മണിപ്പൂരിൽ സമാധാനഭ്യർത്ഥനയുമായി വിവിധ മതനേതാക്കൾ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
ഏറെ നാളുകളായി മണിപ്പൂരിൽ തുടരുന്ന അക്രമങ്ങൾക്ക് അവസാനം വരുത്താനും, ശാരീരികവും മാനസികവുമായ മുറിവുകൾ അവശേഷിപ്പിക്കുന്ന സംഘർഷങ്ങൾ ഇല്ലാതാക്കാനും മണിപ്പൂരിൽ ഒന്ന് ചേർന്ന വിവിധ മത നേതാക്കൾ ആവശ്യപ്പെട്ടു. അക്രമങ്ങളിൽ ഇരകളായവർക്ക് അഭയവും പരിചരണങ്ങളും ഉറപ്പാക്കാനും മണിപ്പൂർ തലസ്ഥാനമായ ഇംഫാലിലെ സാംസ്‌കാരികസമന്വയസമിതി സമുച്ചയത്തിൽ ഒന്നുചേർന്ന വിവിധ മതങ്ങളിൽനിന്നുള്ള പതിനെട്ട് പ്രതിനിധികളാണ് ആവശ്യപ്പെട്ടത്. ഇസ്ലാം, ക്രൈസ്തവമതം, ബുദ്ധമതം, പ്രാദേശിക, പരമ്പരാഗത മതങ്ങൾ തുടങ്ങിയവയുടെ പ്രതിനിധികളാണ് സമാധാനശ്രമങ്ങളുമായി മുന്നോട്ടു വന്നത്.
വിവിധ മത, സാമൂഹിക പ്രസ്ഥാനങ്ങൾ ഒരുമിച്ച് കൂടി, അക്രമങ്ങളിൽ ഇരകളായവർക്ക് സഹായമെത്തിക്കാനും, സമാധാനസ്ഥാപനത്തിനായി സംയുക്ത സംരംഭങ്ങൾ ഏറ്റെടുക്കാനും മതനേതാക്കൾ ആവശ്യപ്പെട്ടു. മണിപ്പൂരിൽ നടമാടുന്ന അക്രമങ്ങളിൽപ്പെട്ടവർക്ക് ചികിത്സാസഹായമെത്തിക്കാനും, അവരുടെ സുരക്ഷിതത്വം ഉറപ്പിക്കാനും ഏവരുടെയും സഹകരണം ക്ഷണിച്ച ഈ പ്രസ്താവനയിൽ, അനുരഞ്ജനത്തിന്റെ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ എല്ലാ മതവിശ്വാസികളെയും ആഹ്വാനം ചെയ്തു.
വിവിധ മതപ്രതിനിധികൾ പങ്കെടുത്ത ഈ യോഗം ഫീദെസ് വാർത്താ ഏജൻസിക്ക് അയച്ച സന്ദേശത്തിൽ, തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ആളുകളുടെ ദുഃഖത്തിൽ തങ്ങളും പങ്കുചേരുന്നതായും മനസ്സിലും ശരീരത്തിലും മുറിവേറ്റ ആളുകളുടേതുൾപ്പെടെയുള്ള വേദന തങ്ങൾ പങ്കുവയ്ക്കുന്നതായും വ്യക്തമാക്കി. വ്യത്യസ്ത മത, സമുദായ അംഗങ്ങളായ തങ്ങൾ നിലവിലെ അക്രമങ്ങൾ നിസ്സഹായരും ദുഃഖിതരുമാക്കിയെന്നും, അതുകൊണ്ടാണ് ഈ അക്രമങ്ങൾ അവസാനിപ്പിക്കാൻ സംയുക്തമായി ആഹ്വാനം ചെയ്യാനായി മുന്നോട്ട് വരാൻ തങ്ങൾ തയ്യാറായതെന്നും അവർ അറിയിച്ചു.
"മനുഷ്യഹൃദയത്തിലും മനസ്സിലും ഇപ്പോഴും അവശേഷിക്കുന്ന മാനവികതയെ സംരക്ഷിക്കാനായി അക്രമത്തിന്റെ മാർഗ്ഗങ്ങൾ ഉപേക്ഷിക്കാൻ നിലവിലെ സംഘർഷങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ കക്ഷികളോടും" മതനേതാക്കൾ അഭ്യർത്ഥിച്ചു. ഇന്ന് നമ്മെ തകർത്തുകൊണ്ടിരിക്കുന്ന ഈ അക്രമങ്ങളിൽനിന്ന് ഇപ്പോഴത്തെയും വരാനിരിക്കുന്നതുമായ തലമുറകളെ രക്ഷിക്കുന്നതിന് സംഘർഷങ്ങൾ അവസാനിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് അവർ കൂട്ടിച്ചേർത്തു.
മെയ്, ജൂൺ മാസങ്ങളിൽ ഫീദെസ് വാർത്താ ഏജൻസിയാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: