ദൈവം രാജാവിനേകുന്ന ആനന്ദദായകമായ വിജയം
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
രാജാവിന്റെ വിജയം ദൈവമേകുന്ന അനുഗ്രഹമാണ്. ശത്രുക്കളുടെമേൽ വിജയത്തിനായുള്ള പ്രാർത്ഥനകൾക്ക് ഉത്തരമാണ് വിജയപ്രതാപവനായ ദൈവത്തിന്റെ സഹായമേകുന്ന കരുത്തും ആശ്വാസവും. ഇരുപതാം സങ്കീർത്തനത്തിൽ തങ്ങളുടെ രാജാവിന്റെ വിജയത്തിന് വേണ്ടി ജനങ്ങൾ പ്രാർത്ഥിച്ചെങ്കിൽ, ആ പ്രാർത്ഥനകൾക്ക് മറുപടിയായി രാജാവിന് ദൈവമേകിയ വിജയത്തിന് നന്ദി പറയുകയാണ് ഇസ്രായേൽ ജനം. ശരണത്തോടെയുള്ള പ്രാർത്ഥനകൾ ശ്രവിക്കപ്പെടുമെന്നും, അവയ്ക്ക് കാലതാമസം കൂടാതെ ദൈവം ഉത്തരം നൽകുമെന്നും ഈ സങ്കീർത്തനം നമുക്ക് ഉറപ്പുതരുന്നുണ്ട്. രാജാവിന്റെ വിജയം ജനങ്ങളുടെയും ദേശത്തിന്റെയും വിജയമാണ്. ശത്രുക്കൾ നിലനിന്നേക്കാം, എന്നാൽ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട നേതാവിന് കീഴിൽ ഒരുമിച്ച് നിൽക്കുന്നതും, അവനുവേണ്ടി പ്രാർത്ഥിക്കുന്നതും, അന്തിമവിജയവും, അതിലുള്ള സന്തോഷവും നമ്മുടേതാക്കാൻ സഹായിക്കും. നന്ദി നിറഞ്ഞ ഹൃദയത്തോടെ ദൈവത്തിന് മുൻപിൽ അവന്റെ അനുഗ്രഹങ്ങൾക്ക് നന്ദി പറയുക ദൈവജനത്തിന്റെ കടമയാണ്.
ആനന്ദകാരണമായ വിജയം
ഇരുപത്തിയൊന്നാം സങ്കീർത്തനത്തിന്റെ ഒന്നുമുതൽ ഏഴുവരെയുള്ള വാക്യങ്ങൾ ഉൾക്കൊള്ളുന്ന ആദ്യപകുതി നന്ദിയുടെ വാക്കുകൾ നിറഞ്ഞതാണ്. വിജയത്തിനുള്ള അടിസ്ഥാനകാരണം ദൈവമേകുന്ന സംരക്ഷണവും ശക്തിയുമാണ്. ജനങ്ങൾ രാജാവിന്റെ വിജയത്തിൽ പങ്കുചേരുകയും അതിനായി ദൈവത്തിന് നന്ദി പറയുകയും ചെയ്യുന്നു: "കർത്താവെ, രാജാവ് അങ്ങയുടെ ശക്തിയിൽ സന്തോഷിക്കുന്നു; അങ്ങയുടെ സഹായത്തിൽ അവൻ എത്രയധികം ആഹ്ലാദിക്കുന്നു!" (സങ്കീ. 21, 1).
ജനങ്ങളുടെയും രാജാവിന്റെയും പ്രാർത്ഥനകൾക്ക് ഉത്തരമായാണ് ദൈവം അവർക്ക് വിജയമേകുന്നത്. രാജാവിന് വേണ്ടി ദൈവസഹായം അപേക്ഷിച്ച ജനം ഇപ്പോൾ രാജാവിന് വേണ്ടി ദൈവത്തിന് നന്ദി പറയുന്നു. രണ്ടുമുതൽ നാലുവരെയുള്ള വാക്യങ്ങളിൽ ദൈവം രാജാവിന്റെ അപേക്ഷ ശ്രവിച്ചതിനെയാണ് ജനം ഏറ്റുപറയുന്നത്: "അവന്റെ ഹൃദയാഭിലാഷം അങ്ങ് സാധിച്ചുകൊടുത്തു; അവന്റെ യാചന അങ്ങ് നിഷേധിച്ചില്ല. സമൃദ്ധമായ അനുഗ്രഹങ്ങളുമായി അവിടുന്ന് അവനെ സന്ദർശിച്ചു; അവന്റെ ശിരസ്സിൽ തങ്കക്കിരീടം അണിയിച്ചു. അവൻ അങ്ങയോടു ജീവൻ യാചിച്ചു. അവിടുന്ന് അത് നൽകി; സുദീർഘവും അനന്തവുമായ നാളുകൾ തന്നെ" (സങ്കീ. 21, 2-4). ഹൃദയാഭിലാഷങ്ങൾ തിരിച്ചറിയുന്ന, പ്രാർത്ഥനകൾക്ക് ഉത്തരമരുളുന്ന ദൈവമാണ് നമ്മുടെ കർത്താവ്. യാചിക്കുന്നതിലേറെ അനുഗ്രഹങ്ങളുമായാണ് ദൈവം തന്റെ പ്രിയപ്പെട്ടവർക്ക് സമീപസ്ഥനാകുന്നത്. ഇസ്രായേൽ ജനത്തിന്റെ രാജാവെന്ന നിലയിൽ നിരവധി തവണ വിജയത്തിന്റെ കിരീടമണിഞ്ഞവനാണ് ദാവീദ്. വിജയങ്ങളിൽ ആഘോഷിക്കുമ്പോൾ അവ അനുഗ്രഹമായി വർഷിച്ച ദൈവത്തിന് നന്ദി പറയുന്നത് ഉചിതമാണ്.
ദൈവത്തിലുള്ള വിശ്വാസത്തിന്റെ ഫലം കൂടിയാണ് രാജാവിന്റെ വിജയകാരണമെന്ന് ഏഴാം വാക്യത്തിൽ ജനം ഏറ്റുപറയുന്നു: "രാജാവ് കർത്താവിൽ വിശ്വസിച്ച് ആശ്രയിക്കുന്നു; അത്യുന്നതന്റെ കാരുണ്യം നിമിത്തം അവൻ നിർഭയനായിരിക്കും" (സങ്കീ. 21, 7). രാജാവിന് ദൈവികാനുഗ്രഹങ്ങളായ മഹത്വവും, തേജസ്സും, സമാധാനവും, സൈനികവിജയവുമൊക്കെ സ്വന്തമാക്കാനാകുന്നതും ദൈവത്തിലുള്ള ഈ ശരണത്താലാണ്. തന്റെ തിരഞ്ഞെടുക്കപ്പെട്ടവന്റെ വിജയത്തിന് വേണ്ടിയുള്ള തന്റെ ഭക്തരുടെ പ്രാർത്ഥനകൾ ദൈവം ശ്രവിക്കുകയും അവയ്ക്ക് ഉചിതമായ കാലത്ത് ഉത്തരമേകുകയും ചെയ്യും.
ശത്രുക്കളുടേമേലുള്ള തുടർവിജയം
സങ്കീർത്തനത്തിന്റെ ഒൻപതുമുതലുള്ള വാക്യങ്ങൾ ഉൾക്കൊള്ളുന്ന രണ്ടാം ഭാഗം രാജാവിന്റെ തുടർവിജയത്തെക്കുറിച്ചാണ് പ്രതിപാദിക്കുക. ദൈവം തന്റെ ജനത്തിനായി ശത്രുക്കളെ പരാജയപ്പെടുത്തുമെന്ന ഉറച്ച ബോധ്യമാണ് സങ്കീർത്തകനും ജനത്തിനുമുള്ളത്: "അങ്ങയുടെ കൈ സകലശത്രുക്കളെയും തിരഞ്ഞുപിടിക്കും; അങ്ങയുടെ വലതുകരം അങ്ങയെ വെറുക്കുന്നവരെ പിടികൂടും. അങ്ങയുടെ സന്ദർശനദിനത്തിൽ അവരെ എരിയുന്ന ചൂളപോലെയാക്കും; കർത്താവു തന്റെ ക്രോധത്തിൽ അവരെ വിഴുങ്ങും; അഗ്നി അവരെ ദഹിപ്പിച്ചുകളയും. അങ്ങ് അവരുടെ സന്തതിയെ ഭൂമിയിൽനിന്നും അവരുടെ മക്കളെ മനുഷ്യമക്കളുടെ ഇടയിൽനിന്നും നശിപ്പിക്കും" (സങ്കീ. 21, 8-10). തന്റെ അഭിഷിക്തനായ രാജാവിന്റെ വിജയംകൊണ്ട് മാത്രം, തന്റെ ശത്രുക്കൾക്കെതിരായുള്ള ദൈവത്തിന്റെ ക്രോധം അവസാനിക്കുന്നില്ല. തിന്മയ്‌ക്കെതിരെയുള്ള വിജയത്തേക്കാൾ വലുതാണ്, തിന്മയുടെ പൂർണ്ണമായ നാശം. കർത്താവിന്റെ സന്ദർശനദിനം തിന്മയുടെ പരാജയത്തിന്റെ ദിനമായിരിക്കും. കരുണയുള്ള ഒരു ദൈവമാണ് നമ്മുടെ കർത്താവെന്നത്, തിന്മയുടെ അതിജീവനത്തിന് കാരണമാകുന്നില്ല. അതുകൊണ്ടുതന്നെയാണ് കർത്താവിനെതിരെ പോരാടുന്ന തിന്മയെയും അതിന്റെ പ്രവൃത്തികളെയും തന്റെ സന്ദർശനദിനത്തിൽ കർത്താവ് എന്നന്നേക്കുമായി ഇല്ലാതാക്കുക..
ദൈവത്തിനും ദൈവജനത്തിനുമെതിരെയുള്ള പ്രവർത്തികളാണ് തിന്മ പ്രവർത്തിക്കുന്നവർക്കെതിരെയുള്ള ശിക്ഷയ്ക്ക് കാരണമായി നിൽക്കുന്നത്: "അവർ അങ്ങേക്കെതിരെ തിന്മ നിരൂപിച്ചാലും അങ്ങേക്കെതിരെ ദുരാലോചന നടത്തിയാലും വിജയിക്കുകയില്ല. അങ്ങ് അവരെ തുരത്തും; അവരുടെ മുഖത്തെ ലക്ഷ്യമാക്കി വില്ലു കുലയ്ക്കും” (സങ്കീ 21, 11-12). ശത്രുക്കൾക്കെതിരായി കാരുണ്യവാനായ ദൈവത്തിന്റെ ക്രോധമുയരുവാനുള്ള കാരണങ്ങളാണ് ഇവിടെ സങ്കീർത്തകൻ ജനങ്ങളുടെ സ്വരത്തിൽ വിശദീകരിക്കുന്നത്. ഇസ്രയേലിന്റെ ദൈവത്തെ അറിഞ്ഞിട്ടും, അവർ കർത്താവിനും അവന്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തിനുമെതിരെ തിന്മ നിരൂപിച്ചതും, പ്രക്ഷോഭിച്ചതും, ശത്രുക്കൾക്ക് നാശകാരണമായി മാറുന്നു. അജ്ഞതയിൽ പ്രവർത്തിക്കുന്ന തിന്മകൾക്കെതിരെ കർത്താവിന്റെ വിധി കരുണയോടെ ആയേക്കാം എന്നാൽ, നന്മയെയും സത്യത്തെയും തിരിച്ചറിഞ്ഞിട്ടും അവയെ സ്വീകരിക്കാത്തതും, അവയ്‌ക്കെതിരെ തുടർച്ചയായി പോരാടുന്നതും തിന്മയെ സ്നേഹിക്കുന്നതും ഒരാൾക്കും നിത്യമായ ഉയർച്ചയ്ക്കും വിജയത്തിനും കാരണമാകില്ല. പിന്തിരിഞ്ഞോടാൻ സാധിക്കും മുൻപേ ദൈവത്തിന്റെ വിധി അവർക്കുനേരെ എത്തും. അന്തിമവിജയം സത്യത്തിന്റെയും നന്മയുടെയും, ദൈവത്തോട് ചേർന്ന് നിൽക്കുന്നവരുടേതുമായിരിക്കും.
"കർത്താവേ, അങ്ങയുടെ ശക്തിയിൽ അങ്ങ് മഹത്വപ്പെടട്ടെ; അങ്ങയുടെ ശക്തിപ്രഭാവങ്ങൾ ഞങ്ങൾ പാടിപ്പുകഴ്ത്തും" (സങ്കീ. 21, 13) എന്ന അവസാനവാക്യം സങ്കീർത്തനത്തിന്റെ ആദ്യവാക്യവുമായി ബന്ധപ്പെട്ടതാണ്. കർത്താവിന്റെ ശക്തിയിലും അവൻ നൽകുന്ന സഹായത്തിലും ആനന്ദിക്കുന്ന ജനം, അവന് സ്തോത്രമാലപിക്കുകയും, അവന്റെ മഹത്വവും മഹനീയകൃത്യങ്ങളും പാടിപ്പുകഴ്ത്തുകയും ചെയ്യും. ദൈവമേകുന്ന അനുഗ്രഹങ്ങൾക്ക് നന്ദി പറയുക അവന്റെ വിശ്വാസികൾക്ക് ഉചിതമാണ്.
സങ്കീർത്തനം ജീവിതത്തിൽ
ഇരുപത്തിയൊന്നാം സങ്കീർത്തനവിചാരങ്ങൾ ചുരുക്കുമ്പോൾ നന്ദിയുള്ള മനസ്സോടെ ജീവിക്കാൻ ഈ സങ്കീർത്തനവരികളിലൂടെ ദാവീദ് നമ്മെ ഉദ്ബോധിപ്പിക്കുന്നു. ദൈവം തിരഞ്ഞെടുത്തവർക്കായുള്ള പ്രാർത്ഥനകളുടെ പ്രാധാന്യം, ദൈവത്തിനെതിരെയുള്ള പ്രവർത്തനങ്ങളുടെ അസ്വീകാര്യത, നന്മയുടെ അന്തിമവിജയം, തിന്മയ്‌ക്കെതിരെയുള്ള കർത്താവിന്റെ അവസാനിക്കാത്ത ക്രോധം തുടങ്ങിയ ചിന്തകളും നാം ഈ വാക്യങ്ങളിൽ കണ്ടുമുട്ടുന്നുണ്ട്. നന്മയുടെയും സത്യത്തിന്റെയും വിജയത്തിന് വേണ്ടിയുള്ള ദൈവജനത്തിന്റെ പ്രാർത്ഥനകൾ വിഫലമാകില്ലെന്നും, ദൈവികപദ്ധതികളോട് ചേർന്ന് പ്രവർത്തിക്കുന്ന മനുഷ്യർക്ക് ദൈവം സഹായമേകുമെന്നും ദാവീദിന്റെ വരികളിൽ നമുക്ക് വ്യക്തമായി വായിക്കാനാകുന്നുണ്ട്. ഇന്നുവരെ ദൈവമേകിയ അനുഗ്രഹങ്ങൾക്ക് നന്ദിയുള്ള മനുഷ്യരായി ജീവിക്കാൻ പരിശ്രമിക്കാം. സമൃദ്ധമായ അനുഗ്രഹങ്ങളും സുദീർഘമായ ആനന്ദത്തിന്റെ നാളുകളും വിജയവും സ്വന്തമാക്കാൻ വേണ്ടി കർത്താവിന്റെ കരുണയും സ്നേഹവും നിരന്തരസാന്നിദ്ധ്യവും നമുക്ക് യാചിക്കാം. കർത്താവിന്റെ ശക്തിയുടെ വലതുകരം നമുക്ക് ദൈവസ്നേഹത്തിന്റെ പ്രകാശവും ദൈവകരുണയുടെ സംരക്ഷണവുമേകട്ടെ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: