തിരയുക

അന്താരാഷ്ട്ര മഹിളാദിനം, കിഴക്കെ ലണ്ടനിലെ ഒരു തെരുവു കലാദൃശ്യം അന്താരാഷ്ട്ര മഹിളാദിനം, കിഴക്കെ ലണ്ടനിലെ ഒരു തെരുവു കലാദൃശ്യം   (AFP or licensors)

വിസ്മരിക്കപ്പെടുന്ന സ്ത്രീജന്മങ്ങൾ !

മാർച്ചു എട്ട്, ലോക വനിതാദിനം.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

മാർച്ചുമാസം എട്ടാം തീയതി ലോകം മുഴുവൻ വനിതാദിനമായി ആഘോഷിക്കുമ്പോൾ പോഷകാഹാരക്കുറവിനാലും, മറ്റു ദുരിതങ്ങളാലും വലയുന്ന സ്ത്രീകളുടെയും, കൗമാരക്കാരായ പെൺകുട്ടികളുടെയും റിപ്പോർട്ട് ലോകാരോഗ്യസംഘടന പുറത്തുവിട്ടു.

മാർച്ചുമാസം എട്ടാം തീയതി വനിതാദിനമായി ലോകമെമ്പാടും ആഘോഷിക്കുന്നു. ഇന്നത്തെ കാലഘട്ടത്തിൽ സ്ത്രീകൾ നൽകുന്ന സേവനങ്ങളെ നന്ദിയോടെ സ്മരിക്കുന്നതിനും, അവരുടെ ശാക്തീകരണത്തിനായി പുതിയ സംരംഭങ്ങൾ ത്വരിതപ്പെടുത്തുവാനുമുള്ള നിരവധി പ്രവർത്തനങ്ങളാണ് ഈ ദിവസം ആഗോളപരമായി ചെയ്യുന്നത്. എന്നാൽ ഇതേ അവസരത്തിൽ സ്ത്രീകളും, കൗമാരക്കാരായ പെൺകുട്ടികളും അനുഭവിക്കുന്ന പോഷകാഹാരക്കുറവുകളുടെയും, തത്ഫലമായുണ്ടാകുന്ന പലവിധ ആരോഗ്യപ്രശ്നങ്ങളുടെയും ഞെട്ടിപ്പിക്കുന്ന കണക്കുകളാണ് ലോകാരോഗ്യസംഘടന പുറത്തുവിട്ടിരിക്കുന്നത്. ഏകദേശം ഒരു ബില്യണിലധികം സ്ത്രീകളാണ് ഇപ്രകാരം സമൂഹത്തിൽ അവശതയനുഭവിക്കുന്നത്.

പോഷകാഹാരക്കുറവ് അനുഭവിക്കുന്ന കൗമാരപ്രായക്കാരായ പെൺകുട്ടികളുടെയും, ഗർഭിണികളുടെയും, മുലയൂട്ടുന്ന സ്ത്രീകളുടെയും എണ്ണം 2020 മുതൽ 5.5 ദശലക്ഷത്തിൽ നിന്ന് 6.9 ദശലക്ഷമായി ഉയർന്നുവെന്ന കണക്കും ഏറെ ആശങ്കയുളവാക്കുന്നതാണ്.ദക്ഷിണേഷ്യയും, ഉപ-സഹാറൻ ആഫ്രിക്കയുമാണ് ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്ന സ്ഥലങ്ങൾ.ഒപ്പം ആഗോളതലത്തിൽ 3-ൽ 2 പേർക്ക് ഭാരക്കുറവും 5-ൽ 3 പേർക്ക് അനീമിയയും ഉള്ളതായും റിപ്പോർട്ടുകൾ പറയുന്നു.

നിരന്തരമായ ലിംഗ അസമത്വം മൂലം വർദ്ധിച്ചുകൊണ്ടിരിക്കുന്ന പ്രതിസന്ധികൾ, കൗമാരക്കാരായ പെൺകുട്ടികൾക്കും സ്ത്രീകൾക്കും ഇടയിൽ പോഷകാഹാര പ്രതിസന്ധി രൂക്ഷമാക്കുന്നുവെന്ന് സംഘടന മുന്നറിയിപ്പ് നൽകുന്നു. ഈ അപര്യാപ്തത വരും തലമുറയെ കൂടുതൽ പ്രശ്നങ്ങളിലേക്ക് കൊണ്ടുചെന്നെത്തിക്കുമെന്നുള്ള അപായസൂചനയും സംഘടന മുൻപോട്ട് വയ്ക്കുന്നു.താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലെ കൗമാരപ്രായക്കാരായ പെൺകുട്ടികൾക്കും സ്ത്രീകൾക്കും അവശ്യ പോഷക സേവനങ്ങൾ സൗജന്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും, വിവേചനപരമായ സാമൂഹികവും ലിംഗപരവുമായ മാനദണ്ഡങ്ങൾ ഇല്ലാതാക്കുന്നത് ത്വരിതപ്പെടുത്തണമെന്നും ഈ വനിതാദിനത്തിൽ സംഘടന എല്ലാ രാഷ്ട്രനേതാക്കളോടും അഭ്യർത്ഥിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 March 2023, 17:58