമുക്ക് മുൻപിൽ വയ്ക്കുന്നത്. കുറച്ചു പതിറ്റാണ്ടുകൾക്കുള്ളിൽ, ആഫ്രിക്കയും ഏഷ്യയും ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇപ്പോഴത്തേതിനേക്കാൾ കൂടുതൽ ജലദൗർലഭ്യത ഉണ്ടാകും. വിവിധയിടങ്ങളിൽ കാർഷികഉല്പാദനത്തിൽ കുറവുണ്ടായേക്കാം. മരുപ്രദേശങ്ങൾ വർദ്ധിച്ചേക്കാം. താപനിലയിൽ ഇനിയും ക്രമാതീതമായ വർദ്ധനവുണ്ടായാൽ, ഇപ്പോൾ ഭൂമിയിലുള്ള വിവിധതരം സസ്യജീവജാലങ്ങളിൽ പലതും വംശനാശം നേരിട്ടേക്കാം.
ഭൂമിയുടെ സന്തുലിതാവസ്ഥയ്ക്ക് ഭീഷണിയാകുന്ന ഹരിതഗൃഹവാതകങ്ങളുടെ അളവ് കുറയ്ക്കുകയും, ഇത്തരം വാതകങ്ങൾ കൂടുതലായി പുറന്തള്ളപ്പെടാതിരിക്കാനുള്ള മാർഗ്ഗങ്ങൾ തേടുകയുമാണ് ഈയൊരു പ്രതിസന്ധിക്ക് പരിഹാരമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പെട്രോളിയം, കൽക്കരി പോലെയുള്ള ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം നിയന്ത്രിക്കുകയാണ് പ്രധാനപ്പെട്ട ഒരു വഴി. അതുപോലെതന്നെ, എയർ കണ്ടീഷണർ, ഫ്രിഡ്ജ്, തുടങ്ങിയ ശീതീകരണഉപകരണങ്ങൾ പുറംതള്ളുന്ന ക്ളോറോഫ്ളൂറോ കാർബണുകൾ കുറയ്ക്കുക, പൊതുവായ ഊർജ്ജ ഉപഭോഗം കുറയ്ക്കുക, കാർബൺ വിമുക്തമായ ഒരു ജീവിതരീതിക്ക് മാർഗ്ഗങ്ങൾ തേടുക, പരിസ്ഥിതി സൗഹാർദ്ദാപരമായ ഒരു ജീവിതം നയിക്കുക തുടങ്ങിയവയും ആഗോളതാപനനിയന്ത്രണത്തിന് നമ്മെ സഹായിക്കുന്ന കാര്യങ്ങളാണ്.
ആധുനിക വ്യവസായശാലകളുടെ പ്രവർത്തനത്തിനായുള്ള മലിനീകരണകാരണമാകുന്ന വൈദ്യുത ഉത്പാദനരീതികൾ, പെട്രോൾ, ഡീസൽ തുടങ്ങിയ ഇന്ധനങ്ങൾ ഉപയോഗിക്കുന്ന വാഹനങ്ങളുടെ എണ്ണത്തിലുള്ള വർദ്ധനവ് ഇവയും കൂടുതൽ ഗൗരവതരമായ രീതിയിൽ നിയന്ത്രിക്കപ്പെടേണ്ട കാര്യങ്ങളാണ്. വിദ്യാർത്ഥികളെ ആഗോളതാപനത്തെക്കുറിച്ച് ബോധവാന്മാരാക്കുക,, വ്യക്തിഗതവാഹങ്ങൾക്ക് പകരം, പൊതുഗതാഗതസംവിധാനങ്ങളുടെ ഉപയോഗം, സി.എൻ.ജി പോലെയുള്ള ഗ്യാസിന്റെ കൂടുതലായ ഉപയോഗത്തെക്കറിയിച്ചുള്ള ബോധവത്കരണം, മലിനീകരണത്തോത്തുകൾ കുറയ്ക്കുവാനുള്ള ശ്രമങ്ങൾ, പ്ലാസ്റ്റിക് സാധനങ്ങളുടെ ഉപയോഗത്തിൽ ഉണ്ടാകേണ്ട നിയന്ത്രണം തുടങ്ങി നിരവധി തലങ്ങളിൽ സർക്കാരുകൾ ആളുകളെ ബോധവാന്മാരാക്കേണ്ടതുണ്ട്. അതിനായി സാമ്പത്തികസഹായം കൂടുതൽ നീക്കിവയ്ക്കേണ്ടതുണ്ട്.
ആഗോളതലത്തിൽ സ്വീകരിക്കേണ്ട മാർഗ്ഗങ്ങൾ
ആഗോളതാപനം വർദ്ധിക്കുന്നത് തടയാനും, താപനില കുറയ്ക്കാനും ആഗോളതലത്തിൽത്തന്നെ ശ്രമങ്ങൾ നടക്കേണ്ടതുണ്ട്. സാങ്കേതികമായി വികസിതമായ രാജ്യങ്ങൾക്ക് ഇക്കാര്യത്തിൽ പ്രധാനപ്പെട്ട ഒരു പങ്കുവഹിക്കാൻ സാധിക്കും. സാങ്കേതികവിദ്യകളുടെ കൈമാറ്റം, ആഗോളതാപനവർദ്ധനവിന് എതിരായ പ്രവർത്തങ്ങൾക്കുവേണ്ടിയുള്ള പണം മുടക്കൽ, ആഗോളതാപനനില കുറയ്ക്കാനായുള്ള പരിശ്രമങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ ശ്രദ്ധ നൽകേണ്ടതുണ്ട്. ഫോസിൽ ഇന്ധനം പോലെയുള്ള പാരമ്പര്യ ഊർജ്ജസ്രോതസ്സുകളെ ആശ്രയിക്കുന്നതിന് പകരം, സൗര, ജല ഊർജ്ജങ്ങൾ പോലെയുള്ള സുസ്ഥിര, ഹരിതോർജ്ജഉത്പാദനത്തിനുള്ള കൂടുതൽ പഠനങ്ങളും ശ്രമങ്ങളും ഉണ്ടാകേണ്ടതുണ്ട്. കാർബൺ പുറംതള്ളുന്നതിൽ കുറവുവരുത്താൻ വികസിതരാജ്യങ്ങളുൾപ്പെടെ എല്ലാ രാജ്യങ്ങളും ശ്രമിക്കുകയും കൽക്കരിയുടെ ഉപയോഗം സാധിക്കുമെങ്കിൽ നിറുത്തനോ, ഏറ്റവും കുറയ്ക്കാനോ നടപടികൾ സ്വീകരിക്കുകയും ചെയ്യണം.
ഭൂമിയുടെ പരിപാലനവും സസ്യങ്ങളും
ഭൂമിയുടെ പരിപാലനവും ആഗോളതാപനവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന് നാം കണ്ടുകഴിഞ്ഞു. പ്രകൃതിയിൽ കൂടുതലായി ഉണ്ടായിവരുന്ന കാർബൺ ഡൈഓക്‌സൈഡിന്റെ അളവിനെ കുറയ്ക്കാൻ സസ്യങ്ങൾക്ക് കഴിയും എന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ഒരു വസ്തുതയാണ്. അന്തരീക്ഷത്തിലെ നല്ലൊരു ഭാഗം കാർബൺ ഡൈഓക്‌സൈഡും വലിച്ചെടുക്കുന്നതും ജീവന് ഏറെ പ്രധാനപ്പെട്ട ഓക്സിജൻ തിരികെ നൽകുന്നതും സസ്യങ്ങളാണ്. അതുകൊണ്ടുതന്നെ വനനശീകരണം ഉൾപ്പെടെ പ്രകൃതിയുടെ ഹരിതാഭയ്‌ക്കേൽക്കുന്ന മുറിവുകൾ പ്രകൃതിയുടെ സന്തുലിതാവസ്ഥയെ തകർക്കുന്ന ഒന്നാണ്. നികത്തപ്പെട്ട ജലാശയങ്ങൾ, കൽക്കരിഖനനം, അശാസ്ത്രീയമായ കൃഷിരീതികൾ, അമിത കൃത്രിമ വളങ്ങളുടെയും വിഷവസ്തുക്കളുടെയും ഉപയോഗം അങ്ങനെ പ്രകൃതിക്ക് മുറിവേൽക്കപ്പെടുവാനുണ്ടായ വിവിധ കാരണങ്ങൾ നമുക്ക് മുൻപിലുണ്ട്. മനുഷ്യരുടെ തെറ്റായ പ്രവൃത്തികൾ തന്നെയാണ് അവന്റെ ജീവനുതന്നെ ഭീഷണിയായി പ്രകൃതിയിൽനിന്ന് നേരിടേണ്ടിവരുന്ന ആഗോളതാപനം പോലെയുള്ള പ്രതിസന്ധികൾ ഉണ്ടാകുവാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന്.
ഫ്രാൻസിസ് പാപ്പായുടെ ചാക്രികലേഖനം "ലൗദാത്തോ സി"
നമ്മുടെ പൊതുഭവനമായ ഭൂമിയുടെ പരിപാലനത്തിന് നമുക്കുള്ള ഉത്തരവാദിത്വത്തെക്കുറിച്ചും കടമയെക്കുറിച്ചും 2015-ൽ പുറത്തിറക്കിയ "ലൗദാത്തോ സി" എന്ന തന്റെ ചാക്രികലേഖനത്തിൽ ഫ്രാൻസിസ് പാപ്പാ നമ്മെ ഉദ്ബോധിപ്പിക്കുന്നതും ഈയൊരു അവസരത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്നു. ഭൂമിയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന കാലാവസ്ഥാപ്രതിസന്ധികളും, ജല ദൗർലഭ്യതയും, ജൈവവൈവിധ്യത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന കുറവും, ആഗോള അസമത്വവും കണക്കിലെടുത്ത്, കത്തോലിക്കാസഭയിലെ അംഗങ്ങളോട് മാത്രമല്ല, ഭൂമിയിൽ അധിവസിക്കുന്ന ഓരോ ആളുകളോടുമാണ് പാരിസ്ഥിക പരിവർത്തന പ്രക്രിയയിൽ ഏവരും സ്വീകരിക്കേണ്ട കൂടുതൽ ഉത്തരവാദിത്വപരമായ പ്രവൃത്തികളെക്കുറിച്ച് പാപ്പാ പഠിപ്പിക്കുന്നത്. മനുഷ്യരുടെയും, മറ്റു ജീവജാലങ്ങളുടെയും, ഭൂമിയുടെ തന്നെയും, മുന്നോട്ടുളള നിലനിൽപ്പിനെത്തന്നെ ഗുരുതരമായി ബാധിക്കുന്ന സ്വാർത്ഥപരമായ പ്രവർത്തനങ്ങളിൽനിന്ന് മാറിനിൽക്കാനും, വരും തലമുറകൾക്കും വാസയോഗ്യപരമായ ഒരു ഭൂമി നിലനിൽക്കുന്നതിനായി, ഉത്തരവാദിത്വപരമായി പ്രവർത്തിക്കാനും നമുക്ക് സാധിക്കട്ടെ. ഭൂമിയുടെ അധിപർ എന്നതിനേക്കാൾ ഭൂമിയുടെ പരിപാലകരാകാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത് എന്ന ബോധ്യത്തിൽ വളരാം.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: