2022-ൽ കുടിയിറക്കപ്പെട്ട കുട്ടികൾ നാലരക്കോടിയോളം: യൂണിസെഫ്
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
ജൂൺ 20-ന് ആഗോള അഭയാർത്ഥിദിനം ആചരിക്കാനിരിക്കെ, 2022-ൽ മാത്രം ലോകത്ത് കുടിയിറക്കപ്പെട്ട കുട്ടികളുടെ എണ്ണം നാലരക്കോടിയോട് അടുത്തുവെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ് പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഇത്രയും നാളത്തെ കണക്കുകൾ പ്രകാരം ഇത് ഒരു റെക്കോർഡ് ആണെന്ന് സംഘടന പരിതപിച്ചു.
ഉക്രൈൻ യുദ്ധം മൂലം ഏതാണ്ട് ഇരുപത് ലക്ഷം ഉക്രൈൻ കുട്ടികൾ രാജ്യം വിടാൻ നിര്ബന്ധിതരായി. ഏതാണ്ട് പത്തുലക്ഷത്തിലധികം കുട്ടികൾ ആഭ്യന്തര കുടിയിറക്കത്തിന് വിധേയരായി. 2022-ൽ മാത്രം കുടിയിറക്കപ്പെട്ട നാല് കോടി മുപ്പത്തിമൂന്ന് ലക്ഷം കുട്ടികളിൽ അറുപത് ശതമാനവും സംഘർഷങ്ങളും അക്രമവും മൂലമാണ് സ്വഭവനങ്ങൾ വിട്ടിറങ്ങാൻ നിർബന്ധിതരായതെന്ന് സംഘടന വ്യക്തമാക്കി.
അഭയാർത്ഥികളായി മറ്റ് രാജ്യങ്ങളിൽ അഭയം തേടി എത്തുന്ന കുട്ടികളുടെ എണ്ണം ഏതാണ്ട് ഒരു കോടി എഴുപത്തിയഞ്ച് ലക്ഷമായി. 2023-ൽ കുടിയിറക്കപ്പെട്ട കുട്ടികളുടെ എണ്ണം കണക്കിലെടുക്കാതെയാണ് ഇത്രയും വലിയ ഒരു റെക്കോർഡ് സംഖ്യയിലേക്ക് എത്തിയതെന്ന് ജൂൺ 14-ന് യൂണിസെഫ് പുറത്തുവിട്ട പത്രക്കുറിപ്പ് വ്യക്തമാക്കി. 2022-ൽ മാത്രം അതിതീവ്ര കാലാവസ്ഥകൾ മൂലം ഒരുകോടി ഇരുപത് ലക്ഷത്തോളം കുട്ടികൾക്കാണ് കുടിയിറങ്ങേണ്ടിവന്നത്.
കഴിഞ്ഞ പത്തുവർഷങ്ങളിൽ കുടിയിറങ്ങാൻ നിർബന്ധിതരായ കുട്ടികളുടെ എണ്ണം ഇരട്ടിച്ചുവെന്നും, കുട്ടികൾക്ക് സ്വരാജ്യങ്ങളിൽ സുരക്ഷിതസ്ഥാനമൊരുക്കാനുള്ള ശ്രമങ്ങളെ ഇത് പ്രതികൂലമായി ബാധിച്ചുവെന്നും, യൂണിസെഫ് ഡയറക്ടർ ജനറൽ കാതറിൻ റസ്സൽ പറഞ്ഞു. കുട്ടികളെ സംരക്ഷിക്കാനും, അവർ നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കാനും രാഷ്ട്രീയപരമായ ഇച്ഛാശക്തി സർക്കാരുകൾക്ക് ഉണ്ടാകണമെന്ന് ശിശുക്ഷേമനിധി അധ്യക്ഷ ആവശ്യപ്പെട്ടു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: