തിരയുക

യുദ്ധം നശിപ്പിച്ച ഭൂമി. യുദ്ധം നശിപ്പിച്ച ഭൂമി.  (AFP or licensors)

ബെലാറസിലെ റഷ്യൻ ആണവായുധങ്ങളെ യുക്രെയ്ൻ അപലപിച്ചു

ബെലാറസിൽ തന്ത്രപരമായ ആണവായുധങ്ങൾ മോസ്കോ സ്ഥാപിക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യുക്രെയിന്റെ പ്രതികരണം.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

യുക്രെയ്‌നിലെ അധിനിവേശം ഒടുവിൽ മോസ്കോയ്ക്ക് നഷ്ടപ്പെടുമെന്ന് മനസ്സിലാക്കിയാണ് ഈ നീക്കമെന്ന് യുക്രേനിയൻ പ്രസിഡണ്ടിന്റെ ഒരു പ്രധാന ഉപദേഷ്ടാവ് ഞായറാഴ്ച പറഞ്ഞു.

വരുന്ന മാസങ്ങൾക്കുള്ളിൽ അയൽരാജ്യവും സഖ്യകക്ഷിയുമായ ബെലാറസിൽ മോസ്കോ തന്ത്രപരമായ ആണവായുധങ്ങൾ സ്ഥാപിക്കുമെന്ന് റഷ്യൻ പ്രസിഡന്റ് പുടിൻ പ്രസ്താവിച്ചു. യുക്രെയ്‌നുമായി മാത്രമല്ല  നാറ്റോ സൈനിക സഖ്യത്തിലെ മൂന്ന് അംഗരാജ്യങ്ങളായ പോളണ്ട്, ലിത്വാനിയ, ലാത്വിയ എന്നിവയുമായും അതിർത്തി പങ്കിടുന്ന ബെലാറസിലേക്ക് അവ എന്ന് മാറ്റുമെന്ന് പുടിൻ വ്യക്തമാക്കിയിട്ടില്ല. എന്നിരുന്നാലും, ജൂലൈ ഒന്നിനകം മോസ്കോ അവിടെ ഒരു സംഭരണശാലയുടെ നിർമ്മാണം പൂർത്തിയാക്കുമെന്ന് റഷ്യൻ നേതാവ് അറിയിച്ചു.

റഷ്യയും ബെലാറസും കഴിഞ്ഞ വർഷമായ ഇത്തരമൊരു കരാറിനെക്കുറിച്ച് സംസാരിക്കുകയായിരുവെന്നും മോസ്കോ ആണവായുധങ്ങൾ ഉപയോഗിക്കാൻ പദ്ധതിയിട്ടിട്ടില്ലെന്നും പറഞ്ഞു കൊണ്ട് അമേരിക്ക സംഭവവികാസങ്ങളുടെ പ്രാധാന്യം കുറച്ചുകാട്ടാൻ  ശ്രമിച്ചു. എന്നിരുന്നാലും, റഷ്യയുടെ സെക്യൂരിറ്റി കൗൺസിൽ ഡെപ്യൂട്ടി സെക്രട്ടറിയും രാജ്യത്തിന്റെ മുൻ പ്രസിഡന്റുമായ ദിമിത്രി മെദ്‌വദേവ്, യുക്രെയ്‌നിന് പാശ്ചാത്യ രാജ്യങ്ങൾ നൽകുന്ന നിരന്തരമായ പിന്തുണ ആണവ മഹാദുരന്തത്തെ കൂടുതൽ അടുപ്പിക്കുകയാണെന്ന്  കഴിഞ്ഞയാഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു.

റഷ്യയുടെ "പാശ്ചാത്യരാജ്യങ്ങളുമായുള്ള ബന്ധം ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ലാത്തതിനേക്കാൾ മോശമാണ്" എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ആണവ നിർവ്യാപന കരാർ ലംഘിച്ചുവെന്ന യുക്രേനിയൻ പ്രസിഡന്റിന്റെ സഹായി മിഖൈലോ പൊഡോലിയാക് ആരോപിച്ചുവെങ്കിലും പുടിൻ അക്കാര്യം നിഷേധിച്ചു.

ഭയപ്പെടുത്തുന്ന തന്ത്രങ്ങൾ

പുടിൻ "ഭയപ്പെടുത്തുന്ന" തന്ത്രങ്ങൾ അവലംബിക്കുകയാണെന്ന് പോഡോലിയാക് സോഷ്യൽ മീഡിയ സൈറ്റായ ട്വിറ്ററിൽ പറഞ്ഞു. ബെലാറസിൽ തന്ത്രപരമായ ആണവായുധങ്ങളെത്തിക്കുന്നതിനെക്കുറിച്ച് ഒരു പ്രസ്താവന നടത്തുന്നതിലൂടെ, റഷ്യ യുക്രെയ്നിൽ തുടരുന്ന അധിനിവേശം നഷ്ടപ്പെടുമെന്ന ഭയം പുടിൻ സമ്മതിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കിഴക്കൻ യുക്രേനിയൻ നഗരമായ ബഖ്മുത്തിന് ചുറ്റും റഷ്യയും യുക്രേനിയൻ സൈന്യവും തമ്മിൽ രൂക്ഷമായ പോരാട്ടം തുടരുകയാണെന്ന് സൈനിക നിരീക്ഷകർ പറയുന്നു.

ഒന്നാം ലോകമഹായുദ്ധത്തോടു സാമ്യമുള്ള ബഖ്‌മുട്ടിന്റെ കിടങ്ങുകളിൽ ഒളിച്ചിരുന്ന് പോരാടുന്നവരിൽ യുക്രേനിയൻ സൈനികൻ റോമനും ഉൾപ്പെടുന്നു. "ഇന്ന്, എനിക്ക് കുറച്ച് സൈനികസഹോദരന്മാരെ നഷ്ടപ്പെട്ടു.  കുറച്ച് ആക്രമണകാരികളെ ഞാനും നശിപ്പിച്ചു," സമീപത്ത് മുഴങ്ങുന്ന സ്ഫോടന ധ്വനികൾക്കു നടുവിൽ അദ്ദേഹം പറഞ്ഞു.

ഭാവി ജീവിതത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ ഞാൻ വളരെയധികം വികാരഭരിതനാകുന്നു, അടുത്തു നിരന്തരമായി വീഴുന്ന ഷെല്ലുകൾക്കിടയിൽ അദ്ദേഹം കൂട്ടിച്ചേർത്തു. "ജീവിതം അതിശയകരമാണ്, സുഹൃത്തുക്കളേ, അത് സത്യമാണ്," അദ്ദേഹം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിൽ പറഞ്ഞു"ഞാൻ ഇവിടെ അതിജീവിക്കുകയാണെങ്കിൽ, എന്റെ ജീവിതം മുമ്പത്തേക്കാൾ വിലപ്പെട്ടതായിരിക്കും, കാരണം ജീവിതം ഒരു മഹത്തായ സമ്മാനമാണെന്ന് എനിക്ക് ഉറപ്പുണ്ട്," അദ്ദേഹം കൂട്ടിച്ചേർത്തു. ഇരുവശത്തും ആയിരക്കണക്കിന് സൈനികർ മരിച്ചതായി അറിയുന്ന യുദ്ധം ഇനിയും അവസാനിച്ചിട്ടില്ല.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 March 2023, 14:31