തിരയുക

സൊമാലിയയിൽ ഒരു കുഞ്ഞിന് പോഷണമേകുന്ന അമ്മ സൊമാലിയയിൽ ഒരു കുഞ്ഞിന് പോഷണമേകുന്ന അമ്മ  

സൊമാലിയ: കുഞ്ഞുങ്ങൾ പോഷണവൈകല്യ അപകടത്തിൽ!

സൊമാലിയയിൽ കടുത്ത വരൾച്ച മൂലം ഭക്ഷ്യക്ഷാമം, പോഷണവൈകല്യം അനുഭവിക്കേണ്ടിവരുന്നത് 2 ദശലക്ഷത്തോളം കുട്ടികൾ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ആഫ്രിക്കയുടെ കൊമ്പുരാജ്യങ്ങളിൽപ്പെട്ട, സൊമാലിയായിൽ 5 വയസ്സിൽ താഴെ പ്രായമുള്ള 20 ലക്ഷത്തോളം കുട്ടികൾ പട്ടിണിയുടെ പിടിയിലാണെന്ന് “കുട്ടികളെ രക്ഷിക്കൂ” അഥവാ, “സേവ് ദ ചിൽറൻ” (SAVE THE CHILDREN) എന്ന അന്താരാഷ്ട്ര സംഘടന.

കഴിഞ്ഞ 4 പതിറ്റാണ്ടിനിടയ്ക്ക്, ഇപ്പോൾ, കിഴക്കെ ആഫ്രിക്കൻ നാടായ സൊമാലിയായിൽ അനുഭവപ്പെടുന്ന കടുത്ത വരൾച്ചയുടെ ഫലമായ ഭക്ഷ്യക്ഷാമം ആണ് കുട്ടികളുടെ പോഷണ വൈകല്യത്തിന് കാരണമെന്ന് ഈ സംഘടന വ്യക്തമാക്കുന്നു.

18 ലക്ഷം കുഞ്ഞുങ്ങൾ കടുത്ത പോഷണവൈകല്യത്തിനിരകളാകുമെന്ന് ഒരു ശതാബ്ദക്കാലമായി കുട്ടികൾക്കു വേണ്ടി പ്രവർത്തിക്കുന്ന ഈ സംഘടന മുന്നറിയിപ്പു നല്കുന്നു. അന്നാട്ടിൽ ഈയിടെ ലഭിച്ച മഴയും സഹായങ്ങളും പട്ടിണിദുരന്തത്തിന് അല്പം ശമനമേകിയിട്ടുണ്ടെന്നും ജൂൺ വരെ ആശ്വാസം ഉണ്ടാകുമെന്നും സേവ് ദ ചിൽറൻ സംഘടന പറയുന്നു.

ജൂൺ മാസം കഴിഞ്ഞാൽ അന്നാട്ടിലെ ജനങ്ങളിൽ ഏതാണ്ട് 40 ശതമാനത്തിന്, അതായത് 65 ലക്ഷത്തോളം പേർക്ക് മാനവികസഹായം ആവശ്യമായി വരുമെന്ന് സംഘടന കണക്കാക്കുന്നു. 2022-ൽ സൊമാലിയയിൽ ഈ സംഘടന 43 ലക്ഷം പേർക്ക് സഹായം നല്കിയിരുന്നു. ഇവരിൽ 25 ലക്ഷം പേർ കുട്ടികളായിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 മാർച്ച് 2023, 17:46