സാൻ എജിദിയോ: എത്യോപ്യയിൽ നിന്നുള്ള 67 അഭയാർത്ഥികളെ സ്വീകരിക്കും
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
എത്യോപ്യയിൽ നിന്ന് മാനുഷിക ഇടനാഴികൾ തുറക്കുന്നതിന് സാൻ എജിദിയോ സമൂഹവും ഇറ്റാലിയൻ മെത്രാൻ സമിതിയും (ഇറ്റാലിയൻ കാരിത്താസ് വഴി) ഇറ്റാലിയൻ ഗവൺമെന്റും തമ്മിലുള്ള മൂന്നാമത്തെ ധാരണാപത്രത്തിൽ ഒപ്പുവെച്ചുകൊണ്ട് സാധ്യമാക്കുന്ന ആദ്യ യാത്രയാണിത്.
എരിത്രിയൻ, ദക്ഷിണ സുഡാൻ പൗരത്വമുള്ള ഈ 67 പേർ എത്യോപ്യയിൽ ദീർഘകാലം അഭയാർത്ഥികളായിരുന്നു. മുമ്പ് മാനുഷിക ഇടനാഴികളിലൂടെ ഇറ്റലിയിൽ എത്തിയ അവരുടെ ബന്ധുക്കളോ സുഹൃത്തുക്കളോ റിപ്പോർട്ട് ചെയ്തതനുസരിച്ച് കണ്ടെത്തിയവരാണ് ഈ 67 പേരും.
ലാത്സിയോ, കാമ്പാനിയ, എമിലിയ റൊമാഗ്ന, ലൊംബാർഡി, വെനെറ്റോ തുടങ്ങിയ ഇറ്റാലിയൻ പ്രദേശങ്ങളിൽ ഈ വരുന്ന അഭയാർത്ഥി കുടുംബങ്ങളെ സ്വീകരിക്കുകയും അവരെ സമൂഹത്തിൽ ഉൾക്കൊള്ളിക്കുന്നതിനുള്ള പ്രക്രിയ ആരംഭിക്കുകയും ചെയ്യും. പ്രായപൂർത്തിയാകാത്തവരെ വിദ്യാലയങ്ങളിൽ ഉടനടി ചേർക്കുന്നതിലൂടെ ഇറ്റാലിയൻ ഭാഷ പഠിക്കുവാനും മുതിർന്നവർക്ക് അഭയാർത്ഥി രേഖ ലഭിച്ചു കഴിഞ്ഞാൽ, തൊഴിൽ ചെയ്യാനുള്ള മാർഗ്ഗങ്ങളും തുറന്നു കിട്ടും.
അഭയാർത്ഥികളെ സ്വാഗതം ചെയ്യുന്നതിനും അതുമായി ബന്ധപ്പെട്ട് ഒരു പത്രസമ്മേളനവും ഏപ്രിൽ 26 ബുധനാഴ്ച 11.30 ന് സജ്ജീകരിച്ചിട്ടുണ്ട്. പങ്കെടുക്കാനാഗ്രഹിക്കുന്ന മാധ്യമപ്രവർത്തകർ 10.30-ന് മുമ്പായി ഫ്യൂമിചീനോയിലെ ടെർമിനൽ 3-ന്റെ 5മത്തെ വാതിലിലൂടെ പത്രസമ്മേളനം നടക്കുന്ന സ്ഥലത്തേക്ക് പ്രവേശിക്കണം എന്ന് അറിയിക്കുന്നു. അതിന് ആവശ്യമായ അനുവാദം com@santegidio.org എന്ന വിലാസത്തിൽ നിന്ന് ലഭ്യമാണ്.
സാൻ എജിദിയോ സമൂഹത്തിന്റെ പ്രസിഡന്റ് മാർക്കോ ഇംപല്ല്യാസോ, കാരിത്താസ് ഇറ്റലിയുടെ ഡെപ്യൂട്ടി ഡയറക്ടർ സിൽവിയ സിനിബാൾഡി, ആഭ്യന്തര, വിദേശകാര്യ മന്ത്രാലയ പ്രതിനിധികൾ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: