തുർക്കി-സിറിയ ഭൂകമ്പം: ആവശ്യമായ സാമ്പത്തികസഹായം ഇനിയും ലഭ്യമല്ലെന്ന് സേവ് ദി ചിൽഡ്രൻ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
തുർക്കിയിലും സിറിയയിലുമായി ആയിരക്കണക്കിന് ആളുകളുടെ ജീവനെടുത്ത തീവ്രമായ ഭൂകമ്പം നടന്നിട്ട് ഏതാണ്ട് ഒരു മാസം പിന്നിടുമ്പോഴും, ഈ പ്രദേശങ്ങളിലെ ആളുകളുടെ ആവശ്യങ്ങൾക്കായുള്ള സാമ്പത്തികസഹായങ്ങൾ ഇനിയും ലഭ്യമായിട്ടില്ലെന്ന് സേവ് ദി ചിൽഡ്രൻ അന്താരാഷ്ട്രസംഘന ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചു. സിറിയയിലെ സ്ഥിതിഗതികൾ നല്ലതല്ലെന്നും, സിറിയൻജനതയ്ക്കുള്ള സഹായങ്ങൾ രാഷ്ട്രീയവത്കരിക്കപ്പെടരുതെന്നും രാജ്യത്ത് പ്രവർത്തിക്കുന്ന 43 സർക്കാരിതരസേവനസംഘടനകൾ ആവശ്യപ്പെട്ടു.
തെക്കൻ തുർക്കിയിലും സിറിയയിലും ഉണ്ടായ വിനാശകരമായ ഭൂകമ്പങ്ങൾ നടന്നിട്ട് ഒരു മാസം പിന്നിടുമ്പോഴും, ജനങ്ങൾക്ക് ഇപ്പോഴും അടിയന്തിരസഹായം ആവശ്യമാണ്. ഈ ശക്തമായ ഭൂകമ്പം മൂലം ഇരുരാജ്യങ്ങളിലെയും ജനതകൾ ഇപ്പോഴും ദുരിതമനുഭവിക്കുകയാണെന്നും, അന്താരാഷ്ട്രസഹായം ആവശ്യമുണ്ടെന്നും സേവ് ദി ചിൽഡ്രൻ അറിയിച്ചു.
ഫെബ്രുവരി 6-നുണ്ടായ ഭൂകമ്പത്തിന്റെ ഫലമായി ഏതാണ്ട് 90 ലക്ഷത്തോളം ആളുകളാണ് വിവിധ രീതിയിലുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നത്. അതേസമയം സിറിയയിൽ കഴിഞ്ഞ പത്തുവർഷങ്ങളിലേറെയായി തുടരുന്ന സംഘർഷങ്ങളും മാനവിക അടിയന്തിരാവസ്ഥയും സാധാരണ ജനജീവിതം ദുഃസ്സഹമാക്കുന്നുണ്ട്. ഏതാണ്ട് ഒന്നരക്കോടി ജനങ്ങൾക്കാണ് സിറിയയിൽ മാത്രം മാനവികസഹായം ആവശ്യമായുള്ളത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: