മതാന്തര ഊർജ്ജക്കരാറിന് റോമിൽ ഒപ്പു വച്ചു!
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
ഫ്രാൻസിസ് പാപ്പയുടെ തെരഞ്ഞെടുപ്പിന്റെ പത്താം വാർഷികത്തിൽ ഇറ്റലിയിലെ അന്തോണിയാനും പൊന്തിഫിക്കൽ സർവ്വകലാശാലയും ഇസ്ലാമിക് കൾച്ചറൽ സെന്ററും ചേർന്ന് "പുനരുപയോഗിക്കാവുന്നതും സമാധാനപരവുമായ ഊർജ്ജ സമൂഹം" സൃഷ്ടിക്കുന്നതിനുള്ള കരാറിൽ ഒപ്പുവച്ചു.
ലൗദാത്തോ സി, ഫ്രത്തെല്ലി തൂത്തി എന്ന ഫ്രാൻസിസ് പാപ്പായുടെ രണ്ടു ചാക്രികലേഖനങ്ങളുടെ ആവിഷ്കരണമാണ് റോമിലെ അന്തോണിയാനും പൊന്തിഫിക്കൽ സർവ്വകലാശാലയും ഇസ്ലാമിക് കൾച്ചറൽ സെന്ററും ചേർന്ന് "പുനരുപയോഗിക്കാവുന്നതും സമാധാനപരവുമായ ഊർജ്ജ സമൂഹം" സൃഷ്ടിക്കുന്നതിനുള്ള കരാറിൽ ഒപ്പുവച്ച നടപടി. മാർച്ചു മാസം പതിമൂന്നാം തീയതിയാണ് കരാർ ഒപ്പുവച്ചത്. ചടങ്ങിൽ ഇസ്ലാമിക് കൾച്ചറൽ സെന്റർ സെക്രട്ടറി ജനറൽ ഡോ.അബ്ദെല്ല റെഡൗൻ, ഫ്രാത്തി മിനോറികളുടെ ജനറൽ കൗൺസിലർ ഫാ.മാസിമോ ഫുസറെല്ലി, പൊന്തിഫിക്കൽ അന്തോണിയാനും യൂണിവേഴ്സിറ്റിയുടെ റെക്ടർ ഫാ.അഗസ്റ്റിൻ ഹെർണാണ്ടസ് വിഡേൽസ്, എന്നിവർ ചേർന്നാണ് കരാർ ഒപ്പുവച്ചത്.
മതാന്തരമായ ഒരു വാതിൽ തുറക്കുന്നതിലൂടെ സമാധാനത്തിന്റെ ഒരു ഊർജം പുനഃസൃഷ്ടിക്കപ്പെടുമെന്നും, ഇപ്രകാരം ഒരു സാന്ദ്രമായ ശൃംഖല കൈവരുന്നതോടെ മാതൃകാപരമായ ഒരു മാറ്റം സമൂഹത്തിൽ കൊണ്ടുവരുവാൻ സാധിക്കുമെന്നും റെക്ടർ ഫാദർ ഹെർണാണ്ടസ് വിഡാലെസ് എടുത്തു പറഞ്ഞു. ഒരു ഇസ്ലാമിക സമൂഹവും, കത്തോലിക്കരും തമ്മിൽ ഒരു കരാർ ഒപ്പിടുന്നത് ഞങ്ങൾക്ക് വളരെ പ്രധാനപ്പെട്ടതാണ് , കാരണം ഞങ്ങൾക്ക് പിന്തുടരാൻ ഇത് ഒരു മാതൃകയാണ്: ഇവിടെ ഞങ്ങൾക്ക് എല്ലായ്‌പ്പോഴും ഊഷ്മളമായ സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത് അതിനാൽ ഈ ഉടമ്പടിക്കരാറിലൂടെ ഞങ്ങൾ മഹത്തായ സംരംഭങ്ങൾക്ക് പ്രാധാന്യം നൽകും, ഇസ്ലാമിക് കൾച്ചറൽ സെന്റർ ജനറൽ സെക്രട്ടറി റെഡോവാൻ അടിവരയിട്ടു പറഞ്ഞു.
എല്ലാവർക്കും ഊർജം വിതരണം ചെയ്യുക എന്ന ലക്‌ഷ്യം മുന്പോട്ടുവയ്ക്കുന്ന ഈ കരാർ ദരിദ്രരായ ആളുകളെ ചേർത്ത് പിടിക്കുവാൻ പ്രത്യേക മുൻകരുതലുകൾ സ്വീകരിക്കുന്നു. ഊർജ ഉൽപ്പാദനം ചുരുക്കം ചിലർക്ക് അല്ലെങ്കിൽ ബഹുരാഷ്ട്ര കമ്പനികൾക്ക് മാത്രം വിട്ടുകൊടുക്കാതെ, എല്ലാ കെട്ടിടങ്ങളിലും, എല്ലാ ഗ്രാമങ്ങളിലും, എല്ലാ നഗരങ്ങളിലും സോളാർ പാനലുകളിലൂടെ ഒരു 'സമൂഹ'മായി ഉൽപ്പാദിപ്പിക്കുക എന്നതാണ് ഈ കരാറിലൂടെ മുൻപോട്ടു വയ്ക്കുന്ന ആശയം. എന്നാൽ കേവലം ഒരു സാമ്പത്തികവും സാങ്കേതികവുമായ വസ്തുത മാത്രമല്ല, എല്ലാറ്റിനുമുപരിയായി സമാധാനത്തിന്റെ ഒരു ഊർജ്ജ സമൂഹം കെട്ടിപ്പടുക്കുവാനും, അത് നന്മയുള്ള ഒരു സമൂഹത്തിനു രൂപം നൽകുവാനും ഞങ്ങൾ ആഗ്രഹിക്കുന്നുവെന്ന് കരാർ ഒപ്പുവച്ച വ്യക്തികൾ ഏകകണ്ഠമായി പ്രഖ്യാപിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: