സുഡാൻ പോരാട്ടം അവസാനിപ്പിക്കണം, സഭകളുടെ ലോകസമിതി!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
സുഡാനിൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സംഘർഷത്തിന് ഉടൻ അറുതിവരുത്തണമെന്ന് സഭകളുടെ ലോക സമിതി, ഡബ്ല്യു സി സി (World Council of Churches WCC).
അന്നാടിൻറെ സൈന്യവും അർദ്ധസൈന്യമായ ആർ എസ് എഫും (RSF) തമ്മിൽ ഏപ്രിൽ 15-ന് (2023) ആരംഭിച്ച പോരാട്ടം 270 ലേറെപ്പേരുടെ ജീവനപഹരിച്ചിട്ടുണ്ട്.
ചൊവ്വാഴ്‌ച വൈകുന്നേരം മുതൽ ബുധനാഴ്ച വൈകുന്നരം വരെയുള്ള 24 മണിക്കൂർ നേരത്തെ വെടിനിറുത്തൽ കരാർ പാലിക്കപ്പെട്ടില്ല. യുദ്ധം രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനാൽ ജനങ്ങൾ ഭയന്ന് പലായനം ചെയ്യുകയാണ്.
സൈനിക മേധാവി ജനറൽ അബ്ദൽ അൽ ബുർഹാനും അർദ്ധസൈന്യവിഭാഗത്തലവൻ ജനറൽ ഹംദാൻ ദഗാലോയും തമ്മിലുള്ള അഭിപ്രായ ഭിന്നതയാണ് നിലവിൽ തുടരുന്ന ഏറ്റു മുട്ടലിനു കാരണം.
സഭകളുടെ ലോകസമിതിയുടെ പൊതുകാര്യദർശി ജെറി പിള്ളയ് ഈ പോരാട്ടത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തി.
രാഷ്ട്രീയ സാമ്പത്തിക പ്രതിസന്ധിയും മാനവിക പ്രശ്നങ്ങളും അലട്ടുന്ന സുഡാനിലെ ജനങ്ങളുടെ അവസ്ഥ ഈ പോരാട്ടം കൂടുതൽ വഷളാക്കുമെന്ന ആശങ്കയും അദ്ദേഹം പ്രകടപ്പിച്ചു.
സുഡാനിൽ സംജാതമായിരിക്കുന്ന സംഘർഷാവസ്ഥയിൽ ഫ്രാൻസീസ് പാപ്പാ പതിനാറാം തീയതി ഞായറാഴ്ച മദ്ധ്യാഹ്ന പ്രാർത്ഥനാ വേളയിൽ തൻറെ ആശങ്ക രേഖപ്പെടുത്തുകയും അന്നാട്ടിൽ ഏറെ പരീക്ഷണവിധേയരായ ജനങ്ങളോടുള്ള തൻറെ സാമീപ്യം അറിയിക്കുകയും ചെയ്തിരുന്നു.
ആയുധങ്ങൾ താഴെ വയ്ക്കാനും സംഭാഷണം പ്രബലപ്പെടാനും സമാധാനത്തിൻറെയും ഐക്യത്തിൻറെയും പ്രയാണം പുനരാരംഭിക്കാനും വേണ്ടി പ്രാർത്ഥിക്കാൻ പാപ്പാ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: