തിരയുക

സങ്കീർത്തനചിന്തകൾ - 27 സങ്കീർത്തനചിന്തകൾ - 27 

ജീവിതവ്യഥകളിൽ ആശ്രയമാകുന്ന ദൈവം

വചനവീഥി: ഇരുപത്തിയേഴാം സങ്കീർത്തനം - ധ്യാനാത്മകമായ ഒരു വായന.
ഇരുപത്തിയേഴാം സങ്കീർത്തനം - ഒരു വിചിന്തനം - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

രണ്ടു വ്യത്യസ്ത ഗീതങ്ങൾ ചേർത്തുവച്ച ഒരു കീർത്തനമെന്ന് കരുതാവുന്ന ഇരുപത്തിയേഴാം സങ്കീർത്തനത്തിന്റെ ആദ്യഭാഗത്ത് പ്രത്യാശയുടേതായ വാക്കുകളും രണ്ടാം ഭാഗത്ത് വിലാപഗീതത്തിന്റേതായ ശൈലിയുമാണ് നാം കാണുന്നത്. രണ്ടു ഭാഗങ്ങളും അവയിൽത്തന്നെ പൂർണ്ണമെന്ന് തോന്നുന്ന രീതിയിലാണ് ഇവയുടെ രചന. അതിരുകളില്ലാത്ത പ്രത്യാശയോടെയും ആത്മധൈര്യത്തോടെയും കർത്താവിന്റെ ആലയത്തിൽ വസിക്കാനും സംരക്ഷണം തേടാനും തീരുമാനിച്ചുറപ്പിച്ച ദാവീദിനെയാണ് നമുക്ക് ആദ്യഭാഗത്ത് കാണാനാകുന്നത്. രണ്ടാം ഭാഗത്താകട്ടെ തന്റെ വൈരികളെ മുന്നിൽ കാണുന്ന ഒരു വിശ്വാസിയുടെ, അഭയത്തിനും സംരക്ഷണത്തിനായുള്ള വിലാപസ്വരത്തോടെയുള്ള പ്രാർത്ഥനയാണ് നാം കാണുക. എന്നാൽ മറ്റു പല സങ്കീർത്തനങ്ങളിലുമെന്ന പോലെ കർത്താവിലുള്ള ഉറച്ച വിശ്വാസത്തോടെ അവനായി കാത്തിരിക്കുക, എന്ന പ്രത്യാശ നിറഞ്ഞ ആശംസയുടെ വാക്കുകളോടെയാണ് സങ്കീർത്തനം അവസാനിക്കുന്നത്.

രക്ഷിക്കുന്ന ദൈവം

സങ്കീർത്തനത്തിന്റെ ഒന്നുമുതൽ മൂന്ന് വരെയുള്ള വാക്യങ്ങളിൽ, ദൈവം തനിക്ക് സംരക്ഷണമേകും എന്ന ബോധ്യം ഊട്ടിയുറപ്പിക്കുന്ന വാക്കുകളാണ് ദാവീദ് കുറിച്ചിടുന്നത്: "കർത്താവ് എന്റെ പ്രകാശവും രക്ഷയുമാണ്; ഞാൻ ആരെ ഭയപ്പെടണം? കർത്താവ് എന്റെ ജീവിതത്തിനു കോട്ടയാണ്, ഞാൻ ആരെ പേടിക്കണം? എതിരാളികളും ശത്രുക്കളുമായ ദുർവൃത്തർ ദുരാരോപണങ്ങളുമായി എന്നെ ആക്രമിക്കുമ്പോൾ, അവർ തന്നെ കാലിടറി വീഴും. ഒരു സൈന്യം തന്നെ എനിക്കെതിരെ പാളയമടിച്ചാലും എന്റെ ഹൃദയം ഭയം അറിയുകയില്ല; എനിക്കെതിരെ യുദ്ധമുണ്ടായാലും ഞാൻ ആത്മധൈര്യം വെടിയുകയില്ല" (സങ്കീ. 27, 1-3). ആത്മവിശ്വാസത്തിന്റെ ഈ വാക്കുകൾക്ക് പ്രാർത്ഥനയുടെയും ശരണത്തിന്റെയും ഒരു സ്വരം കൂടിയുണ്ട്. ദാവീദിന്റെ ജീവിതത്തിലെ അസ്വസ്ഥതകളുടെ നിമിഷത്തിലായിരിക്കണം ഈ സങ്കീർത്തനവും എഴുതപ്പെട്ടത്. പ്രയാസങ്ങളുടെ നിമിഷങ്ങളിലും പ്രത്യാശയുടേതായ ഈ വാക്കുകൾ പറയുവാൻ ദാവീദിന് സാധിക്കുന്നത് അവന് പ്രകാശവും രക്ഷയുമായി കർത്താവുണ്ടെന്നതിനാലാണ്. ശക്തനായിരുന്ന ഒരു രാജാവായിരുന്നിട്ടും ദൈവത്തിലാണ് ദാവീദ് തുണയും ശക്തിയും കണ്ടെത്തുന്നത്. ഞാൻ ആരെ ഭയപ്പെടണം എന്ന പ്രയോഗം ദാവീദ് രണ്ടുതവണ ആവർത്തിക്കുന്നത്, ദൈവത്തിലുള്ള തന്റെ വിശ്വാസം ഉറപ്പിച്ചു പറയുന്നതിനായാണ്. ജീവിതത്തിന്റെ പ്രതിസന്ധി നിമിഷങ്ങളിൽ വിജയമേകിയ കർത്താവ് തനിക്കൊപ്പമുണ്ടന്ന ഉറപ്പുള്ളതിനാലാണ്, ശത്രുനിരയെ ദാവീദ് ഭയക്കാതിരിക്കുന്നത്. സ്വന്തം ബുദ്ധിശക്തിയിലും കരബലത്തിലും, ലോകത്തിന്റെ മാർഗ്ഗങ്ങളിലും അഭയം കണ്ടെത്തുന്ന മനുഷ്യർക്ക്, ദാവീദിന്റെ വാക്കുകളും വിശ്വാസവും ഒരു മാർഗ്ഗദർശിയാകേണ്ടതാണ്.

ദൈവസന്നിധിയിൽ അഭയം

ദൈവത്തിലും, അവന്റെ സാന്നിധ്യമുള്ള ദേവാലയത്തിലും ആശ്വാസവും അഭയവും കണ്ടെത്താൻ ആഗ്രഹിക്കുന്ന ദാവീദിനെയാണ് സങ്കീർത്തനത്തിന്റെ നാലാം വാക്യത്തിൽ നാം കാണുന്നത്: "ഒരു കാര്യം ഞാൻ കർത്താവിനോട് അപേക്ഷിക്കുന്നു; ഒരു കാര്യം മാത്രം ഞാൻ തേടുന്നു; കർത്താവിന്റെ മാധുര്യം ആസ്വദിക്കാനും കർത്താവിന്റ ആലയത്തിൽ അവിടുത്തെ ഹിതം ആരായാനും വേണ്ടി ജീവിതകാലം മുഴുവൻ അവിടുത്തെ ആലയത്തിൽ വസിക്കാൻ തന്നെ" (സങ്കീ. 27, 4). ദൈവത്തിന്റെ സാന്നിധ്യത്തിലായിരിക്കുന്നതിലുള്ള സന്തോഷവും ദൈവഹിതമറിഞ്ഞ് ജീവിക്കാനുള്ള ആഗ്രഹവും മാത്രമല്ല ഈ വാക്കുകൾക്ക് കാരണം. തന്റെ ജീവിതത്തിന്റെ പ്രയാസങ്ങളിൽ തുണയായി നിന്ന ദൈവത്തിന്റെ സന്നിധി പോലെ സുരക്ഷിതമായ മറ്റൊരിടമില്ലെന്ന ഓർമ്മയും, തിരിച്ചറിവുമാണ് ഈ വാക്കുകളിൽ നിഴലിക്കുന്നത്. അഞ്ചും ആറും വാക്യങ്ങളിലൂടെ ദാവീദ് വ്യക്തമാക്കുന്നതും ഇതുതന്നെയാണ്: "ക്ലേശകാലത്ത് അവിടുന്ന് തന്റെ ആലയത്തിൽ എനിക്ക് അഭയം നൽകും; തന്റെ കൂടാരത്തിനുള്ളിൽ എന്നെ ഒളിപ്പിക്കും; എന്നെ ഉയർന്ന പാറമേൽ നിറുത്തും. എന്നെ വലയം ചെയ്യുന്ന ശത്രുക്കളുടെ മുകളിൽ എന്റെ ശിരസ്സ് ഉയർന്നു നിൽക്കും; ആഹ്ളാദാരവത്തോടെ അവിടുത്തെ കൂടാരത്തിൽ ഞാൻ ബലികളർപ്പിക്കും; ഞാൻ വാദ്യഘോഷത്തോടെ കർത്താവിനെ സ്തുതിക്കും" (സങ്കീ. 27, 5-6). ദൈവത്തെ തേടുന്നവർക്ക് അവിടുന്നാണ് ദുരിതങ്ങൾക്കും, ദുഃഖങ്ങൾക്കും ഇടയിലും, തകരാത്ത അഭയവും സഹായവും. അവനെ മുറുകെപ്പിടിക്കുന്നവർക്ക് ഭയമോ ലജ്ജയോ മൂലം തല കുനിക്കേണ്ടിവരില്ല. ആഹ്‌ളാദത്തോടെ കർത്താവിന് സ്‌തുതിയുടെ ബലിയർപ്പിക്കാൻ ദാവീദിന് സാധിക്കുന്നതും ദൈവാനുഗ്രഹങ്ങളുടെ ആനന്ദമനുഭവിച്ചതുകൊണ്ടാണ്. ദേവാലയവും ദൈവസാന്നിദ്ധ്യവും ഓരോ വിശ്വാസിയിലും ഉണർത്തേണ്ടതും ഈയൊരു ആത്മവിശ്വാസവും ആനന്ദവുമാണ്.

അഭയകേന്ദ്രമായ ദൈവത്തോടുള്ള പ്രാർത്ഥന

ഏഴുമുതലുള്ള വാക്യങ്ങൾ ഉൾക്കൊള്ളുന്ന ഇരുപത്തിയേഴാം സങ്കീർത്തനത്തിന്റെ രണ്ടാം ഭാഗം ഒരു വിലാപഗാനവും പ്രാർത്ഥനയുമാണ്. ഏഴുമുതൽ പന്ത്രണ്ടു വരെയുള്ള ഭാഗത്താണ് ഈ ഒരു പ്രാർത്ഥന: "കർത്താവെ, ഞാൻ ഉച്ചത്തിൽ വിളിച്ചപേക്ഷിക്കുമ്പോൾ അവിടുന്ന് കേൾക്കണമേ! കാരുണ്യപൂർവം എനിക്ക് ഉത്തരമരുളണമേ! എന്റെ മുഖം തേടുവിൻ എന്ന് അവിടുന്ന് കൽപിച്ചു; കർത്താവെ, അങ്ങയുടെ മുഖം ഞാൻ തേടുന്നു എന്ന് എന്റെ ഹൃദയം അങ്ങയോടു മന്ത്രിക്കുന്നു. അങ്ങയുടെ മുഖം എന്നിൽനിന്ന് മറച്ചുവയ്ക്കരുതേ! എന്റെ സഹായകനായ ദൈവമേ, അങ്ങയുടെ ദാസനെ കോപത്തോടെ തള്ളിക്കളയരുതേ! എന്റെ രക്ഷകനായ ദൈവമേ എന്നെ തിരസ്കരിക്കരുതേ! എന്നെ കൈവെടിയരുതേ! അപ്പനും അമ്മയും എന്നെ ഉപേക്ഷിച്ചാലും കർത്താവ് എന്നെ കൈക്കൊള്ളും. കർത്താവേ അങ്ങയുടെ വഴി എനിക്കു കാണിച്ചുതരണമേ; എനിക്കു ശത്രുക്കളുള്ളതിനാൽ എന്നെ നിരപ്പായ വഴിയിലൂടെ നയിക്കണമേ. വൈരികളുടെ ഇഷ്ടത്തിന് എന്നെ വിട്ടുകൊടുക്കരുതേ; കള്ളസാക്ഷികൾ എനിക്കെതിരെ ഉയർന്നിരിക്കുന്നു; അവർ ക്രൂരത നിശ്വസിക്കുന്നു" (സങ്കീ. 27, 7-12). സങ്കീർത്തനത്തിന്റെ ആദ്യഭാഗത്ത് ദൈവത്തിലുള്ള ശരണവും അവന്റെ സന്നിധിയിലെ ആശ്വാസവും പങ്കുവച്ച ദാവീദ്, ഈ രണ്ടാം ഭാഗത്ത്, ദുരിതങ്ങളും കണ്മുൻപിൽ താൻ കാണുന്ന ശത്രുക്കളും തന്റെ മനസ്സിൽ നിറയ്ക്കുന്ന അസ്വസ്ഥതയാൽ, വിശ്വാസത്തോടെ വിലാപസ്വരത്തിലുള്ള പ്രാർത്ഥന ദൈവത്തിലേക്ക് ഉയർത്തുന്നതാണ് ഈ വാക്കുകളിൽ നാം കാണുന്നത്. പാപങ്ങളുടെയും വീഴ്ചകളുടെയും ചില നീമിഷങ്ങളിൽ, താൻ ദൈവത്താൽ ഉപേക്ഷിക്കപെട്ടുവെന്നും, ഇനിയും താൻ ദൈവത്തിന്റെ പ്രീതിക്ക് അർഹനല്ലെന്നുമുള്ള വ്യഥ ദാവീദിന്റെ ഹൃദയത്തെ മഥിച്ചിട്ടുണ്ട്. ദൈവത്തിന്റെ മുഖം തന്നിൽനിന്ന് മറഞ്ഞിരിക്കുന്നുവെന്ന് തോന്നിയ തകർച്ചയുടെ നിമിഷങ്ങളിൽപ്പോലും, ദൈവസന്നിധിയിലേക്ക് കണ്ണുകളുയർത്താനും അവന്റെ സംരക്ഷണം തേടാനും ദാവീദിന് സാധിക്കുന്നുണ്ട്. മാതാപിതാക്കളുടെ സ്നേഹത്തിനുമപ്പുറം തന്റെ പ്രിയപ്പെട്ടവരേ സ്നേഹിക്കുന്ന ദൈവത്തിലുള്ള വിശ്വാസമാണ്, പൂർണ്ണമായ ശരണത്തോടെ ദൈവത്തിലേക്ക് അഭയത്തിനായാണയാൻ സങ്കീർത്തകനെ പ്രേരിപ്പിക്കുന്നത്. തനിക്കെതിരെ വരുന്ന ശത്രുക്കളുടെ മുന്നിൽ, നിരപ്പായ പാതയിലൂടെ തന്നെ നയിക്കണമെന്നും, അവരുടെ കരങ്ങളിലേക്ക് തന്നെ വിട്ടുകൊടുക്കരുതേയെന്നും അപേക്ഷിക്കുന്ന ദാവീദ് ഒരു യഥാർത്ഥ വിശ്വാസിക്ക് വേണ്ട മനോഭാവം വെളിവാക്കുന്ന ഒരു പ്രാർത്ഥനയും ഉയർത്തുന്നുണ്ട്, "കർത്താവേ അങ്ങയുടെ വഴി എനിക്കു കാണിച്ചുതരണമേ".

വിശ്വാസത്തിന്റെയും പ്രത്യാശയുടെയും രണ്ടു വാക്യങ്ങളാണ് സങ്കീർത്തനത്തിന്റെ അവസാനഭാഗത്ത് നാം കാണുന്നത്. തന്റെ ദുരിതങ്ങളുടെ മുന്നിലും നിരാശനാകാതെ, ജീവദായകനായ ദൈവത്തിന്റെ സന്നിധിയിൽ വസിച്ച് അവനേകുന്ന നന്മ കാണണമെന്ന ആഗ്രഹമാണ് ദാവീദ് പതിമൂന്നാം വാക്യത്തിൽ പ്രകടിപ്പിക്കുക; "ജീവിക്കുന്നവരുടെ ദേശത്തു കർത്താവിന്റെ നന്മ കാണാമെന്നു ഞാൻ വിശ്വസിക്കുന്നു" (സങ്കീ. 27, 13).  ജെറുസലേം ദേവാലയത്തിൽ എത്തുന്ന തീർത്ഥാടകർക്ക് പുരോഹിതർ നൽകിയിരുന്ന അനുഗ്രഹാശിസ്സുകൾ പോലെ, ഓരോ വിശ്വാസികൾക്കും ധൈര്യം പകരുന്ന വാക്കുകളോടെയാണ് ദാവീദ് സങ്കീർത്തനം അവസാനിപ്പിക്കുന്നത്:  “കർത്താവിൽ പ്രത്യാശയർപ്പിക്കുവിൻ, ദുർബലരാകാതെ ധൈര്യം അവലംബിക്കുവിൻ, കർത്താവിനുവേണ്ടി കാത്തിരിക്കുവിൻ" (സങ്കീ. 27, 14).

സങ്കീർത്തനം ജീവിതത്തിൽ

ഇരുപത്തിയേഴാം സങ്കീർത്തനവിചിന്തനം ചുരുക്കുമ്പോൾ പ്രത്യാശയുടെ ചിന്തകളാണ് വിശ്വാസികളുടെ മനസ്സിലേക്ക് സങ്കീർത്തകൻ നൽകുന്നത്. നിരാശയിൽനിന്ന് ശുഭാപ്തിവിശ്വാസത്തിലേക്കും, ഭീതിയിൽനിന്ന് ധൈര്യത്തിലേക്കും, അന്ധകാരത്തിൽനിന്ന് പ്രകാശത്തിലേക്കും, ശത്രുകരങ്ങളിൽനിന്ന് ദൈവസ്നേഹത്തിലേക്കും കടന്നുവരാനുള്ള എളുപ്പവഴി ദൈവത്തിലുള്ള ആഴമേറിയ വിശ്വാസവും ദൈവകരങ്ങളിലുള്ള സ്വയം സമർപ്പണവുമാണെന്ന് ദാവീദിന്റെ വാക്കുകൾ ഉദ്ബോധിപ്പിക്കുന്നു. എത്ര ആഴമേറിയ വേദനകളിലും ആശ്വാസമേകുന്ന, കടുത്ത വീഴ്ചകളിലും പാപങ്ങളിലും പോലും കരുണയോടെ നമ്മുടെ കരംപിടിച്ചുയർത്തുവാൻ ആഗ്രഹിക്കുന്ന, മാതാപിതാക്കളുടെ സ്നേഹത്തിനുപോലും ഉപരിയായി നമ്മെ സ്നേഹിക്കുന്ന ദൈവമാണ് നമ്മുടെ കർത്താവ്. എന്നും അവന്റെ വഴികൾ തേടാൻ, അവന്റെ സന്നിധിയിൽ ആയിരിക്കാൻ, ജീവിതത്തിന്റെ ദുരിതങ്ങളിൽ സഹായത്തിനായി, വിശ്വാസത്തോടെ അവനെ വിളിച്ചപേക്ഷിക്കാൻ നമുക്ക് പരിശ്രമിക്കാം. നമുക്കായി തന്റെ കൂടാരത്തിന്റെ വാതിൽ തുറന്നിട്ട് കാത്തിരിക്കുന്ന ദൈവത്തിന് മുന്നിൽ, ദാവീദിനെപ്പോലെ, നന്ദിയുടെ ഗീതങ്ങൾ ആലപിക്കുവാൻ നമുക്കും സാധിക്കട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 ജൂൺ 2023, 16:51