നിഷ്കളങ്കന്റെ ആശ്രയമായ ദൈവം
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
ദാവീദിന്റെ പ്രാർത്ഥന എന്ന ശീർഷകത്തോടെയുള്ള പതിനേഴാം സങ്കീർത്തനം ഒരു വൈയക്തിക വിലാപഗാനമാണ്. തന്റെ നിസ്സഹാവസ്ഥയിൽ ദൈവത്തോടുള്ള ഒരു വിശ്വാസിയുടെ സായംകാല പ്രാർത്ഥനകൂടിയാണിത്. ദൈവത്തിന് മുന്നിൽ തന്റെ നിഷ്കളങ്കത അവകാശപ്പെടുന്ന സങ്കീർത്തകനിലെ വിശ്വാസി തന്റെ ജീവിതത്തിൽ, ദുഷ്ടരുടെ പ്രവൃത്തികൾ മൂലം സഹിക്കേണ്ടിവരുന്ന യാതനകളുടെ മുന്നിൽ ദൈവത്തോട് സഹായത്തിനായി അപേക്ഷിക്കുന്നു. ദൈവത്തിന്റെ വലതുകരത്തിനു കീഴിൽ അഭയം തേടുന്നവർ ഉപേക്ഷിക്കപ്പെടില്ലെന്ന ബോധ്യത്തോടെയാണ് ദാവീദ് പ്രാർത്ഥിക്കുന്നത്. ആക്രമിക്കാനും കടിച്ചുചീന്താനും കാത്തിരിക്കുന്ന ശത്രുവിനെ ദൈവം എതിർത്തു തോൽപ്പിക്കുമെന്നും, തിന്മ പ്രവർത്തിക്കുന്ന ദുഷ്ടരിൽനിന്ന് രക്ഷ നേടാനായുള്ള തന്റെ പ്രാർത്ഥനകൾ ശ്രവിക്കപ്പെടുമെന്നും, ദൈവത്തിന്റെ തിരുമുഖദർശനത്തിലൂടെ തനിക്ക് തൃപ്തിയടയാൻ സാധിക്കുമെന്നും സങ്കീർത്തകന് ഉറപ്പുണ്ട്. നിഷ്കളങ്കമായി ജീവിക്കുന്നവർക്ക് ദൈവത്തിന്റെ ന്യായവിധിയിലാണ് പ്രതീക്ഷയുള്ളത്. സങ്കീർത്തകൻ ദൈവസ്തുതിയുടെ സ്വരമുയർത്തുന്നതും ഈ പ്രതീക്ഷയിലാണ്.
നിഷ്കളങ്കന്റെ നിലവിളി
സങ്കീർത്തനത്തിന്റെ ആദ്യ രണ്ടു വാക്യങ്ങൾ നിഷ്കളങ്കൻ ദൈവത്തിലേക്കുയർത്തുന്ന പ്രാർത്ഥനയുടെ വാക്കുകളാണ്: "കർത്താവേ, എന്റെ ന്യായം കേൾക്കണമേ! എന്റെ നിലവിളി ശ്രദ്ധിക്കണമേ! നിഷ്കപടമായ എന്റെ അധരങ്ങളിൽനിന്നുള്ള പ്രാർത്ഥന ശ്രവിക്കേണമേ! എന്റെ വിധി അങ്ങയുടെ സന്നിധിയിൽനിന്നു പുറപ്പെടട്ടെ! അങ്ങയുടെ കണ്ണ് ന്യായം കാണുമാറാകട്ടെ!" (സങ്കീ. 17, 1-2). അന്യായമായി ആക്രമിക്കപ്പെടുന്ന നിഷ്കപടനായ ഒരു വ്യക്തിയുടെ വിലാപമാണിത്. ദൈവത്തിന്റെ ദൃഷ്ടിയിൽ തന്റെ നിഷ്കളങ്കതയെക്കുറിച്ച് ഉറപ്പുള്ള സങ്കീർത്തകൻ ദൈവത്തിന്റെ ന്യായവിധിക്കായാണ് അപേക്ഷിക്കുന്നത്. ദൈവത്താൽ തന്റെ അപേക്ഷ ശ്രവിക്കപ്പെടുവാനും, തന്റെ വിഷമാവസ്ഥ കാണപെടുവാനും തനിക്ക് അവകാശമുണ്ടെന്ന ബോധ്യത്തോടെ പ്രാർത്ഥിക്കാൻ മാത്രം വിശ്വാസം സങ്കീർത്തകനായ ദാവീദിനുണ്ട്. തന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കരണമാകത്തക്കവിധം കാപട്യം നിറഞ്ഞ വാക്കുകൾ തന്റെ നാവുകൾ ഉരുവിട്ടിട്ടില്ലെന്ന ഉറപ്പോടെയാണ് ദാവീദ് സഹായത്തിനായി നിലവിളിക്കുന്നത്. തന്റെ കാര്യത്തിൽ തന്റെ ഹൃദയത്തിന്റേതിനേക്കാൾ ദൈവത്തിന്റെ ഹിതമനുസരിച്ചുള്ള വിധിക്കായി പ്രാർത്ഥിക്കാൻ സങ്കീർത്തകന് സാധിക്കുന്നതും അതുകൊണ്ടുതന്നെയാണ്. ഒരു കൊച്ചുകുഞ്ഞിന്റെ നിഷ്കളങ്കതയോടെ ദൈവസന്നിധിയിൽ പ്രാർത്ഥിക്കുവാൻ ഓരോ വിശ്വസിക്കും സാധിച്ചിരുന്നെങ്കിൽ!
സങ്കീർത്തകന്റെ നിഷ്കളങ്കത
സങ്കീർത്തകൻ തന്റെ ജീവിതത്തിന്റെ നിഷ്കളങ്കതയും തന്റെ പ്രവൃത്തികളുടെ ശുദ്ധതയും ദൈവത്തിന്റെ മുന്നിൽ തുറന്നുവയ്ക്കുന്ന വാക്കുകളാണ് മൂന്ന് മുതൽ അഞ്ചുവരെയുള്ള വാക്യങ്ങളിൽ: "അവിടുന്ന് എന്റെ ഹൃദയം പരിശോധിച്ചാൽ, രാത്രിയിൽ എന്നെ സന്ദർശിച്ചാൽ, അങ്ങ് എന്നെ ഉരച്ചുനോക്കിയാൽ, എന്നിൽ തിന്മ കണ്ടെത്തുകയില്ല; എന്റെ അധരങ്ങൾ പ്രമാണം ലംഘിക്കുകയില്ല. മറ്റുള്ളവർ ചെയ്യുന്നതുപോലെ ഞാൻ തിന്മ പ്രവർത്തിച്ചിട്ടില്ല. അങ്ങയുടെ അധരങ്ങളിൽനിന്നു പുറപ്പെടുന്ന വചനം ഞാൻ അനുസരിച്ചു; അക്രമികളുടെ പാതയിൽനിന്ന് ഞാൻ ഒഴിഞ്ഞുനിന്നു. എന്റെ കാലടികൾ അങ്ങയുടെ പാതയിൽത്തന്നെ പതിഞ്ഞു; എന്റെ പാദങ്ങൾ വഴുതിയില്ല" (സങ്കീ. 17, 3-5). താൻ ദൈവത്തിന്റെ മാർഗ്ഗത്തിൽനിന്ന് മാറി സഞ്ചരിച്ചിട്ടില്ലെന്ന ഉറപ്പോടെയാണ് സങ്കീർത്തകൻ പ്രാർത്ഥിക്കുന്നത്. ഒരുപക്ഷെ ദാവീദിനെതിരെ പുറപ്പെട്ട സാവൂളിന്റെ സാന്നിധ്യത്തിന് മുന്നിലാകാം ദാവീദ് ദൈവത്തോട് പ്രാർത്ഥിക്കുന്നത്. ദൈവത്തിന്റെ പ്രമാണങ്ങളിൽനിന്ന് താൻ വഴിമാറിയിട്ടില്ലെന്നും, അവയ്‌ക്കെതിരെ തന്റെ അധരങ്ങളിൽനിന്ന് ഒരു വാക്കുപോലും പുറപ്പെട്ടിട്ടില്ലെന്നുമുള്ള ഉറപ്പോടെ ദൈവത്തിന് മുന്നിൽ നിൽക്കാൻ ദാവീദിനാകുന്നുണ്ട്. അക്രമികളുടെയും തിന്മ പ്രവർത്തിക്കുന്നവരുടെയും പാതകളിൽനിന്ന് മാറി ദൈവത്തിന്റെ മാർഗ്ഗത്തിൽ സഞ്ചരിക്കാനാകുന്നവന് നിർമ്മലമായ മനഃസാക്ഷിയോടെയും, ധൈര്യത്തോടെയും ദൈവത്തിന്റെ സംരക്ഷണം തേടുവാനാകും.
ദൈവസഹായത്തിനായുള്ള അപേക്ഷ
തന്റെ ശത്രുക്കളുയർത്തുന്ന ഭീതിയുടെ മുന്നിൽ ദൈവസഹായം തേടുന്ന ദാവീദിനെയാണ് സങ്കീർത്തനത്തിന്റെ ആറുമുതലുള്ള വാക്യങ്ങളിൽ നാം കാണുക: "ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു; ദൈവമേ, അങ്ങ് എനിക്കുത്തരമരുളും; അങ്ങ് ചെവിചായിച്ച് എന്റെ വാക്കുകൾ ശ്രവിക്കണമേ! തന്റെ വലത്തുകൈയിൽ അഭയം തേടുന്നവരെ ശത്രുക്കളിൽനിന്നു കാത്തുകൊള്ളുന്ന രക്ഷകാ, അങ്ങയുടെ കാരുണ്യം വിസ്മയകരമായി പ്രദർശിപ്പിക്കണമേ! കണ്ണിന്റെ കൃഷ്ണമണി പോലെ എന്നെ കാത്തുകൊള്ളണമേ! അങ്ങയുടെ ചിറകിന്റെ നിഴലിൽ എന്നെ മറച്ചുകൊള്ളണമേ! എന്നെ ഞെരുക്കുന്ന ദുഷ്ടരിൽനിന്നും എന്നെ വളഞ്ഞിരിക്കുന്ന കൊടും ശത്രുക്കളിൽനിന്നും എന്നെ രക്ഷിക്കണമേ!" (സങ്കീ. 17, 6-9). താൻ ആയിരിക്കുന്ന ഭയാനകമായ അവസ്ഥയിൽ ദൈവത്തിന്റെ നാമം വിളിച്ചപേക്ഷിക്കുന്ന ദാവീദിന്റെ ആത്മവിശ്വാസം വലുതാണ്. ദുരിതങ്ങളും ആക്രമണങ്ങളും തന്റെ മുന്നിൽ തുടരുമ്പോഴും ദൈവം തന്നെ കൈവിടില്ലെന്ന ഉറപ്പോടെ ജീവിക്കുവാൻ സങ്കീർത്തകനാകുന്നുണ്ട്. ദൈവത്തിന്റെ വിസ്മയകരമായ കാരുണ്യം വലതുകരത്തിന്റെ സംരക്ഷണത്തിലൂടെ പ്രകടമാക്കുക, കണ്ണിലെ കൃഷ്ണമണി പോലെ അങ്ങയുടെ ചിറകിൻ കീഴിൽ മറയ്ക്കണമേ തുടങ്ങിയ മനോഹരമായ പ്രയോഗങ്ങളിലൂടെ, ദൈവികസംരക്ഷണത്തിന്റെ ശക്തിയും മാധുര്യവും മാത്രമല്ല, സ്വയം രക്ഷിക്കാനാകാത്തവിധം ദുർബലനാണ് താനെന്ന്, ലോലമായ കണ്മണി പോലെ നേർത്തതാണ് തന്റെ ജീവിതമെന്ന സത്യം കൂടിയാണ് ദാവീദിലെ വിശ്വാസി ഏറ്റുപറയുന്നത്. തന്റെ ജീവിതത്തിന്റെ നിസ്സാരത തിരിച്ചറിയുമ്പോഴാണ് ജീവന്റെ നാഥനായ ദൈവത്തിൽ സംരക്ഷണം തേടാൻ ഒരുവന്റെ മനസ്സ് പാകമാകുക.
ശത്രുക്കളുടെ പതനവും ദൈവത്തിലുള്ള ആനന്ദവും
സങ്കീർത്തനത്തിന്റെ പത്തുമുതൽ പന്ത്രണ്ടു വരെയുള്ള വാക്യങ്ങളിൽ തനിക്കെതിരെ നിരക്കുന്ന ശത്രുക്കളെ ഒരു സിംഹത്തെപ്പോലെയാണ് ദാവീദ് ദൈവത്തിന് മുന്നിൽ അവതരിപ്പിക്കുന്നത്: "അവരുടെ ഹൃദയത്തിൽ അനുകമ്പയില്ല; അവരുടെ അധരങ്ങൾ വൻപു പറയുന്നു. അവർ എന്നെ അനുധാവനം ചെയ്യുന്നു; ഇതാ, എന്നെ വളഞ്ഞു കഴിഞ്ഞു, എന്നെ നിലം പതിപ്പിക്കാൻ അവർ എന്റെ മേൽ കണ്ണുവച്ചിരിക്കുന്നു. കടിച്ചു ചീന്താൻ വെമ്പുന്ന സിംഹത്തെപ്പോലെയാണവർ; പതിയിരിക്കുന്ന യുവസിംഹത്തെപ്പോലെതന്നെ" സങ്കീ. 17, 10-12). നിർവ്വികാരരും വമ്പു പറയുന്നവരുമായ മനുഷ്യരെപ്പോലെയും, തന്റെ ഇരയെ കീഴ്‌പ്പെടുത്താൻ പാത്തിരിക്കുന്ന മൃഗത്തെപ്പോലെയും ക്രൂരരാണ് തന്റെ ശത്രുക്കളെന്ന് ദാവീദ് ദൈവത്തോട് പറയുന്നു.
തന്റെ ജീവിതത്തെ ഇല്ലാതാക്കാൻ തക്കം പാർത്തിരിക്കുന്ന ശത്രുക്കളിൽനിന്നുള്ള സംരക്ഷണത്തിനായി, ദൈവത്തിന്റെ ശക്തമായ ഇടപെടലാണ് ദാവീദ് പ്രാർത്ഥിക്കുക: "കർത്താവെ! എഴുന്നേറ്റ് അവരെ എതിർത്ത് തോൽപിക്കണമേ! അങ്ങയുടെ വാൾ നീചനിൽനിന്ന് എന്നെ രക്ഷിക്കട്ടെ. ഇഹലോകജീവിതം മാത്രം ഓഹരിയായി കരുതുന്ന മർത്യരിൽനിന്ന് അങ്ങയുടെ കരം എന്നെ രക്ഷിക്കട്ടെ! അങ്ങ് അവർക്കുവേണ്ടി ഒരുക്കിയിരിക്കുന്നവകൊണ്ട് അവരുടെ വയർ നിറയട്ടെ! അവരുടെ സന്തതികൾക്കും സമൃദ്ധമായി ലഭിക്കട്ടെ! മിച്ചമുള്ളത് അവരുടെ പേരക്കിടാങ്ങൾക്കുവേണ്ടിയും നീക്കിവയ്ക്കട്ടെ!" (സങ്കീ. 17, 13-14). നിത്യതയെക്കാൾ ഈ ലോകത്തിന്റെ സുഖസൗകര്യങ്ങൾ തേടുന്ന മനുഷ്യരായാണ് ദാവീദ് തന്റെ ശത്രുക്കളെ വിശേഷിപ്പിക്കുന്നത്. എന്നാൽ ശത്രുക്കൾക്ക് പോലും അവരുടെ സുഖസൗകര്യങ്ങൾ നിഷേധിക്കാത്ത ഒരു ദൈവികമായ ഭാവത്തിലേക്ക് ദാവീദ് ഉയർന്നുവരുന്നുണ്ട്. ഇഹലോകസമ്പത്തിലും സുഖങ്ങളിലും സന്തോഷം തേടുന്നവർക്ക്, അത് നിഷേധിക്കാത്ത ദൈവം പക്ഷെ നിത്യതയെയും പരമമായ നന്മയെയും തേടുന്നവർക്ക് അത് എത്രയധികമായി നൽകുകയില്ല!
ദൈവവിശ്വാസത്തിൽനിന്ന് ഉയരുന്ന സംരക്ഷണത്തിന്റെയും വിജയത്തിന്റെയും ചിന്തകൾ ഉൾക്കൊള്ളുന്ന പതിനഞ്ചാം വാക്യത്തോടെയാണ് സങ്കീർത്തനം അവസാനിക്കുന്നത്: "നീതി നിമിത്തം ഞാൻ അങ്ങയുടെ മുഖം ദർശിക്കും; ഉണരുമ്പോൾ ഞാൻ അങ്ങയുടെ രൂപം കണ്ടു തൃപ്തിയടയും" (സങ്കീ. 17, 15). നാലാം സങ്കീർത്തനത്തിന്റെ ഏഴാം വാക്യവും മുപ്പത്തിയൊന്നാം സങ്കീർത്തനത്തിന്റെ പതിനേഴാം വാക്യവും ഒക്കെ ആവർത്തിക്കുന്ന, ദൈവത്തിന്റെ മുഖകാന്തി കണ്ടു സംതൃപ്തിയടയുവാനുള്ള ആഗ്രഹത്തോടെയും, അതിലൂടെ തനിക്ക് കൈവരുന്ന ആനന്ദത്തിലുള്ള ഉറപ്പോടെയുമാണ് ദാവീദ് ഈ വാക്കുകൾ എഴുതുക.
സങ്കീർത്തനം ജീവിതത്തിൽ
അന്യായമായ വിധികളാലും, അർഹിക്കാത്ത സഹനങ്ങളാലും ജീവിതം ബുദ്ധിമുട്ടേറിയതാകുമ്പോൾ, ശക്തമായ വിശ്വാസത്തോടെ ദൈവത്തിൽ ആശ്രയിക്കുവാനുള്ള വിളിയാണ് പതിനേഴാം സങ്കീർത്തനം നൽകുന്നത്. ശത്രുക്കൾ എത്ര ശക്തരുമായിക്കൊള്ളട്ടെ, ദൈവം ഒപ്പമുണ്ടെങ്കിൽ, ശക്തനായ അവന്റെ വലതുകരത്തിനും, ഒരമ്മപ്പക്ഷി തന്റെ കുഞ്ഞിനെയെന്നപോലെ നമ്മെ സംരക്ഷിച്ചുപിടിക്കുന്ന അവന്റെ ചിറകുകൾക്കും കീഴിൽ നിത്യമായ ആനന്ദവും രക്ഷയും കണ്ടെത്താൻ നമുക്കാകുമെന്ന ബോധ്യം ഈ സങ്കീർത്തനവരികൾ നമുക്ക് നൽകുന്നു. തിന്മകളുടെ അന്ധകാരത്തിലും ദൈവപ്രമാണങ്ങളുടെ വെളിച്ചം അണയാതെ സൂക്ഷിക്കാനും, ഹൃദയവിശുദ്ധി കാത്തുസൂക്ഷിക്കാനും നമുക്കാകട്ടെ. ദുഷ്ടരുടെ വളർച്ചയിലും അഭിവൃദ്ധയിലും അസൂയപ്പെടാതെ, ദൈവത്തിൽ ആനന്ദം കണ്ടെത്താനും, അവനിൽ നിത്യതയുടെ അമൂല്യമായ സമ്പത്ത് നേടാനും ദൈവം നമ്മിൽ കനിയട്ടെ. ദൈവത്തിന്റെ തിരുമുഖദർശനത്തിന്റെ മാധുര്യം നമ്മുടെ അവകാശമായി സ്വന്തമാക്കാൻ കർത്താവിന്റെ വിസ്മയകരമായ കാരുണ്യം എന്നും നമ്മുടെമേലുണ്ടാകട്ടെ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: