തിരയുക

പെൺകുട്ടികൾക്കെതിരെയുള്ള പീഡനങ്ങൾ അവസാനിപ്പിക്കുക പെൺകുട്ടികൾക്കെതിരെയുള്ള പീഡനങ്ങൾ അവസാനിപ്പിക്കുക  

യൂറോപ്പിലേക്കുള്ള പെൺകുട്ടികളുടെ കുടിയേറ്റം ദുരിതപൂർണ്ണം: സേവ് ദി ചിൽഡ്രൻ

ലിബിയ, ടുണീഷ്യ, മൊറോക്കോ എന്നീ രാജ്യങ്ങളിലൂടെ യൂറോപ്പിലേക്ക് കുടിയേറുന്ന പെൺകുട്ടികൾ ദുരുപയോഗങ്ങൾക്കും അക്രമങ്ങൾക്കും ഇരകളാകുന്നുവെന്ന് സേവ് ദി ചിൽഡ്രൻ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ഇറ്റലിയിലേക്കും സ്പെയിനിലേക്കും എത്തുവാനായി വടക്കേ ആഫ്രിക്കയിലെ ലിബിയ ടുണീഷ്യ, മൊറോക്കോ എന്നീ രാജ്യങ്ങളിലൂടെ കടന്നുപോകേണ്ടിവരുന്ന പെൺകുട്ടികളിൽ മൂന്നിലൊന്ന് പേരും പലവിധത്തിലുള്ള ദുരുപയോഗങ്ങൾക്കും, അക്രമങ്ങൾക്കും വിധേയകളാകുകയോ, അത്തരം അവസ്ഥയ്ക്ക് കാഴ്ചക്കാരാകുകയോ ചെയ്യേണ്ടിവരുന്നുവെന്ന് കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടുന്ന സേവ് ദി ചിൽഡ്രൻ അന്താരാഷ്ട്രസംഘടന. സംഘടനയും സാമുവേൽ ഹാൾ ഗവേഷണകേന്ദ്രവും ചേർന്ന് നടത്തിയ പഠനങ്ങൾ പ്രകാരം, ഗാർഹികപീഡനം, സംഘർഷങ്ങൾ, ജോലിസാധ്യതകളുടെ അഭാവം, നിർബന്ധിതവിവാഹങ്ങൾ തുടങ്ങിയവയാണ് പെൺകുട്ടികളെ കുടിയേറ്റത്തിന് നിർബന്ധിതരാക്കുന്നത്. എന്നാൽ യാത്രയിലുണ്ടായേക്കാവുന്ന അപകടങ്ങളെക്കുറിച്ച് ഇവരിൽ പലരും അജ്ഞരാണെന്നും, ഇങ്ങനെയുള്ള കുടിയേറ്റക്കാരുടെ യാത്ര സുരക്ഷിതമാക്കുന്നതും, ആവശ്യം വേണ്ട വിവരങ്ങൾ ലഭ്യമാകുന്നതും ആവശ്യമാണെന്ന് സേവ് ദി ചിൽഡ്രൻ മെയ് 31-ന് പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

കുടിയേറ്റക്കാരായ പെൺകുട്ടികളുമായി നടത്തിയ അഭിമുഖസംഭാഷണത്തിലാണ് ഇവരിൽ മൂന്നിൽ ഒരാൾ ലൈംഗികദുരുപയോഗമോ മറ്റു തരത്തിലുള്ള ലിംഗാധിഷ്‌ഠിത അക്രമങ്ങളോ അനുഭവിക്കുകയോ സാക്ഷ്യം വഹിക്കുകയോ ചെയ്യേണ്ടിവരുന്നുവെന്ന് വ്യക്തമായത്. തെക്കൻ ആഫ്രിക്കൻ രാജ്യങ്ങളിൽനിന്ന് യൂറോപ്പിലേക്ക്, പ്രത്യേകിച്ച് ഇറ്റലിയിലേക്കും സ്പൈനിലേക്കും കുടിയേറുന്ന 9 നും 24 നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളോടും യുവതികളോടും 2022-ൽ നടത്തിയ അഭിമുഖത്തെ അടിസ്ഥാനമാക്കിയുള്ളതാണ് "വടക്കൻ ആഫ്രിക്കയിൽ പെൺകുട്ടികളുടെ പ്രയാണം" എന്ന പേരിൽ തയ്യാറാക്കിയ റിപ്പോർട്ടിലെ ഈ കണക്കുകൾ.

പ്രകൃതിദുരന്തങ്ങളും, രാജ്യാന്തര സംഘർഷങ്ങളും, മറ്റ് അക്രമങ്ങളുമാണ് കൂടുതൽ ആളുകളും തങ്ങളുടെ രാജ്യം വിട്ടുപോകാൻ കാരണമാകുന്നത്. ഏതാണ്ട് 28 കോടിയോളം ജനങ്ങളാണ് ലോകമെമ്പാടുനിന്നുമായി കുടിയേറിയിരിക്കുന്നത്. മിഡിൽ ഈസ്റ്റ്, വടക്കേ ആഫ്രിക്ക എന്നിവിടങ്ങളിലാണ് കുടിയേറ്റക്കാരായുള്ള കുട്ടികൾ പലരും താങ്ങേണ്ടിവരുന്നത്. അഞ്ചിലൊന്ന് പെൺകുട്ടികളും ഗാർഹികപീഡനമാണ് തങ്ങളുടെ കുടിയേറ്റകാരണമായി പറയുന്നത്. ഏഴിലൊന്ന് പെൺകുട്ടികൾ നിർബന്ധിത വിവാഹങ്ങൾ മൂലമാണ് തങ്ങൾ കുടിയേറേണ്ടിവരുന്നതെന്ന് വ്യക്തമാക്കി.

ഇങ്ങനെ കുടിയേറുന്ന പെൺകുട്ടികൾ, തങ്ങളുടെ യാത്രയിലും, കുടിയേറി എത്തുന്ന ഇടങ്ങളിലും ആരോഗ്യസംരക്ഷണം, സാമൂഹ്യസേവനം തുടങ്ങിയവ പലപ്പോഴും തങ്ങൾക്ക് ലഭ്യമാകുന്നില്ലെന്ന് പറഞ്ഞു. ഇങ്ങനെയുള്ള കുടിയേറ്റക്കാർക്ക് മാനസികാരോഗ്യസംരക്ഷണം ഉൾപ്പെടെയുള്ള ആരോഗ്യ പരിരക്ഷ ഉറപ്പാക്കണമെന്നും, മാതൃ ആരോഗ്യസേവനങ്ങൾ, വിദ്യാഭ്യാസം പാർപ്പിടം തുടങ്ങിയവ എന്നിവയുടെ ആവശ്യമുണ്ടെന്നും സേവ് ദി ചിൽഡ്രൻ വിശദീകരിച്ചു.

കുടിയേറ്റക്കാരായ പെൺകുട്ടികൾക്ക്, അവർ നേരിട്ടേക്കാവുന്ന പ്രതിസന്ധികൾ കണക്കിലെടുത്ത് സഹായം ഉറപ്പാക്കണമെന്നും, കൂടുതൽ സുരക്ഷിതമായ ഒരു യാത്ര ഉറപ്പാക്കുന്നതിനായി ഇടപെടലുകൾ ഉണ്ടാകണമെന്നും, ആവശ്യമുള്ള വിവരങ്ങൾ ലഭ്യമാക്കണമെന്നും സേവ് ദി ചിൽഡ്രൻ, സാമുവേൽ ഹാൾ എന്നിവയുടെ പ്രതിനിധികൾ പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 June 2023, 15:23