ദൈവവചനവും, വിശുദ്ധകുർബാനയും ഉത്ഥിതനിലേയ്ക്കുള്ള മാർഗ്ഗങ്ങൾ
നമ്മുടെ കർത്താവായ യേശുമിശിഹായുടെ ഉത്ഥാനത്തിരുനാളിന് ശേഷമുള്ള ഞായറാഴ്ച്ചകളിൽ സഭാമാതാവ് നമ്മെ വായനകളിലൂടെ ഓർമപ്പെടുത്തുന്നത് എപ്രകാരം നമ്മുടെ ജീവിതത്തിലും ക്രിസ്തു ദർശനം സാധ്യമാക്കണം എന്നതാണ്. നമ്മുടെ ക്രിസ്തീയ വിശ്വാസത്തിന്റെയും, ജീവിതത്തിന്റയും അടിസ്ഥാനമായ യേശുവിന്റെ ഉയിർപ്പ് നമ്മിൽ ഉണർത്തേണ്ട പരമാർത്ഥമായ സത്യം മരണത്തിൽ നിന്നും നമ്മെ നിത്യ ജീവനിലേക്കു കൈപിടിച്ചുയർത്തുന്ന അവന്റെ അനന്തമായ സ്നേഹവും,കരുണയുമാണ്.ഈ സ്നേഹം കരുതലായി മനുഷ്യമക്കൾക്ക് സംലഭ്യമാകുന്ന വേദിയാണ്, ഉത്ഥാനത്തിനു ശേഷം തന്റെ ശിഷ്യന്മാർക്ക് പല അവസരങ്ങളിൽ പ്രത്യക്ഷപ്പെടുന്നതും, സമാധാനത്തിന്റെ ആശംസ അവർക്കു പകരുന്നതും. യേശുവിന്റെ ഉത്ഥാനം ശിഷ്യന്മാരുടെ ജീവിതത്തിൽ ചെലുത്തിയ വലിയ മാറ്റങ്ങളെയും, അനുഗ്രഹങ്ങളെയും ഉയിർപ്പുകാലം മൂന്നാം ഞായറാഴ്ചയിലെ വായനകളിലൂടെ നമ്മെ ഉദ്ബോധിപ്പിക്കുന്നു.
ഇന്നത്തെ സുവിശേഷ ഭാഗം പലതവണ നാം വായിച്ചു കേട്ടതും, ധ്യാനിച്ചിട്ടുള്ളതുമായ ശിഷ്യന്മാരുടെ എമ്മാവൂസ് അനുഭവത്തിലേക്കാണ് നമ്മെ കൂട്ടികൊണ്ടു പോകുന്നത്. എന്നാൽ ഈ അനുഭവത്തിലേക്ക് നമ്മെ ഒരുക്കുന്നതാണ് ആദ്യത്തെ രണ്ടു വായനകളും. ഒന്നാമത്തെ വായനയിൽ അപ്പസ്തോല പ്രവർത്തനങ്ങളുടെ വിവരണത്തിൽ, വിശുദ്ധ പത്രോസിന്റ, ഉത്ഥിതനായ ക്രിസ്തുവിൽ ഉരുത്തിരിഞ്ഞ തന്റെ വിശ്വാസത്തിന്റെ വളർച്ചയെ എടുത്തു കാണിക്കുന്നു. കൂടെ നടന്നവനും, തന്നെ സ്നേഹിച്ചവനുമായ ഗുരുവും നാഥനുമായ ക്രിസ്തുവിനെ മൂന്നു പ്രാവശ്യം തള്ളിപ്പറഞ്ഞവനായ പത്രോസ് തന്റെ വിശ്വാസം അതിന്റെ പൂർണ്ണതയിൽ പ്രഖ്യാപിക്കുന്നതാണ് ഒന്നാം വായനയുടെ ഇതിവൃത്തം. മനുഷ്യനായ ക്രിസ്തുവിൽ നിന്നും ഉത്ഥാനത്തിന്റെ ദൈവീകതയിലേക്കുള്ള ക്രിസ്തുവിനെ തിരിച്ചറിഞ്ഞതുകൊണ്ടാണ് പത്രോസിന്റെ ഈ ഉള്ളു തുറന്നുള്ള വിശ്വാസ പ്രഖ്യാപനം വ്യതിരിക്തമായ ഒരു അനുഭവം നമുക്ക് നൽകുന്നത്. യേശുവിന്റെ ഉത്ഥാനത്തിന് നാം സാക്ഷികളാണെന്നു മാത്രമല്ല പത്രോസ് പറയുന്നത്, മറിച്ച് അവന്റെ ഉത്ഥാനത്തിനു അടിസ്ഥാനമായ പിതാവായ ദൈവത്തിന്റെ ഹിതവും പത്രോസ് തിരിച്ചറിയുന്നു. ഇത് ഉന്നതത്തിൽ നിന്നുമുള്ള ഒരു തിരിച്ചറിവാണ്. 'ഞാൻ ആരെന്നാണ് നിങ്ങൾ പറയുന്നത്?' എന്ന യേശുവിന്റെ ചോദ്യത്തിന് 'നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്'(മത്താ 16,15 -17) എന്ന പത്രോസിന്റെ മറുപടിയോട് ചേർത്തുവേണം ഈ ഒന്നാം വായനയിലെ പത്രോസിന്റെ വിശ്വാസപ്രഖ്യാപനത്തെയും നാം വായിക്കേണ്ടത്. പത്രോസിന്റെ ഈ മറുപടിക്ക് യേശു നൽകുന്ന വിവരണം ഇപ്രകാരമാണ്: 'യോനായുടെ പുത്രനായ ശിമയോനെ,നീ ഭാഗ്യവാൻ!മാംസ രക്തങ്ങളല്ല സ്വർഗ്ഗസ്ഥനായ എന്റെ പിതാവാണ് ഇത് നിനക്ക് വെളിപ്പെടുത്തിത്തന്നത്.' ഈ വചനങ്ങളുടെ പൂർത്തീകരണമാണ് ഇന്നത്തെ ആദ്യ വായനയിൽ വിശുദ്ധ പത്രോസിന്റെ പ്രസംഗത്തിലൂടെ വെളിവാക്കപ്പെടുന്നത്. യേശുവിന്റെ മരണത്തിന്റെയും പുനരുത്ഥാനത്തിന്റെയും വെളിച്ചത്തിൽ രക്ഷയുടെ ചരിത്രം വീണ്ടും വായിക്കുവാനും ത്രിത്വയ്ക ദൈവത്തിന്റെ പദ്ധതിയെ തിരിച്ചറിയുവാനും പതോസിന്റെ വാക്കുകൾ നമ്മെ ക്ഷണിക്കുന്നു. യേശുവിന്റെ ഉത്ഥാനം നമ്മുടെ ജീവിതവും, പ്രവർത്തനങ്ങളും വഴിയായി ഈ ലോകത്തിൽ സാക്ഷ്യമായി മാറണമെങ്കിൽ ഇപ്രകാരം മാംസരക്തങ്ങളുടെ വെളിപ്പെടുത്തലല്ല നമുക്കാവശ്യം മറിച്ച് ദൈവീക ജ്ഞാനമാണെന്നും ഒന്നാം വായന നമ്മെ ഓർമ്മപ്പെടുത്തുന്നു.
ഈ ക്രിസ്തീയ പ്രഖ്യാപനത്തിന്റെ തുടർച്ചയാണ് രണ്ടാമത്തെ വായനയിലൂടെ വിശുദ്ധ പത്രോസ് ശ്ലീഹ നമ്മെ പഠിപ്പിക്കുന്നത്. ലൗകികമായ മാർഗങ്ങളിലൂടെ യേശുവിന്റെ ഉത്ഥാനത്തിന്റെ രഹസ്യം തേടുന്നവർ കാത്തിരിക്കുന്നത് നിരാശയുടെ തീരങ്ങളാണെന്നും അതിനാൽ സ്വമാർഗങ്ങളിലൂടെ രക്ഷ നേടുന്നവർ സ്വയം വഞ്ചിതരാക്കപ്പെടുമെന്നും ശ്ലീഹ ഓർമ്മിപ്പിക്കുന്നു. ഇവിടെ അടിവരയിട്ടു പറയുന്ന അടിസ്ഥാനമായ സത്യം യേശുവിന്റെ രക്തത്തിലൂടെ വീണ്ടെടുക്കപ്പെട്ട ഓരോ വ്യക്തിയുടെയും വീണ്ടെടുപ്പാണ്.യേശുവിന്റെ മരണം വഴിയായി നമ്മുടെ പാപങ്ങളൊടൊപ്പം മൃതരാകുന്ന നമുക്ക് അവന്റെ ഉത്ഥാനമാണ് നിത്യജീവനിലേക്കുള്ള വീണ്ടുപ്പിന്റെ അച്ചാരമായി ഭവിക്കുന്നത്
എന്നാൽ ക്രിസ്തുവിന്റെ ഉത്ഥാനം തിരിച്ചറിയുവാനും, ആ ഉത്ഥാനത്തിന്റെ ഫലങ്ങൾ നമ്മുടെ ജീവിതത്തിൽ ഏറ്റുവാങ്ങുവാനും അഹം വെടിഞ്ഞുകൊണ്ടുള്ള എളിമയുടെ ഒരു ജീവിതം നയിക്കുവാനും ശ്ലീഹ നമ്മെ ആഹ്വാനം ചെയ്യുന്നു. സഹോദര സ്നേഹവും, ദൈവ ഹിതത്തിനുള്ള പൂർണ്ണമായ സമർപ്പണവുമാണ് ഇപ്രകാരം ഉത്ഥാനത്തിന്റെ അനുഭവം സാധ്യമാകുവാനുള്ള മാർഗങ്ങളായി രണ്ടാം വായന നമ്മെ അനുസ്മരിപ്പിക്കുന്നത്. എന്നാൽ ജീവിതത്തിന്റെ ചില നിമിഷങ്ങളിൽ മാനുഷികമായ ദൗർബല്യങ്ങൾക്ക് അടിമപ്പെട്ടുകൊണ്ട് ഉത്ഥിതന്റെ സാന്നിധ്യം തിരിച്ചറിയാൻ സാധിക്കാതെ പോകുന്ന നിമിഷങ്ങളെയും തള്ളിക്കളയാനാവില്ല. ഈ ബലഹീനതയെയാണ് ഇന്നത്തെ സുവിശേഷ ഭാഗം നമുക്ക് ചൂണ്ടിക്കാണിക്കുന്നത്.
എമ്മാവൂസ് യാത്ര നമ്മുടെ ജീവിതത്തിന്റെ യഥാർത്ഥ പ്രതിഫലനമാണ്. യാഥാർഥ്യത്തിന്റെ ലോകത്തുനിന്നും ദൂരേക്ക് യാത്രയാകുന്ന രണ്ടു പേരെയാണ് എമ്മാവൂസ് അനുഭവത്തിൽ നാം കണ്ടുമുട്ടുക. മൂന്നുവർഷം കൂടെ നടന്നവൻ, കുരിശിലേറി മരണം വരിച്ചപ്പോൾ പ്രവചനങ്ങളെല്ലാം മറന്നുകൊണ്ട്, എല്ലാ പ്രതീക്ഷകളും അവസാനിച്ചുവെന്ന് വിചാരിച്ചുകൊണ്ട്, കാല്പനികമായ ഒരു ലോകത്തിലേക്ക് വഴുതി മാറുന്ന രണ്ടുപേർ. 'കല്ലറയിൽ അടക്കപ്പെട്ടവൻ അവിടെ ഇല്ല' എന്ന സ്ത്രീകളുടെ വാക്കുകൾക്ക് ഉത്ഥാനത്തിന്റെ പ്രവചന സ്വരം പ്രതീക്ഷകൾ നൽകാതെ വാക്കുകളുടെ നൈമിഷികതയിൽ കാലടിപ്പാടുകൾക്ക് വേഗം കൂട്ടുന്ന രണ്ടുപേർ. ഒരുപക്ഷെ നമ്മുടെ ജീവിതത്തിലും ക്രിസ്തുവിന്റെ വാക്കുകൾ ഉൾക്കൊള്ളാൻ സാധിക്കാതെ വരുമ്പോൾ അവനിൽ നിന്നും ദൂരേക്ക് പോകുവാൻ നമ്മുടെ കാലടിപ്പാടുകൾക്ക് നാം വേഗം കൂട്ടാറുണ്ട്.
ഇന്നത്തെ സുവിശേഷത്തിന്റെ പ്രത്യേകത എമ്മാവൂസിലേക്ക് യാത്രപോകുന്ന ഒരു ശിഷ്യന്റെ പേര് മാത്രമാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ക്ലെയോപ്പാസിന്റെ കൂടെയുള്ള വ്യക്തിയാരെന്നു ലൂക്കാ സുവിശേഷകൻ വ്യക്തമാക്കുന്നില്ല. വ്യാഖ്യാതാക്കൾ ഇതിനു വിവിധ അനുമാനങ്ങൾ നൽകുന്നുണ്ടെങ്കിലും, രണ്ടാമത്തെ വ്യക്തിയോട് നമ്മുടെ ജീവിതത്തെ കൂട്ടിച്ചേർത്തു വായിക്കുമ്പോൾ യേശുവിന്റെ ഉത്ഥാനത്തോട് കൂടുതൽ അടുക്കുവാൻ നമുക്ക് സാധിക്കും. ഭാരപ്പെടുത്തുന്ന വ്യഥകൾ ജീവിതത്തിൽ കയ്‌പ്പേറിയ അനുഭവങ്ങൾ നൽകുമ്പോൾ പലപ്പോഴും യാഥാർഥ്യത്തെ നേരിടാൻ നമുക്ക് സാധിക്കാതെ പോകാറുണ്ട്. ഇപ്രകാരം ദൂരേക്ക് നാം പോകുമ്പോൾ നമുക്ക് കൂട്ടുവരുന്ന യേശുവിനെ തിരിച്ചറിയുവാൻ നമുക്ക് സാധിക്കാതെ പോകാറില്ലേ. അവന്റെ വാക്കുകൾക്ക് കാതോർക്കുവാനോ, അവന്റെ നിർദ്ദേശങ്ങൾ സ്വീകരിക്കാനോ നിൽക്കാതെ തളർന്നു പോകാറില്ലേ ? ഇതാണ് എമ്മാവൂസ് യാത്ര നമുക്ക് നൽകുന്ന ജീവിതയാഥാർഥ്യം. എന്നാൽ നമ്മുടെ താല്പര്യമില്ലായ്മ യേശുവിനെ നമ്മിൽ നിന്നും അകറ്റുന്നില്ല, മറിച്ച് നമ്മുടെ കുറവുകളിൽ അവൻ തന്റെ വചനങ്ങളുടെ ശക്തി നിറയ്ക്കുന്നു. ഇതാണ് മോശയിൽ തുടങ്ങി തന്നെ സംബന്ധിച്ചുള്ള തിരുവെഴുത്തുകൾ വിശദീകരിച്ചു കൊടുക്കുന്ന യേശുവിൽ നമുക്ക് കാണുവാൻ സാധിക്കുന്നത്.
സങ്കടങ്ങളുടെ തിരത്തള്ളലിൽ പലപ്പോഴും ദൈവവചനകൾ പ്രയോഗികതയിലേക്ക് നാം കൊണ്ട് വരുന്നില്ലെങ്കിൽ പോലും, ഇരുതല വാളിനേക്കാൾ മൂർച്ചയേറിയ വചനത്തിന്റെ പ്രഭ, നമ്മുടെ ഹൃദയത്തിൽ സൃഷ്ടിക്കുന്ന പ്രത്യാശയെ പിന്നീട് നാം മനസിലാക്കുമെന്നും ഇന്നത്തെ സുവിശേഷം നമ്മെ പഠിപ്പിക്കുന്നു. അവൻ വചനങ്ങൾ പറഞ്ഞപ്പോൾ നമ്മുടെ ഹൃദയം ജ്വലിച്ചിരുന്നില്ലേ എന്ന അവരുടെ സംഭാഷണം എപ്രകാരമാണ് ദൈവവചനത്തിന്റെ ശക്തി നമ്മുടെ ജീവിതത്തിൽ പ്രകടമാകുന്നതെന്ന് വെളിപ്പെടുത്തുന്നു. എന്നാൽ മനുഷ്യന്റെ ജീവിതത്തിലെ ഇരുണ്ട നിമിഷങ്ങളെ ഒരിക്കലും യേശു കുറ്റപ്പെടുത്തുന്നില്ല മറിച്ച് മനുഷ്യന്റെ അജ്ഞതയിൽനിന്നും അവനെ വിശ്വാസത്തിന്റെ വെളിച്ചത്തിലേക്ക് കൊണ്ടുവരുവാൻ യേശു ആഗ്രഹിക്കുന്നു. അതിനായി പടിപടിയായി തന്നെ സ്വീകരിക്കുവാൻ തക്കവണ്ണം മനുഷ്യഹൃദയങ്ങളെ അവൻ ഒരുക്കുന്നു. വചനങ്ങൾ ഉണർത്തിയ ആത്മീയ ദാഹമാണ് ഇരുട്ടിന്റെ കാഠിന്യത്തിൽ യേശുവിനെ തങ്ങളുടെ കൂടെ ആയിരിക്കുവാൻ ശിഷ്യന്മാർ ക്ഷണിക്കുന്നത്. നേരം വൈകിയിരിക്കുന്നു, പകൽ അസ്തമിച്ചു ഇനി ഞങ്ങൾക്ക് ആവശ്യമായത് നിത്യ വെളിച്ചമായ യേശുവിനെ ആണെന്ന് അവരറിയാതെ തന്നെ അവരുടെ ഉള്ളിൽ ജ്വലിച്ച ഹൃദയത്തിന്റെ അഗാധതയിൽ പറഞ്ഞിട്ടുണ്ടാവണം. എന്നാൽ നമ്മുടെ പരിമിതമായ വിശ്വാസത്തേക്കാളുപരി നമ്മുടെ രക്ഷ ആഗ്രഹിക്കുന്നവനായ ദൈവം കൂടെ താമസിക്കുവാൻ നമ്മിലേക്ക് ഇറങ്ങിവരുന്നു. തിരിച്ചറിയാതെ പോയ ശിഷ്യരുടെ മാനസികാവസ്ഥ യേശുവിന്റെ വരവിനെ തടസപ്പെടുത്തുന്നില്ല. മറിച്ച് കൂദാശയുടെ അനുഭവത്തിൽ അവരുടെ വിശ്വാസം വീണ്ടെടുക്കുന്നു. ദൈവവചനകളുടെ വിശദീകരണ വേളയിൽ ജ്വലിച്ച ശിഷ്യരുടെ ഹൃദയങ്ങൾ വിശ്വാസത്തിന്റെ പൂർണ്ണതയിലേക്ക് കടന്നുവരുന്നത്, കൂടെ നടന്നവൻ കുർബാനയായി മാറിയപ്പോഴാണ്. കൈകളിൽ അപ്പമെടുത്തു വാഴ്ത്തി വിഭജിച്ചുകൊണ്ട് അവർക്കു നൽകിയപ്പോൾ അവരുടെ കണ്ണിൽ നിന്നും കണ്ണീർ താഴേക്ക് പതിച്ചിട്ടുണ്ടാവും. വിശ്വാസം സന്തോഷമായി വളർന്നുകൊണ്ട് സാക്ഷ്യത്തിലേക്ക് അവരെ നയിക്കുന്നതാണ് സുവിശേഷം അവസാന ഭാഗത്ത് നമുക്ക് ചൂണ്ടിക്കാണിക്കുന്നത്. ഈ സാക്ഷ്യം വീണ്ടും ജീവിതത്തിന്റെ യാഥാർഥ്യങ്ങളിലേക്ക് മടങ്ങി പോകുവാൻ അവരെ പ്രോത്സാഹിപ്പിക്കുന്നു.
യേശുവിൽ സ്നേഹം നിറഞ്ഞവരെ,
നമ്മുടെ ജീവിതത്തിലും ഉത്ഥിതനായ ക്രിസ്തു പകർന്നു നൽകുന്ന വലിയ പാഠം വിശ്വാസത്തിന്റെയും, സന്തോഷത്തിന്റെയും, സാക്ഷ്യത്തിന്റെയുമാണ്. ഈ അനുഗ്രഹങ്ങൾ നമ്മുടെ ജീവിതത്തിൽ സ്വീകരിക്കുവാൻ അവൻ നമുക്ക് നൽകുന്ന രണ്ടു മാർഗങ്ങളാണ് തിരുവചനവായനയും, വിശുദ്ധ കുർബാനയർപ്പണവും. ജീവിതത്തിന്റെ ഇരുൾ മൂടിയ താഴ്വരകളിലൂടെ നാം യാത്ര ചെയ്യുന്ന അവസരത്തിലും ഉത്ഥിതനായ ക്രിസ്തു പകർന്നു നല്കുന്ന ജീവന്റെ പാത പിന്തുടരണമെങ്കിൽ അവന്റെ വാക്കുകൾക്ക് നാം കാതോർക്കണം ഒപ്പം അവന്റെ ബലിയിൽ ദാഹത്തോടെ പങ്കുകൊള്ളണം. മരണത്തെ കീഴടക്കിയ യേശുവിൽ വിശ്വസിക്കാനും കുരിശിന്റെയും പുനരുത്ഥാനത്തിന്റെയും വീക്ഷണകോണിൽ നിന്ന് പരീക്ഷണങ്ങളെയും വേദനകളെയും തരണം ചെയ്യുവാനും എമ്മാവൂസ് അനുഭവം നമുക്ക് ശക്തി പകരട്ടെ. ആമേൻ
ലത്തീൻ ആരാധനക്രമം ഉയിർപ്പുകാലം മൂന്നാം ഞായറാഴ്ചയിലെ വായനകളെ ആധാരമാക്കി ഫാ.ജിനു ജേക്കബ് പങ്കുവച്ച വചന വിചിന്തനമാണ് ഇന്നത്തെ സുവിശേഷ പരിചിന്തനത്തിൽ നാം ശ്രവിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: