യുക്രെയ്നിൽ ഓശാനാ ഞായറിന് മാരകമായ ഏറ്റുമുട്ടലുകൾ
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
യുക്രെയ്നിന്റെ കലുഷിതമായ കിഴക്കൻ ഭാഗത്ത് റഷ്യൻ സൈന്യത്തെ പുറം തള്ളാൻ യുക്രേനിയൻ സൈന്യം തീവ്രശ്രമം നടത്തുന്നതിനിടെയാണ് നാശം സംഭവിച്ചത്. സമീപകാല റഷ്യൻ ആക്രമണങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച യുക്രേനിയൻ പ്രസിഡന്റ് വ്ലാഡിമിർ സെലെൻസ്‌കിയുടെ സ്റ്റാഫിലെ മുതിർന്ന അംഗമായ ആൻഡ്രി യെർമാക് കിഴക്കൻ യുക്രെയ്നിലെ കോസ്റ്റിയാന്റിനിവ്ക പട്ടണത്തിൽ റഷ്യക്കാർ വൻതോതിൽ നടത്തിയ ഷെല്ലാക്രമണങ്ങളിൽ ഏതാനും പേർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തതായും സമൂഹ മാധ്യമത്തിൽ നടത്തിയ പ്രസ്താവനയിൽ പറഞ്ഞു. യെർമാക് പ്രസിദ്ധീകരിച്ച ഫോട്ടോകളിൽ സ്ഫോടനത്തിൽ ഭാഗീകമായി തകർന്ന കെട്ടിടങ്ങളും ഗർത്തങ്ങളും കാണാം. എന്നാൽ ദൃശ്യങ്ങളുടെ ആധികാരികതയോ അപകടത്തിൽപ്പെട്ടവരുടെ എണ്ണമോ സ്വതന്ത്രമായി പരിശോധിക്കാൻ മാധ്യമപ്രവർത്തകർക്ക് കഴിഞ്ഞില്ല.
ബഖ്മുത് യുദ്ധം
യുദ്ധത്തിന്റെ പ്രഭവകേന്ദ്രമായ ബഖ്മുത്തിൽ നിന്ന് 20 കിലോമീറ്റർ പടിഞ്ഞാറായിട്ടാണ് യുദ്ധത്തിന് മുമ്പ് ഏകദേശം 70,000 ആളുകൾ വസിച്ചിരുന്ന കോസ്റ്റിയാന്റിനിവ്ക. കുറഞ്ഞത് നീണ്ട എട്ട് മാസങ്ങളായി നഗരം പിടിച്ചെടുക്കാൻ ശ്രമിക്കുന്ന റഷ്യൻ സേനയെ പുറം തള്ളാൻ യുക്രേനിയൻ സൈന്യം പരിശ്രമിക്കുന്നു. ഈ അടുത്ത ദിവസങ്ങളിൽ ഏറ്റുമുട്ടലുകൾ രൂക്ഷമായതായി ബഖ്മുത്തിൽ യുദ്ധം ചെയ്യുന്ന യുക്രേനിയൻ സൈനികനായ റോമൻ നിരീക്ഷിച്ചു.
തങ്ങൾ കിടങ്ങുകൾ കുഴിച്ചുകൊണ്ടിരിക്കുകയായിരുന്നെന്നും എന്നാൽ ഇപ്പോൾ ആക്രമണകാരികളെ പ്രതിരോധിക്കാനുള്ള സമയമാണെന്നും വെടിയൊച്ചയുടേയും ഷെല്ലിംഗിന്റെയും പശ്ചാത്തലമുള്ള ഒരു വീഡിയോ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു. യുക്രെയിനിലെയും റഷ്യയിലെയും ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന പുതിയ ഇരകളെ സൃഷ്ടിച്ചു കൊണ്ട് തുടരുന്ന യുദ്ധത്തിൽ തനിക്ക് നിരവധി സഖാക്കളെ നഷ്ടപ്പെട്ടതായും റോമൻ അറിയിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: