തിന്മയുടെ മേൽ നന്മയുടെ വിജയത്തിൻറെ മഹാ രഹസ്യം ആവിഷ്കൃതമാകുന്ന ഉത്ഥാനം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
സുഗന്ധദ്രവ്യവുമായി രക്ഷകൻറെ ശൂന്യമായ കല്ലറയുടെ മുന്നിലെത്തിയ സ്ത്രീകളുടെ ദുഃഖത്തിനു സംഭവിച്ചതുപോലെ, ക്രിസ്തുവിൻറെ ഉത്ഥാന വെളിച്ചം നമ്മുടെ സങ്കടത്തെയും കണ്ണീരിനെയും പെസഹാ സന്തോഷമാക്കി മാറ്റുന്നുവെന്ന് ഉക്രൈയിനിലെ ഗ്രീക്കു കത്തോലിക്കാസഭയുടെ അദ്ധ്യക്ഷനായ വലിയ മെത്രാപ്പോലീത്ത സ്വിയത്തൊസ്ലാവ് ഷെവ്ചുക്ക് ( Sviatoslav Shevchuk).
ജൂലിയൻ പഞ്ചാംഗം പിൻചെല്ലുന്ന ഉക്രൈയിനിലെ ഗ്രീക്കു കത്തോലിക്കാസഭയുൾപ്പടെയുള്ള സഭകൾ പതിനാറാം തീയതി ഞായറാഴ്‌ച (16/04/23) ഉത്ഥാനത്തിരുന്നാൾ ആഘോഷിക്കുന്നതിനോടനുബന്ധിച്ച് അദ്ദേഹം നല്കിയ ഉയിർപ്പുതിരുന്നാൾ സന്ദേശത്തിലാണ് ഈ പ്രത്യാശാവചസ്സുകൾ ഉള്ളത്.
മാനുഷിക വീക്ഷണത്തിൽ അസാദ്ധ്യവും പ്രത്യാശയറ്റതുമായത് വിജയകരമായിത്തീരുന്നതും, പറുദീസയുടെ കവാടങ്ങൾ നമുക്കായി തുറന്ന് നമുക്ക് നിത്യജീവൻ പ്രദാനം ചെയ്യുന്നവൻറെ മഹത്വീകരണമായി രൂപാന്തരപ്പെടുന്നതും നാം ഉത്ഥാനത്തിൽ കാണുന്നുവെന്ന് മേജർ ആർച്ച്ബിഷപ്പ് ഷെവ്ചുക്ക് പറയുന്നു.
നിലവിലുള്ള യുദ്ധത്തിൻറെ ഭീകരതകളുടെ ഫലമായ അവിശ്വസനീയ യാതനകളുമായാണ്, ഉക്രൈയിനിലെ വിശ്വാസികൾ, ക്രിസ്തുവിൻറെ ഉത്ഥാനം ആഘോഷിക്കുന്നതെന്ന് പറയുന്ന അദ്ദേഹം മുറിവേറ്റവരെയും മരണമടഞ്ഞവരെയും നാടുകടത്തപ്പെട്ടവരെയും കണാതായവരെയും നാനാവിധത്തിലുള്ള ആഘാതങ്ങൾ ഏറ്റിരിക്കുന്നവരെയും കദനത്തിൻറെ കയത്തിലാണ്ടിരിക്കുന്നവരെയും അനുസ്മരിക്കുന്നു.
എന്നാൽ, സന്താപത്തിൻറെ മേൽ സന്തോഷത്തിൻറെയും അസത്യത്തിന്മേൽ സത്യത്തിൻറെയും, നിന്ദനത്തിൻറെയും പരിഹാസത്തിൻറെയും മേൽ മഹത്വത്തിൻറെയും ഇരുളിനുമേൽ വെളിച്ചത്തിൻറെയും തിന്മയുടെ മേൽ നന്മയുടെയും വിജയത്തിൻറെ മഹാ രഹസ്യം, ഇന്ന്, ഉയിർപ്പിൻറെയും ജീവൻറെയും പ്രഭാപൂർണ്ണവും സന്തോഷകരവുമായ തിരുന്നാൾ ദിനത്തിൽ, നമുക്ക് വെളിപ്പെടുത്തപ്പെടുന്നുവെന്നും മേജർ ആർച്ച്ബിഷപ്പ് ഷെവ്ചുക്ക് പറയുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: