യെമെനിൽ കുട്ടികൾക്ക് ഗുരുതരഭീഷണിയായി സ്ഫോടകവസ്തുക്കൾ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
യെമെനിൽ കഴിഞ്ഞ അഞ്ചുവർഷങ്ങളിൽ ഏറ്റവും കൂടുതൽ കുട്ടികൾ ഇപ്പോൾ സ്ഫോടകവസ്തുക്കൾ മൂലമുള്ള ഗുരുതരമായ അപകടങ്ങളിൽപ്പെടുന്നുവെന്ന് കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന സേവ് ദി ചിൽഡ്രൻ അന്താരാഷ്ട്രസംഘടന. രണ്ടു ദിവസത്തിൽ ഒരു കുട്ടിയെന്ന നിലയിലാണ് ഇപ്പോഴത്തെ അപകടനിരക്കെന്ന് അവർ വ്യക്തമാക്കി. കുഴിബോംബുകളോ മറ്റു സ്ഫോടകവസ്തുക്കളോ മൂലമുണ്ടാകുന്ന ഇത്തരം അപകടങ്ങളിൽപ്പെടുന്ന കുട്ടികൾ അനുഭവിക്കേണ്ടിവരുന്നത് ഗുരുതരമായ ഭവിഷ്യത്തുകളാണെന്നും സംഘടന അറിയിച്ചു. നിരവധി കുട്ടികളുടെ കൈകാലുകൾ മുറിച്ചുമാറ്റേണ്ടിവന്നിട്ടുണ്ടെന്നും പലർക്കും കാഴ്ച നഷ്ടപ്പെടൽ, കേൾവിക്കുറവ്, നട്ടെല്ലിനുണ്ടാകുന്ന ക്ഷതങ്ങൾ തുടങ്ങി സ്ഥിരമായ വൈകല്യങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. മാർച്ച് 23-ന് പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെയാണ് സംഘടന ഇതുസംബന്ധിച്ച വിവരങ്ങൾ വ്യക്തമാക്കിയത്.
"ഓരോ ചുവടിലും ഒരു അപകടസാധ്യത" എന്ന പേരിൽ സേവ് ദി ചിൽഡ്രൻ സംഘടന തയ്യാറാക്കിയ റിപ്പോർട്ടിൽ, കുട്ടികളെ സംരക്ഷിക്കുവാൻ വേണ്ട ഉറപ്പു നൽകുവാനും, ജനവാസമേഖലകളിൽ സ്ഫോടകവസ്തുക്കളുടെ ഉപയോഗം നിറുത്തലാക്കുവാനും, കുഴിബോംബുകളും സ്ഥാപിക്കപ്പെട്ടിട്ടുള്ള ഇടങ്ങൾ വൃത്തിയാക്കാനും, മാനവികസേവനത്തിനായുള്ള സൗകര്യങ്ങൾ അനുവദിക്കാനും സംഘർഷങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആളുകളോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ അറുപതു വർഷങ്ങളായി യമനിൽ സേവനം ചെയ്യുന്ന സേവ് ദി ചിൽഡ്രൻ സംഘടന, കുഴിബോംബുകൾ മൂലവും ഉപേക്ഷിക്കപ്പെട്ട മറ്റ് ആയുധങ്ങൾ മൂലവും അപകടം നേരിട്ടിട്ടുള്ളവർക്ക് വൈദ്യസഹായവും, മാനസിക, സാമൂഹ്യപിന്തുണയും നൽകിവരുന്നു. കഴിഞ്ഞ എട്ടു വർഷങ്ങളായി തുടരുന്ന സംഘർഷങ്ങളിൽ ഏറ്റവുമധികം ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നത് കുട്ടികളാണെന്ന് സംഘടന വ്യക്തമാക്കി. മാരകമായ ആയുധങ്ങളിൽനിന്ന് ശിശുക്കളെയും കുട്ടികളെയും സംരക്ഷിക്കുവാനുള്ള നടപടികൾ ആവശ്യമുണ്ടനെന് സംഘടന പ്രസ്താവിച്ചു.
2018 ജനുവരി മുതലുള്ള കണക്കുകൾ വിശകലനം ചെയ്ത സംഘടന, കുട്ടികൾ നേരിടുന്ന വലിയ അപകടസാധ്യതകൾ വിവരിച്ചു. മൈനുകൾക്ക് പുറമെ, ഉപേക്ഷിക്കപ്പെട്ട വെടിയുണ്ടകൾ, ഗ്രനൈഡുകൾ, ബോംബുകൾ തുടങ്ങിയവയാണ് കുട്ടികൾക്ക് ഭീഷണിയായി നിരവധി മേഖലകളിലുള്ളത്.
2022-ൽ മാത്രം 199 കുട്ടികളാണ് മൈനുകൾക്കും മറ്റു സ്‌ഫോടകവസ്തുക്കൾക്കും ഇരകളായിട്ടുള്ളത്. 2018-ൽ ഇത് 68 ആയിരുന്നു. ഐക്യരാഷ്ട്രസഭയുടെ ഇടപെടൽ മൂലം കഴിഞ്ഞ ആറു മാസങ്ങളിൽ സംഘർഷങ്ങൾക്ക് ശമനമുണ്ടായെങ്കിലും പരിക്കേൽക്കുകയും കൊല്ലപ്പെടുകയും ചെയ്യുന്ന കുട്ടികളുടെ അനുപാതം വർധിച്ചതായി സംഘടന തയ്യാറാക്കിയ റിപ്പോർട്ട് വ്യക്തമാക്കി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: