നൈജീരിയായിൽ ക്രിസ്തീയ വിരുദ്ധത കൊടുമ്പിരികൊള്ളുന്നു!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ആഫ്രിക്കൻ നാടായ നൈജീരിയ ക്രൈസ്തവർക്ക് ഏറ്റവും അരക്ഷിതമായ രാജ്യമായി പരിണമിച്ചിരിക്കുന്നു.
അന്നാട്ടിലെ സന്നദ്ധ സംഘടനായ ഇൻറർ സൊസൈറ്റി നല്കുന്ന വിവരങ്ങളുടെ വെളിച്ചത്തിലാണ് ഈ നിഗമനം.
ഇസ്ലാമിക് തീവ്രവാദ സംഘടനയായ ബൊക്കൊ ഹാറം 2009 മുതൽ ഇങ്ങോട്ട്, അതായത്, 14 വർഷത്തിനുള്ളിൽ, അന്നാട്ടിൽ വധിച്ച ക്രൈസ്തവരുടെ എണ്ണം 52250 ആണെന്ന് ഈ സംഘടന വെളിപ്പെടുത്തുന്നു.
ഇവരിൽ 30000 പേരും കൊല്ലപ്പെട്ടത് മുഹമ്മദ് ബുഹാരി നൈജീരിയായുടെ പ്രസിഡൻറ് ആയിരുന്ന എട്ടുവർഷക്കാലത്താണ് എന്നും ഇതേ കാലയളവിൽ അവിടെ 18000 ദേവാലയങ്ങളും 2200 വിദ്യാലയങ്ങളും അഗ്നിക്കിരയാക്കപ്പെട്ടുവെന്നും ഈ സംഘടന പറയുന്നു.
നടപ്പു വർഷം, അതായത്, 2023-ൽ ഈ നാലു മാസത്തിനുള്ളിൽ അന്നാട്ടിൽ ആയിരത്തിലേറെ ക്രൈസ്തവർ വധിക്കപ്പെടുകയും വൈദികരുൾപ്പെടെ എഴുനൂറിലേറെപ്പേർ തട്ടിക്കൊണ്ടുപോകപ്പെടുകയും ചെയ്തിട്ടുണ്ട്. ബൊക്കൊ ഹാറം ഏതാണ്ട് 34000 ഇസ്ലാം മിതവാദികളുടെയും ജീവനെടുത്തിട്ടുണ്ട്. കൂടാതെ, ഫുലാനി ഇസ്ലാമിക ഇടയ ഗോത്രവർഗ്ഗക്കാരും ക്രൈസ്തവർക്കെതിരെ ആക്രമണങ്ങൾ അഴിച്ചുവിടുന്നുണ്ട്. അമ്പതു ലക്ഷത്തോളം ക്രൈസ്തവർ നൈജീരിയയിൽത്തന്നെ അഭയാർത്ഥികളായിത്തീർന്നിട്ടുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: