യൂറോപ്പിലും മധ്യേഷ്യയിലും കുട്ടികൾ കടുത്ത താപതരംഗങ്ങൾക്ക് വിധേയരാകുന്നു: യൂണിസെഫ്
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
ജൂലൈ 27-നു ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ് പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനമനുസരിച്ച് യൂറോപ്പിലും മധ്യേഷ്യയിലുമായി ഏതാണ്ട് ഒൻപത് കോടി ഇരുപത് ലക്ഷം കുട്ടികളാണ് ഉയർന്ന തോതിൽ കടുത്ത ഉഷ്ണക്കാറ്റുകൾ നേരിടേണ്ടിവരുന്നത്. ആഗോളതലത്തിലെ നാലിൽ ഒന്ന് കുട്ടികൾ എന്ന ശരാശരിയിൽനിന്ന് ഉയർന്ന് രണ്ടിലൊന്ന് കുട്ടികളാണ് യൂറോപ്പിലും മധ്യേഷ്യയിലും കടുത്ത ചൂടിനെ നേരിടുന്നത്.
കഴിഞ്ഞ വർഷം യൂറോപ്പിൽ നാളിതുവരെയുള്ളതിൽ രണ്ടാമത്തെ ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തിയിരുന്നു. യൂറോപ്പിലെത്തന്നെ ചില തെക്കുപടിഞ്ഞാറൻ രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയതും കഴിഞ്ഞ വർഷമാണ്. കഴിഞ്ഞ അറുപത് വർഷങ്ങളിൽ മധ്യേഷ്യൻ രാജ്യങ്ങളിൽ ഏതാണ്ട് 30 ശതമാനത്തോളം വർധനവാണ് ചൂടുകാറ്റിന്റെ അളവിലുണ്ടായത്. വരും വർഷങ്ങളിൽ ഈ തോത് വർദ്ധിക്കാനാണ് സാധ്യതയെന്നും പഠനങ്ങൾ തെളിയിക്കുന്നു.
കണക്കുകൾ പ്രകാരം ആഗോളതാപനിലയിൽ 1.7 സെൽഷ്യസ് വർദ്ധനവാണ് കണക്കാക്കപ്പെടുന്നത്. ഈ അനുപാതമനുസരിച്ച് മുൻപോട്ട് പോയാൽത്തന്നെ 2050-ഓടെ യൂറോപ്പിലെയും മധ്യേഷ്യൻ രാജ്യങ്ങളിലെയും എല്ലാ കുട്ടികളും വർദ്ധിച്ച താപതരംഗങ്ങൾക്ക് വിധേയരാകുമെന്നാണ് കരുതുന്നത്. ഇവരിൽ 81 ശതമാനവും ദീർഘനാളുകൾ കടുത്ത ചൂടനുഭവിക്കേണ്ടിവന്നേക്കാം.
യൂറോപ്പിലെയും മധ്യേഷ്യൻ രാജ്യങ്ങളിലെയും കുട്ടികൾ കാലാവസ്ഥാപ്രതിസന്ധി മൂലമുണ്ടാകുന്ന കടുത്ത ചൂടിനെ അഭിമുഖീകരിക്കേണ്ടിവരുന്നതെന്നും, അതുകൊണ്ടുതന്നെ ഈ വർദ്ധനവിന് പരിഹാരമാർഗ്ഗങ്ങൾ തേടേണ്ടതുണ്ടെന്നും യൂണിസെഫ് യൂറോപ്പിലേക്കുള്ള പ്രാദേശിക വിഭാഗത്തിന്റെ ഡയറക്ടർ റെജീന ദേ ഡൊമിനിച്ചിസ് പ്രസ്താവിച്ചു.
ഇറ്റലിയിലെ വർദ്ധിച്ച താപനിലയെക്കുറിച്ച് പ്രതിപാദിക്കവെ, 2020-ൽ ഏതാണ്ട് അറുപത് ലക്ഷം കുട്ടികളാണ് ഇവിടെ കടുത്ത ഉഷ്ണക്കാറ്റുകൾ മൂലം ബുദ്ധിമുട്ടനുഭവിക്കേണ്ടിവന്നതെന്നും 2050-ഓടെ ഇത് എൺപത്തിയേഴ് ലക്ഷ്യത്തിലേക്ക് ഉയരുമെന്നും ശ്രീമതി ഡൊമിനിച്ചിസ് വ്യക്തമാക്കി.
കുട്ടികൾക്ക് കൂടുതൽ പ്രാധാന്യം നൽകാനും, ഇപ്പോഴത്തെ കാലാവസ്ഥാപ്രതിസന്ധിക്ക് പരിഹാരമാർഗ്ഗങ്ങൾ തേടാനും യൂണിസെഫ് പ്രാദേശിക ഡയറക്ടർ ആവശ്യപ്പെട്ടു. യൂറോപ്പിലും മധ്യേഷ്യയിലും ഉത്പാദിപ്പിക്കപ്പെടുന്ന കാർബൺ ഡൈഓക്‌സൈഡിന്റെ അളവ് കുറച്ച്, താപവർദ്ധനവ് 1.5 സെൽഷ്യസായി ചുരുക്കാനായി സർക്കാരുകൾ കൂടുതലായി ധനം നീക്കിവയ്ക്കണമെന്നും യൂണിസെഫ് പ്രതിനിധി അഭ്യർത്ഥിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: