തിരയുക

സ്ലീവാപ്പാത സ്ലീവാപ്പാത 

ഭവനരഹിതരായവർക്കൊപ്പം കുരിശിന്റെ വഴി

കർദിനാൾ ആഞ്ചലോ ഡി ഡൊണാറ്റിസ് നേതൃത്വം നൽകുന്ന സ്ലീവാപ്പാത മാർച്ച് 28-ന്.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

മാർച്ച് 28 ചൊവ്വാഴ്‌ച ഇറ്റാലിയൻ സമയം വൈകുന്നേരം 7 മണിക്ക് ഇറ്റലിയിലെ ഓസ്തിയയിൽ നടക്കുന്ന കുരിശിന്റെ വഴി പ്രാർത്ഥനയ്ക്ക് റോമൻ രൂപതയുടെ പാപ്പായുടെ വികാരി കർദിനാൾ ആഞ്ചലോ ഡി ഡൊണാറ്റിസ് നേതൃത്വം നൽകും.

ലോകമെമ്പാടും അശരണർക്കും, പാവപ്പെട്ടവർക്കും കൈത്താങ്ങായി കൂടെ നിൽക്കുന്ന കത്തോലിക്കാസഭയുടെ കാരുണ്യത്തിന്റെ മറ്റൊരു മുഖമാണ് ഭാവനരഹിതർക്കായുള്ള നിരവധി പ്രവർത്തികൾ. ഇറ്റലിയിലെ പലപ്രദേശങ്ങളിലും ഇപ്രകാരം സ്വദേശീയരും, വിദേശീയരുമായ ആയിരക്കണക്കിന് ആളുകൾ ഇപ്രകാരം സഭയുടെ ഉപവിപ്രവർത്തന സംഘടനകളുടെ മേൽനോട്ടത്തിൽ സഹായങ്ങൾ സ്വീകരിക്കുന്നു. ഭൗതീകമായ   സഹായങ്ങൾക്ക് പുറമെ, ആത്മീയമായും, ബൗദ്ധികമായും, മാനസികവുമായ ഉന്നമനത്തിനും സഭ എപ്പോഴും ഊന്നൽ നല്കാറുണ്ടെന്നത് എടുത്തു പറയേണ്ടതാണ്. ആത്മീയമായ തുണയുടെ ഒരു വലിയ പ്രവർത്തനമാണ് മാർച്ച് 28 ചൊവ്വാഴ്‌ച ഇറ്റാലിയൻ സമയം വൈകുന്നേരം 7 മണിക്ക് ഇറ്റലിയിലെ ഓസ്തിയ പ്രദേശത്ത് റോം രൂപതയുടെ വികാരി കർദിനാൾ ആഞ്ചലോ ഡി ഡൊണാറ്റിസ് നേതൃത്വം നൽകിക്കൊണ്ട് ഭവനരഹിതരായ സഹോദരങ്ങളോടൊപ്പം നടത്തുന്ന കുരിശിന്റെ വഴിയും, തുടർന്നുള്ള അത്താഴവിരുന്നും.

ഓസ്തിയ പ്രദേശത്ത് അഭയാർഥികളായി മറ്റു രാജ്യങ്ങളിൽനിന്നും നിരവധിയാളുകളാണ് തുറന്ന സ്ഥലങ്ങളിൽ അന്തിയുറങ്ങുന്നത്. ഒരു നേരത്തെ ആഹാരത്തിനു പോലും വഴി കണ്ടെത്തുവാൻ വിഷമിക്കുന്ന അവസരത്തിലാണ് സഭയുടെ കാരിത്താസ് സംഘടന, ഇടവകയുടെ സഹായത്തോടെ ഇപ്രകാരം ജനുവരി മാസം പതിനെട്ടു മുതൽ ഈ അടിയന്തരസഹായകേന്ദ്രം തുറന്നത്. പതിനാറുപേർക്ക് രാത്രിയിൽ അന്തിയുറങ്ങാനുതകുംവിധം മുറികൾ ക്രമീകരിച്ചിരിക്കുന്നു, കൂടാതെ  അത്താഴവും പ്രഭാതഭക്ഷണവും സാമൂഹിക വിനോദവും ഉറപ്പുനൽകുകയും ചെയ്യുന്നു.

ഒരു ഏകദേശ കണക്കനുസരിച്ച്, ഓസ്തിയയിൽ  തെരുവിലും പൈൻ മരങ്ങളിടതൂർന്ന സ്ഥലങ്ങളിലും കുറഞ്ഞത് 400 ഭവനരഹിതരായ ആളുകൾ അന്തിയുറങ്ങുന്നുണ്ട്. നിലവിൽ ഒസ്തിയായിലെ ഒരേയൊരു ആശാകേന്ദ്രം ഇതുമാത്രമാണ്. പ്രതീക്ഷിച്ചതിലും കൂടുതൽ സന്നദ്ധ പ്രവർത്തകരുടെ സഹകരണവും ഈ പദ്ധതിയുടെ വിജയത്തിന് കാരണമാകുന്നു. പ്രദേശത്തെ എല്ലാ ഇടവകകളിൽ നിന്നും ആവേശത്തോടെയും സ്നേഹത്തോടെയും സേവന മനോഭാവത്തോടെയും വരുന്ന സന്നദ്ധപ്രവർത്തകർ എന്തുകൊണ്ടും അഭിനന്ദനമർഹിക്കുന്നു. ദരിദ്രർ നമ്മുടേതാണെന്നും അവരെ പരിപാലിക്കുന്നത് കടമയാണെന്നും ആളുകളെ മനസ്സിലാക്കാൻ ഈ സ്വീകരണ ഘടനയിലൂടെ ഞങ്ങൾ ആഗ്രഹിക്കുന്നു, പദ്ധതിക്ക് നേതൃത്വം കൊടുക്കുന്ന മരിയ, സമാധാനത്തിന്റെ രാജ്ഞിയെന്ന ഇടവകയുടെ വികാരി ഫാ.ജൊവാന്നി പങ്കുവയ്ക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 March 2023, 14:15