യുദ്ധങ്ങൾ സൃഷ്ടിയെ ദരിദ്രമാക്കിത്തീർക്കുന്നു !
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഉക്രൈയിൻ യുദ്ധം പോലുള്ള പോരാട്ടങ്ങൾ സാഹോദര്യത്തെ ഹനിക്കുക മാത്രമല്ല സൃഷ്ടിയെ ദിരിദ്രമാക്കുകയും മുറിവേല്പിക്കുകയും ചെയ്യുന്നുവെന്നും ഇറ്റലിയിലെ കത്തോലിക്കാമെത്രാന്മാരുടെ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന ചർച്ചായോഗം.
റോമിൽ, ഏപ്രിൽ 14-ന് വെള്ളിയാഴ്‌ച ആയിരുന്നു മെത്രാൻസംഘം സൃഷ്ടിയുടെ പരിപാലനത്തെ അധികരിച്ചുള്ള പത്തൊമ്പതാമത്തെതായ ഈ ചർച്ചായോഗം സംഘടിപ്പിച്ചത്.
ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത് "ഊർജ്ജം ഇല്ലതാക്കിത്തീർക്കുന്ന അനുഭവം" ആണെന്നും ന്യായീകരിക്കാനാകാത്ത ദുർവ്യയത്തിൻറെ തിക്തഫലങ്ങൾ അനുഭവിക്കുന്നത് പാവപ്പെട്ടവരും നിസ്സഹായരുമായ ജനങ്ങളാണെന്നും യുദ്ധത്തിൻറെ അനന്തരഫലങ്ങൾ ആദ്യം അനുഭവിക്കുന്നത് അവരാണെന്ന് നമുക്കറിയാമെന്നും ഈ സമ്മേളനം പറയുന്നു.
ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന പദ്ധതി 2030-ഉം ഫ്രാൻസീസ് പാപ്പാ “ലൗദാത്തൊ സീ” എന്ന ചാക്രിലേഖനത്തിലൂടെ നല്കിയ സമഗ്രപാരിസ്ഥിക പരിവർത്തനത്തിനുള്ള ആഹ്വാനവും വഴി തുടങ്ങിവച്ച പാരിസ്ഥിതിക പരിവർത്തന പ്രക്രിയ പാവപ്പെട്ടവർക്കും ഭാവി തലമുറകൾക്കും വേണ്ടി അഭംഗുരം തുടരേണ്ടതിൻറെ അനിവാര്യത സമ്മേളനം ചൂണ്ടിക്കാട്ടുന്നു. നമ്മൾ ഗുരുതരമായ കാലാവസ്ഥാ വ്യതിയാന ഘട്ടത്തിലാണെന്നും അതു പരിഹരിക്കുന്നതിന് സത്വര നടപടി അനിവാര്യമാണെന്നും ചർച്ചായോഗം വ്യക്തമാക്കുന്നു.
യുദ്ധവും പാരിസ്ഥിതിക പ്രതിസന്ധിയും പരസ്പരം പോഷിപ്പിക്കുന്നവയാണെന്നും എന്നാൽ പൊതു ഭവനത്തിനായുള്ള ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനം "സമാധാനത്തിനായുള്ള ഭാവാത്മക പ്രവർത്തനവുമായി" സമന്വയിപ്പിക്കാനാകുമെന്നും സമ്മേളനം പറയുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: