അനുതാപത്തോടെ ദൈവത്തിൽ ആശ്രയം തേടുക
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന് സിറ്റി
പ്രാർത്ഥനയും പശ്ചാത്താപവും പാപമേറ്റുപറച്ചിലും വിശ്വാസപ്രഖ്യാപനവും പ്രബോധനവും ഉൾക്കൊള്ളുന്ന ഒരു വിലാപസങ്കീർത്തമാണ് ദാവീദിന്റെ ഇരുപത്തിയഞ്ചാം സങ്കീർത്തനം. നാം മുൻപ് കണ്ട 9, 10 സങ്കീർത്തനങ്ങൾ പോലെ, അക്ഷരമാലാക്രമത്തിൽ തയ്യാറാക്കിയ ഈ കീർത്തനത്തിൽ വിവിധ ആശയങ്ങൾ ഇടകലർന്നാണ് കാണപ്പെടുന്നത്. ഇരുപത്തിരണ്ടാം വാക്യമൊഴികെ ഈയൊരു അക്ഷരമാലാക്രമം നമുക്ക് കാണാം. ഈ സങ്കീർത്തനത്തിന്റെ രചന എപ്പോഴാണ് നടന്നതെന്ന് വ്യക്തമല്ലെങ്കിലും, ദാവീദിന്റെ ജീവിതത്തിലെ നിരവധിയായ വിഷമാവസ്ഥകളിലേക്കും, തെറ്റുകളിലേക്കും, നിരാശയുടെ നിമിഷങ്ങളിലേക്കും, എന്നാൽ അതേസമയം അനുതാപത്തിലേക്കും, ദൈവാശ്രയബോധത്തിലേക്കും ഒക്കെ നമ്മെ കൊണ്ടുപോകുന്ന ഈ വാക്യങ്ങൾ, പ്രവാസനന്തരകാലത്തായിരിക്കാം ഇതിന്റെ രചന നടന്നത് എന്ന തോന്നലാണ് ഉളവാക്കുന്നത്. തീവ്രമായ അപേക്ഷകളും, ക്ഷമിക്കുകയും നയിക്കുകയും ചെയ്യുന്ന ദൈവത്തിലുള്ള വിശ്വാസവും നിറഞ്ഞ ഈ സങ്കീർത്തനവരികൾ ദൈവത്തിന്റെ ഹൃദയമറിയുന്ന ഒരു വിശ്വാസിയുടെ ജീവിതമാണ് നമ്മുടെ മുന്നിൽ വരച്ചുകാട്ടുക.
ആർദ്രമായ പ്രാർത്ഥന
സങ്കീർത്തനത്തിന്റെ ആദ്യഭാഗത്ത്, പ്രത്യേകിച്ച് ഒന്നും രണ്ടും വാക്യങ്ങളിൽ, തന്റെ ജീവിതാവസ്ഥകളെ കർത്താവിന് മുന്നിൽ ഏറ്റുപറഞ്ഞ്, എല്ലാ അപകടാവസ്ഥകളിൽനിന്നും തന്നെ രക്ഷിക്കണമേയെന്ന് ആർദ്രമായി പ്രാർത്ഥിക്കുന്ന ദാവീദിനെയാണ് നാം കാണുന്നത്: "കർത്താവേ, എന്റെ ആത്മാവിനെ അങ്ങയുടെ സന്നിധിയിലേക്ക് ഞാൻ ഉയർത്തുന്നു. ദൈവമേ അങ്ങയിൽ ഞാൻ ആശ്രയിക്കുന്നു. ഞാൻ ഒരിക്കലും ലജ്ജിതനാകാതിരിക്കട്ടെ! ശത്രുക്കൾ എന്റെമേൽ വിജയം ആഘോഷിക്കാതിരിക്കട്ടെ!" (സങ്കീ. 25, 1-2). വിശ്വാസത്തോടെയും ആശ്രയബോധത്തോടെയും തന്നെത്തന്നെ ദൈവത്തിന് സമർപ്പിച്ചുകൊണ്ടാണ് ദാവീദ് പ്രാർത്ഥിക്കുന്നത്. സങ്കീർത്തനത്തിന്റെ രണ്ടാം വാക്യം, ഒരു വയോധികന്റെ പ്രാർത്ഥനയായി അറിയപ്പെടുന്ന 71-ആം സങ്കീർത്തനത്തിന്റെ ആദ്യവാക്യമായി ദാവീദ് പിന്നീട് ആവർത്തിക്കുന്നുണ്ട്. ദൈവത്തിൽ ശരണപ്പെടുന്ന, ഒരുവൻ ഒരിക്കലും ലജ്ജിതനാകുകയോ തോൽപ്പിക്കപ്പെടുകയോ ചെയ്യില്ല എന്ന ഒരു ബോധ്യത്തിലാണ് ദാവീദ് പ്രാർത്ഥിക്കുന്നത്. ദാവീദിന്റെ തന്നെ ജീവിതാനുഭവങ്ങളുടെ വെളിച്ചം കൂടി ഈ വരികളിൽ തെളിഞ്ഞുനിൽക്കുന്നുണ്ട്.
സഹായകനായ ദൈവത്തോടുള്ള പ്രാർത്ഥനയാണ് മൂന്ന് മുതൽ അഞ്ചുവരെയുള്ള വാക്യങ്ങളിൽ നാം കാണുന്നത്: "അങ്ങയെ കാത്തിരിക്കുന്ന ഒരുവനും ഭഗ്നാശനാകാതിരിക്കട്ടെ! വിശ്വാസവഞ്ചകർ അപമാനമേൽക്കട്ടെ! കർത്താവെ അങ്ങയുടെ മാർഗ്ഗങ്ങൾ എനിക്ക് മനസ്സിലാക്കിത്തരേണമേ! അങ്ങയുടെ പാതകൾ എന്നെ പഠിപ്പിക്കണമേ! അങ്ങയുടെ സത്യത്തിലേക്ക് എന്നെ നയിക്കണമേ! എന്നെ പഠിപ്പിക്കണമേ! എന്തെന്നാൽ അങ്ങാണല്ലോ എന്നെ രക്ഷിക്കുന്ന ദൈവം; അങ്ങേക്കുവേണ്ടി ദിവസം മുഴുവൻ ഞാൻ കാത്തിരിക്കുന്നു" (സങ്കീ. 25, 3-5). 22-ആം സങ്കീർത്തനം അഞ്ചാം വാക്യത്തിലും, ഏശയ്യാ പ്രവാചകന്റെ പുസ്തകം 49-ആം അധ്യായം 23-ആം വാക്യത്തിലുമൊക്കെ വായിക്കുന്നതുപോലെ, താനുൾപ്പെടെ, കർത്താവിനെ ആശ്രയിച്ച് കാത്തിരിക്കുന്നവർ ലജ്ജിതരാവുകയില്ല എന്ന ഒരു ബോധ്യമാണ് ദാവീദ് ഇവിടെ ആവർത്തിക്കുന്നത്. എന്നാൽ തുടർന്ന്, കർത്താവിന്റെ ശത്രുക്കൾക്കെതിരെ, അവർ അപമാനമേൽക്കട്ടെയെന്ന് അവൻ പ്രാർത്ഥിക്കുന്നു. കർത്താവിനെതിരായി പ്രവർത്തിക്കുന്നവർക്കെതിരെ പ്രാർത്ഥിക്കുന്ന ദാവീദ്, കർത്താവിന്റെ മാർഗങ്ങൾ മനസിലാക്കാനും, അവിടുത്തെ പാതകളിലൂടെ ചരിച്ച് സത്യത്തിലേക്ക് നയിക്കപ്പെടുവാനുമുള്ള തന്റെ ആഗ്രഹം ദൈവത്തിന് മുന്നിൽ പ്രാർത്ഥനയായി സമർപ്പിക്കുന്നു.
ഇസ്രായേൽ ജനത്തോടും തന്നോടും ദൈവം കാണിച്ച കരുണയും വിശ്വസ്തതയും ഓർമ്മിക്കുവാനും എന്നാൽ അതേസമയം തന്റെ വീഴ്ചകൾ ക്ഷമിച്ച് പൊറുക്കുവാനും അപേക്ഷിക്കുന്ന ദാവീദിനെയാണ് ആറും ഏഴും വാക്യങ്ങളിൽ നാം കാണുക: കർത്താവെ, പണ്ടുമുതലേ അങ്ങ് ഞങ്ങളോട് കാണിച്ച അങ്ങയുടെ കാരുണ്യവും വിശ്വസ്തതയും അനുസ്മരിക്കണമേ! എന്റെ യൗവനത്തിലെ പാപങ്ങളും അതിക്രമങ്ങളും അങ്ങ് ഓർക്കരുതേ! കർത്താവെ അങ്ങയുടെ അചഞ്ചല സ്നേഹത്തിന് അനുസൃതമായി കരുണാപൂർവ്വം എന്നെ അനുസ്മരിക്കണമേ!" (സങ്കീ. 25, 6-7).
കർത്താവിന്റെ നന്മയും സംരക്ഷണവും
സങ്കീർത്തനത്തിന്റെ എട്ടുമുതലുള്ള വാക്യങ്ങളിൽ ദാവീദ് കർത്താവിന്റെ നന്മയും, തന്റെ പാതയിൽ ചരിക്കുന്ന, തന്റെ ഉടമ്പടികളും പ്രമാണങ്ങളും പാലിക്കുന്ന ആളുകൾക്ക് ദൈവം നൽകുന്ന സംരക്ഷണവുമാണ് അനുസ്മരിക്കുന്നത്. "കർത്താവു നല്ലവനും നീതിമാനുമാണ്. പാപികൾക്ക് അവിടുന്ന് നേർവഴി കാട്ടുന്നു. എളിയവരെ അവിടുന്ന് നീതിമാർഗത്തിൽ നയിക്കുന്നു; വിനീതരെ തന്റെ വഴി പഠിപ്പിക്കുന്നു. കർത്താവിന്റെ ഉടമ്പടിയും പ്രമാണങ്ങളും പാലിക്കുന്നവർക്ക് അവിടുത്തെ വഴികൾ സത്യവും സ്നേഹവുമാണ്" (സങ്കീ. 25, 8-10). നല്ലവനും, നേർവഴി കാട്ടുന്നവനും സ്നേഹനിധിയുമായ കർത്താവിനോട് തന്റെ തെറ്റുകൾ തിരിച്ചറിഞ്ഞ്, അനുതാപത്തോടെ ദാവീദ് പ്രാർത്ഥിക്കുന്നു: "കർത്താവെ, അങ്ങയുടെ നാമത്തെ പ്രതി എന്റെ നിരവധിയായ പാപങ്ങൾ ക്ഷമിക്കേണമേ! (സങ്കീ. 25, 11).
"കർത്താവിനെ ഭയപ്പെടുന്നവനാരോ അവൻ തെരഞ്ഞെടുക്കേണ്ട വഴി അവിടുന്ന് കാണിച്ചുകൊടുക്കും. അവൻ ഐശ്വര്യത്തിൽ കഴിയും, അവന്റെ മക്കൾ ദേശം അവകാശമാക്കും. കർത്താവിന്റെ സൗഹൃദം അവിടുത്തെ ഭയപ്പെടുന്നവർക്കുള്ളതാണ്, അവിടുന്ന് തന്റെ ഉടമ്പടി അവരെ അറിയിക്കും. എന്റെ കണ്ണുകൾ സാദാ കർത്താവിങ്കലേക്ക് തിരിഞ്ഞിരിക്കുന്നു; അവിടുന്ന് എന്റെ പാദങ്ങളെ വലയിൽനിന്ന് വിടുവിക്കും" (സങ്കീ. 25, 12-15) എന്ന പന്ത്രണ്ടു മുതൽ പതിനഞ്ചു വരെയുള്ള വാക്യങ്ങളിലും തന്റെ പാതയിൽ നടക്കുന്നവർക്ക് ദൈവം നൽകുന്ന അനുഗ്രഹങ്ങളെയാണ് സങ്കീർത്തകൻ വിവരിക്കുന്നത്. തന്നെ ഭയപ്പെടുകയും, തന്നിലേക്ക് രക്ഷയ്ക്കായി കണ്ണുനട്ടിരിക്കുകയും ചെയ്തിരിക്കുന്ന തന്റെ സ്നേഹിതരെ, ശത്രു വിരിച്ചിരിക്കുന്ന കെണിയിൽനിന്ന് ദൈവം വിടുവിക്കുമെന്ന് ദാവീദ് തന്റെ ജീവിതാനുഭവങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് അനുസ്മരിക്കുന്നത്.
ഇസ്രയേലിന്റെ ദൈവത്തോടുള്ള പ്രാർത്ഥന
പതിനാറു മുതലുള്ള സങ്കീർത്തനവാക്യങ്ങളിൽ, സങ്കീർത്തനത്തിന്റെ ആദ്യഭാഗത്ത് നാം കണ്ട, സഹായത്തിനായുള്ള ആർദ്രമായ പ്രാർത്ഥനയാണ് ദാവീദ് ആവർത്തിക്കുന്നത്: "ദയ തോന്നി എന്നെ കടാക്ഷിക്കണമേ! ഞാൻ ഏകാകിയും പീഡിതനുമാണ്. എന്റെ ഹൃദയവ്യഥകൾ ശമിപ്പിക്കണമേ! മനഃക്ലേശത്തിൽനിന്ന് എന്നെ മോചിപ്പിക്കണമേ! എന്റെ പീഡകളും ക്ലേശങ്ങളും ഓർത്ത് എന്റെ പാപങ്ങൾ പൊറുക്കേണമേ! ഇതാ ശത്രുക്കൾ പെരുകിയിരിക്കുന്നു; അവർ എന്നെ കഠിനമായി വെറുക്കുന്നു. എന്റെ ജീവൻ കാത്തുകൊള്ളണമേ! എന്നെ രക്ഷിക്കണമേ! അങ്ങിൽ ആശ്രയിച്ച എന്നെ ലജ്ജിക്കാനിടയാക്കരുതേ! നിഷ്കളങ്കതയും നീതിനിഷ്ഠയും എന്നെ സംരക്ഷിക്കട്ടെ; ഞാനങ്ങയെ കാത്തിരിക്കുന്നു. ദൈവമേ, ഇസ്രയേലിനെ സകല കഷ്ടതകളിലും നിന്ന് മോചിപ്പിക്കണമേ!" (സങ്കീ. 25, 16-22). സങ്കീർത്തനത്തിന്റെ പതിനഞ്ചാം വാക്യത്തിൽ, തന്റെ കണ്ണുകൾ ദൈവത്തിലേക്ക് സാദാ തിരിഞ്ഞിരിക്കുന്നുവെന്ന് പറയുന്ന ദാവീദ് തുടർന്നുള്ള വാക്കുകളിൽ, തന്നോട് ദയ തോന്നി കടാക്ഷിക്കണമേയെന്ന് കർത്താവിനോട് അപേക്ഷിക്കുന്നു. ശത്രുക്കൾ പെരുകിയതിനാൽ സങ്കീർത്തകൻ അനുഭവിക്കേണ്ടിവരുന്ന പീഡനങ്ങളും, ക്ലേശങ്ങളും, ഹൃദയവ്യഥയും മനഃക്ലേശവും വലുതാണ്. തന്റെ പാപപരിഹാരമായി തന്റെ വർദ്ധിച്ച ദുരിതങ്ങളെ ദാവീദ് ദൈവത്തിന് മുന്നിൽ നിരത്തുന്നു. എല്ലാ വേദനകളുടെയും നടുവിലും ദൈവത്തിലുള്ള വിശ്വാസവും ശരണവും കൈവെടിയാത്ത ഒരു ഭക്തനെയാണ് നമുക്ക് ഈ വരികളിൽ കാണാനാകുന്നത്. തനിക്കുവേണ്ടി മാത്രമല്ല, ഇസ്രായേൽ ജനത്തിന്, ദൈവജനത്തിന് മുഴുവൻ വേണ്ടിയുള്ള ദാവീദിന്റെ പ്രാർത്ഥനയോടെയാണ് ഇരുപത്തിയഞ്ചാം സങ്കീർത്തനം, ഇസ്രയേലിന്റെ രാജാവായിരുന്ന ദാവീദ് അവസാനിപ്പിക്കുന്നത്.
സങ്കീർത്തനം ജീവിതത്തിൽ
തന്റെ പാപങ്ങളുടെ മുന്നിൽ ദൈവത്തിന്റെ ക്ഷമ യാചിക്കുന്ന, തനിക്കെതിരെ തിരിഞ്ഞിരിക്കുന്ന അനേകം വൈരികൾക്ക് മുന്നിൽ ദൈവത്തിന്റെ സംരക്ഷണവും സ്നേഹവും അപേക്ഷിക്കുന്ന ദാവീദിനെയാണ് ഇരുപത്തിയഞ്ചാം സങ്കീർത്തനവരികളിൽ നാം കണ്ടുമുട്ടിയത്. തന്റെ വിഷമാവസ്ഥയിലും ദുരിതത്തിലും, സ്വന്തം വീഴ്ചകൾ മറന്നുപോകാതെ, അവയെ ഓർത്ത് മാപ്പപേക്ഷിക്കാനും, ദൈവത്തിന്റെ മാർഗ്ഗത്തിലേക്ക് തിരികെ വരാനും, അങ്ങനെ ദൈവത്തിന്റെ സംരക്ഷണം അനുഭവിക്കാനുമുള്ള, വിവേകത്തോടെയുള്ള ദാവീദിന്റെ പ്രാർത്ഥനയാണ് ഈ സങ്കീർത്തനത്തെ മനോഹരവും അനുകരണീയവുമാക്കുന്നത്. കഠിനമായ വേദനകൾക്ക് മുന്നിൽ തന്നിലേക്ക് മാത്രം ചുരുങ്ങി, തന്റെ ആശ്വാസം മാത്രം ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നതിനു പകരം, തനിക്ക് ചുറ്റുമുള്ള, വേദനയും കഷ്ടതയും അനുഭവിക്കുന്ന ഇസ്രായേൽ ജനത്തെക്കൂടി ദാവീദ് ദൈവത്തിന് മുന്നിൽ സമർപ്പിക്കുന്നുണ്ട്. ജീവിതത്തിന്റെ ഏകാന്തതകളിലും തകർച്ചകളിലും വീണുപോകാതെ, രക്ഷിക്കുവാൻ കരുത്തുള്ള, നേരായ മാർഗ്ഗത്തിൽ നടത്തുവാൻ കഴിവുള്ള, സകല ഐശ്വര്യങ്ങളും ചൊരിയുവാൻ കാത്തിരിക്കുന്ന ദൈവത്തിലേക്ക് കണ്ണുകൾ തിരിക്കാനും, അവനിൽ നമ്മെ ഒരിക്കലും ഉപേക്ഷിക്കാത്ത ആശ്രയം കണ്ടെത്തുവാനും നമുക്ക് സാധിക്കട്ടെ. ഇസ്രയേലിന്റെ ദൈവം നമ്മിൽ ദയ തോന്നി കരുണയോടെ നമ്മെ കടാക്ഷിക്കട്ടെ. നമ്മുടെ പാപങ്ങൾ പൊറുത്ത്, എല്ലാ തിന്മകളിലും അപകടങ്ങളിലും നിന്ന്, നമ്മെ കാത്ത് പരിപാലിച്ച്, സത്യത്തിന്റെയും നീതിയുടെയും മാർഗത്തിൽ അവൻ നമ്മെ നയിക്കട്ടെ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: