മനുഷ്യക്കച്ചവടത്തിനെതിരെ കുരിശിന്റെ വഴി!
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
പോപ്പ് ജോൺ ഇരുപത്തിമൂന്നാമൻ സമൂഹവുമായി ചേർന്ന് റോം രൂപത സംഘടിപ്പിക്കുന്ന കുരിശിന്റെ വഴി റോമൻ തെരുവീഥിയിലൂടെ മാർച്ച് 17 വെള്ളിയാഴ്ച ഇറ്റാലിയൻ സമയം രാത്രി 8.15 മുതൽ ബിഷപ്പ് ഡാരിയോ ജെർവാസിയുടെ നേതൃത്വത്തിൽ നടക്കും.
പെൺവാണിഭത്തിന്റെയും, വേശ്യാവൃത്തിയുടെയും ഇരകളായവർക്ക് സ്വന്തന്ത്രമായ ഒരു ജീവിതം എന്ന പ്രമേയം മുൻ നിർത്തിയാണ് ഇത്തരത്തിൽ റോമിന്റെ തെരുവീഥികളിലൂടെ മാർച്ചുമാസം പതിനേഴാം തീയതി കുരിശിന്റെ വഴി സംഘടിപ്പിക്കുന്നത്. ലോകമനഃസാക്ഷിക്കുമുന്പിൽ എപ്പോഴും വേദനയുണർത്തുന്ന ഇത്തരം തിന്മകൾക്കെതിരെ ശബ്ദമുയർത്തുന്നവരിൽ ഏറ്റവും പ്രധാനപ്പെട്ട പങ്കു വഹിക്കുന്ന സമൂഹമാണ് കത്തോലിക്കാസഭ. ഫ്രാൻസിസ് പാപ്പാ പല അവസരങ്ങളിലും ഈ അസ്വാതന്ത്ര്യത്തിനെതിരെ നിശിതമായ ഭാഷയിൽ സംസാരിക്കുകയും, ഇതിനെതിരെ ഒന്നിച്ചു നിൽക്കുവാൻ എല്ലാവരെയും സ്വാഗതം ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഇപ്രകാരം അടിച്ചമർത്തപ്പെട്ടവരുടെ ശബ്ദമായാണ് പോപ്പ് ജോൺ ഇരുപത്തിമൂന്നാമൻ സമൂഹവുമായി ചേർന്ന് റോം രൂപത സംഘടിപ്പിക്കുന്ന കുരിശിന്റെ വഴി റോമൻ തെരുവീഥിയിലൂടെ മാർച്ച് 17 വെള്ളിയാഴ്ച ഇറ്റാലിയൻ സമയം രാത്രി 8.15 മുതൽ ബിഷപ്പ് ഡാരിയോ ജെർവാസിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നത്.
കുരിശിന്റെ വഴിയുടെ ഓരോ സ്ഥലവും സാമൂഹികമായി പ്രത്യേകതയുള്ള അടയാളപദങ്ങൾ ഉപയോഗിച്ചാണ് രേഖപ്പെടുത്തിയിരിക്കുന്നത്.യേശുവിന് മരണശിക്ഷ വിധിക്കപ്പെടുന്ന ആദ്യ സ്ഥലം 'എന്നെ വിധിക്കരുതേ' എന്നാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. സ്ത്രീകളുടെയും പുരുഷന്മാരുടെയും സ്വാതന്ത്ര്യവും അന്തസ്സും കവർന്നെടുക്കുന്നവരെ അപലപിക്കുന്നതിനുപകരം, "ആധിപത്യ ചിന്ത" യോട് അനുരൂപപ്പെടുന്ന സമൂഹത്തെ ഈ സ്ഥലം പ്രതിനിധാനം ചെയ്യുന്നു.ഈ തിന്മകളിൽ ഇരകളായ നിശ്ശബ്ദരാക്കപ്പെട്ടവരെ വിധിക്കുകയും, ഉപേക്ഷിക്കുകയും ചെയ്യുന്ന പ്രവണതകൾക്കെതിരെ ഈ ഒന്നാം സ്ഥലത്തിൽ പ്രാർത്ഥിക്കുന്നു. ഇപ്രകാരം ഓരോ സ്ഥലത്തും ഈ അധാർമ്മികപ്രവർത്തനങ്ങളുടെ ഇരകൾ അനുഭവിക്കുന്ന ദുരിതവും വേദനയും എടുത്തു പറയുകയും, അവർക്കു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നതോടൊപ്പം, ഇവയ്ക്ക് കൂട്ടുനിൽക്കുന്നവരുടെ മാനസാന്തരവും പ്രാർത്ഥന ലക്ഷ്യമിടുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: