പ്രശ്നങ്ങളെല്ലാം ഉടൻ പരിഹരിക്കാം എന്ന അവകാശവാദം സഭയ്ക്കില്ല, നിയുക്ത കർദ്ദിനാൾ ക്രിസ്റ്റഫ് പിയെർ
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
നയതന്ത്രത ലോകത്തിൽ പ്രവർത്തനങ്ങൾ പടിപടിയായിട്ടായിരിക്കും മുന്നേറുകയെന്ന് അമേരിക്കൻ ഐക്യനാടുകളിലെ അപ്പൊസ്തോലിക് നുൺഷ്യൊ നിയുക്ത കർദ്ദിനാൾ ക്രിസ്റ്റഫ് പിയെർ.
റഷ്യ-ഉക്രൈയിൻ യുദ്ധത്തിന് പരിഹൃതി തേടുന്നതിൻറെ ഭാഗമായി, ഫ്രാൻസീസ് പാപ്പായുടെ ദൂതനായി സമാധാന ദൗത്യവുമായി ജൂലൈ 17-19 വരെ അമേരിക്കൻ ഐക്യനാടുകളിലായിരുന്ന കർദ്ദിനാൾ മത്തേയൊ ത്സൂപ്പിയുടെ പ്രസ്തുത ദൗത്യത്തെ വത്തിക്കാൻ റേഡിയോയുടെ ഇംഗ്ലീഷ് വാർത്താവിഭാഗത്തിന് അനുവദിച്ച അഭിമുഖത്തിൽ വിലയിരുത്തുകയായിരുന്ന അദ്ദേഹം.
നയതന്ത്ര രംഗത്ത് പ്രവർത്തിക്കുന്നവർ സാഹചര്യം ഒത്തുവരുമ്പോൾ ആദ്യ ചുവടു വയ്ക്കുന്നുവെന്നും കർദ്ദിനാൾ ത്സൂപ്പി ചെയ്തത് ഇതാണെന്നും എല്ലാം പരിഹരിക്കാം എന്ന അവകാശവാദങ്ങൾ ഒന്നും ഇല്ലെങ്കിൽത്തന്നെയും ഭാവിയെക്കുറിച്ച് ഏറെ പ്രതീക്ഷകൾ ഉണ്ടെന്നും നിയുക്ത കർദ്ദിനാൾ ക്രിസ്റ്റഫ് പറഞ്ഞു.
അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡൻറ് ജോ ബൈഡെനുമായുള്ള കർദ്ദിനാൾ ത്സൂപിയുടെ കൂടിക്കാഴ്ച വളരെ ശുഭോദർക്കമായിരുന്നുവെന്നും അതുപോലെ തന്നെ വിവിധ അവസരങ്ങളിൽ പാർലിമെൻറംഗങ്ങളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും, അദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്നതും ഉക്രൈയിനിലും റഷ്യയിലും ചെയ്തതുമായ കാര്യങ്ങളും പാപ്പായുടെ അഭിവാഞ്ഛയും എല്ലാം അവരെ ധരിപ്പിക്കുകയും ചെയ്തുവെന്നും നിയുക്ത കർദ്ദിനാൾ ക്രിസ്റ്റഫ് വെളിപ്പെടുത്തി.
പ്രശ്ന പരിഹൃതിക്ക് സംഭാവന ചെയ്യാൻ പരിശുദ്ധസിംഹാസനം അഭിലഷിക്കുന്നുണ്ടെങ്കിലും അവ ഉടൻ പരിഹരിക്കാൻ കഴിയില്ല എന്ന വസ്തുത കർദ്ദിനാൾ ത്സൂപി പ്രസിഡൻറ് ബൈഡെനുമായുള്ള കൂടിക്കാഴ്ചയിൽ വ്യക്തമാക്കിയെന്നും അദ്ദേഹം വിശദീകരിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: