ഉക്രൈൻ കുട്ടികൾ പട്ടിണിഭീഷണിയിൽ: സേവ് ദി ചിൽഡ്രൻ സംഘടന
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
റഷ്യ ഉക്രൈൻ യുദ്ധം തുടരുന്നതിനിടെ, ലോകത്ത് ദശലക്ഷക്കണക്കിന് കുട്ടികൾ നേരിടുന്ന ഭക്ഷ്യപ്രതിസന്ധിയുടെ മുന്നിൽ, കരിങ്കടൽ ധാന്യക്കരാർ പുതുക്കുന്നത് ഏറെ പ്രാധാന്യമർഹിക്കുന്ന ഒരു നടപടിയാണെന്ന് കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടുന്ന സേവ് ദി ചിൽഡ്രൻ സംഘടന ഒരു പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി. ഇപ്പോൾ തന്നെ സ്ഥിതിഗതികൾ വഷളാണെന്നും, ഉടനടി ധാന്യക്കയറ്റുമതിക്കായുള്ള ഈ ഉടമ്പടി പുതുക്കിയില്ലെങ്കിൽ ലോകത്തെമ്പാടുമുള്ള ആയിരക്കണക്കിന് കുട്ടികളുടെ ജീവൻ അപകടത്തിലായേക്കുമെന്നും സംഘടന അറിയിച്ചു.
ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ അന്തോണിയോ ഗുത്തിയെരെസും ഉക്രൈൻ പ്രസിഡന്റ് സെലിൻസ്കിയുമായി കഴിഞ്ഞദിവസം നടന്ന ചർച്ചകളെത്തുടർന്നാണ് സേവ് ദി ചിൽഡ്രൻ ഇതുസംബന്ധിച്ച് പത്രക്കുറിപ്പിറക്കിയത്. മാർച്ച് 18-നോടകം ഈ കരാർ പുതുക്കിയില്ലെങ്കിൽ ലോകത്തുള്ള ദശലക്ഷക്കണക്കിന് കുട്ടികൾ അതികഠിനമായ പട്ടിണി നേരിടേണ്ടിവരും.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ആരംഭിച്ച റഷ്യ-ഉക്രൈൻ യുദ്ധത്തോടെ, ഉക്രൈനിൽനിന്ന്, കരിങ്കടൽ വഴിയുള്ള ധാന്യക്കയറ്റുമതി തടസ്സപ്പെട്ടിരിക്കുകയാണ്. ഇതേത്തുടർന്ന് ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം ഉണ്ടാവുകയും, ആഫ്രിക്കയിലെയും, മധ്യപൂർവ്വദേശങ്ങളിലെയും കുട്ടികളുടെ ജീവനുതന്നെ ഭീഷണി ഉയരുകയും ചെയ്തുവെന്നും കഴിഞ്ഞ നൂറു വർഷങ്ങളായി ലോകമെമ്പാടും കുട്ടികൾക്കുവേണ്ടി പ്രവർത്തിക്കുന്ന ഈ സംഘടന വ്യക്തമാക്കി.
ധാന്യകയറ്റുമതിയിൽ ലോകത്തിലെതന്നെ ആദ്യ അഞ്ചു രാജ്യങ്ങളിൽ ഒന്നാണ് ഉക്രൈൻ. ഏതാണ്ട് ഇരുപത്തിയഞ്ചോളം ആഫ്രിക്കൻ രാജ്യങ്ങൾ റഷ്യയിൽനിന്നും ഉക്രൈനിൽനിന്നുമാണ് ധാന്യം ഇറക്കുമതി ചെയ്യുന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: