തിരയുക

സങ്കീർത്തനചിന്തകൾ - 15 സങ്കീർത്തനചിന്തകൾ - 15 

നിങ്ങൾ ദൈവത്തിന് സ്വീകാര്യരാണോ?

വചനവീഥി: പതിനഞ്ചാം സങ്കീർത്തനം - ധ്യാനാത്മകമായ ഒരു വായന.
പതിനഞ്ചാം സങ്കീർത്തനം - ഒരു വിചിന്തനം - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ദൈവത്തിന് സ്വീകാര്യരായ മനുഷ്യരുടെ ജീവിതം എപ്രകാരമായിരിക്കണം എന്ന ഏതൊരു മനുഷ്യന്റെയും ചോദ്യത്തിന് ഉത്തരം നൽകുന്ന ഒരു സങ്കീർത്തനമാണിത്. സാധാരണയായി ആരാധനാശുശ്രൂഷയ്ക്കാണ് വിശുദ്ധ കൂടാരത്തിൽ പ്രവേശിക്കുന്നതും, ദേവാലയം നിലനിൽക്കുന്ന, വിശുദ്ധമായ മലയിലേക്ക് ആളുകൾ എത്തുന്നതും. ദൈവാരാധനയിൽ പങ്കുചേരാനായി വിശുദ്ധ സ്ഥലത്ത് എത്തുന്ന ഒരുവന്റെ യോഗ്യത എന്തായിരിക്കണമെന്ന ഒരു ചോദ്യത്തെയാണ് സങ്കീർത്തനം അഭിമുഖീകരിക്കുന്നത്. ദൈവത്തിന്റെ സാന്നിധ്യമുള്ളയിടങ്ങളിലേക്ക് ദൈവത്തിന് സ്വീകാര്യരായ, നീതിപൂർവ്വം ജീവിക്കുന്ന മനുഷ്യരാണ് പ്രവേശിക്കുക. ദേവാലയത്തിലേക്ക് പ്രവേശിക്കാനാഗ്രഹിക്കുന്ന ഇസ്രായേൽക്കാരനായ ഒരു വിശ്വാസി ദേവാലയത്തിലെ അധികാരിയോട് ചോദിക്കുന്ന ഒരു ചോദ്യത്തിന് നൽകുന്ന ഉത്തരമെന്ന രീതിയിലാണ് ദാവീദ് ഈ ജ്ഞാനസങ്കീർത്തനം എഴുതുന്നത്.

മനഃസാക്ഷിയുടേ പരിശോധന

സങ്കീർത്തനത്തിന്റെ ആദ്യവാക്യം ദേവാലയത്തിൽ പ്രവേശിക്കാനും, ദൈവസന്നിധിയിൽ ആയിരിക്കാനും ആരാണ് യോഗ്യതയുള്ളവർ എന്ന തീർത്ഥാടകന്റെ ചോദ്യമാണ്: "കർത്താവേ, അങ്ങയുടെ കൂടാരത്തിൽ ആര് വസിക്കും? അങ്ങയുടെ വിശുദ്ധഗിരിയിൽ ആര് വാസമുറപ്പിക്കും?" അങ്ങയുടെ കൂടാരം എന്നതിലൂടെ ദേവാലയത്തെ ആയിരിക്കണം ദാവീദ് ഉദ്ദേശിക്കുന്നത്. അറുപത്തിയൊന്നാം സങ്കീർത്തനം നാലാം വാക്യത്തിലും ദൈവത്തിന്റെ കൂടാരത്തിൽ വസിക്കാനുള്ള വിശ്വാസിയുടെ ഈയൊരു ആഗ്രഹം നാം കാണുന്നുണ്ട്. ദൈവമനുഷ്യബന്ധത്തിന്റെ ഇടമായി നിന്നിരുന്നത് ദൈവത്തിന്റെ സാന്നിധ്യമുള്ള സമാഗമകൂടാരമാണ്.. അതിൽ പ്രവേശിക്കുന്ന പുരോഹിതനിലൂടെ ദൈവമനുഷ്യബന്ധം സാധ്യമായിരുന്നു. ഒരു പുരോഹിതനല്ലാത്ത ദാവീദിനെ സംബന്ധിച്ചിടത്തോളം കൂടാരത്തിൽ വസിക്കുക എന്നത് സാധ്യമല്ല. എന്നാൽ ദൈവത്തോട് ചേർന്ന് നടക്കുവാനുള്ള ദാവീദിലെ വിശ്വാസിയുടെ ആഗ്രഹമാണ് ഇവിടെ നാം കാണുക. അതേസമയം, കൂടാരത്തിൽ പ്രവേശിക്കുക എന്നാൽ, അതിൽ വസിക്കുന്നവന്റെ ആതിഥേയത്വവും സംരക്ഷണവും സ്വീകരിക്കുക എന്നുകൂടി അർത്ഥമുണ്ട്.

ഈ വാക്യത്തിന്റെ രണ്ടാം ഭാഗത്താകട്ടെ, ദൈവസാന്നിധ്യമുള്ള വിശുദ്ധഗിരിയിൽ സ്ഥിരമായ ഒരു വാസത്തിനായുള്ള ആഗ്രഹമാണ് സങ്കീർത്തകൻ പ്രകടിപ്പിക്കുക. ദേവാലയത്തിലെത്തുന്ന വിശ്വാസി, ദൈവത്തിന്റെ വിശുദ്ധ പർവ്വതത്തിൽ നിത്യം വസിക്കുവാനായി അവകാശം നേടുവാൻ ആഗ്രഹിക്കുന്നു. ദേവാലയം പണിയപ്പെടുന്നതിന് മുൻപോ, പിന്നീട് വാഗ്ദാനകൂടാരം ജറുസലേമിൽ എത്തിയ സമയത്തോ, ദേവാലയം പണികഴിക്കപ്പെട്ട സമയത്തോ ആണോ ഈ ഒരു ചോദ്യം ചോദിക്കപ്പെട്ടത് എന്നത് വ്യക്തമല്ല.

ദൈവത്തിന് സ്വീകാര്യരായ മനുഷ്യർ

ദൈവകൂടാരത്തിലും അവന്റെ ഗിരിയിലും പ്രവേശിക്കുവാനും അവിടെ വസിക്കുവാനും ആർക്കാണ് സാധിക്കുക എന്ന ചോദ്യത്തിന് ദാവീദ് നൽകുന്ന ഉത്തരമാണ് സങ്കീർത്തനത്തിന്റെ രണ്ടു മുതലുള്ള വാക്യങ്ങളിൽ നാം കാണുന്നത്. പൊതുവായ ചില തത്വങ്ങളാണ് ആദ്യമേതന്നെ സങ്കീർത്തകൻ ദൈവസ്വീകാര്യതയുടെ അളവുകോലായി നിരത്തുക: "നിഷ്കളങ്കനായി ജീവിക്കുകയും നീതി മാത്രം പ്രവർത്തിക്കുകയും ഹൃദയം തുറന്നു സത്യം പറയുകയും ചെയ്യുന്നവൻ" (സങ്കീ 15, 2). ഒരുവന്റെ മനസാക്ഷിയെ അവനും ദൈവത്തിനും മാത്രമാണ് കൃത്യമായി വിധിക്കാൻ സാധിക്കുക. മറ്റുള്ളവരുമായുള്ള ബന്ധങ്ങളിലും, മറ്റുള്ളവർക്ക് കാണാനും കേൾക്കാനും സാധിക്കുന്ന ഇടങ്ങളിലും ആണെങ്കിലും ഒരുവന്റെ പ്രവർത്തികളിലെയും വാക്കുകളിലെയും ആത്മാർത്ഥതയും നിഷ്കളങ്കതയും സത്യസന്ധതയും വിലയിരുത്തുക എളുപ്പമല്ല. എന്നാൽ, നമ്മെക്കാൾ നമ്മെ അറിയുന്ന ദൈവത്തിന് നമ്മിലെ നന്മതിന്മകളെ വ്യക്തമായി തിരിച്ചറിയാൻ സാധിക്കും. പഴയനിയമകാലത്ത് ദൈവപ്രീതി നേടുന്നതിനായി നടത്തിവന്നിരുന്ന ബലികൾക്കും നേർച്ച കാഴ്ചകൾക്കും പ്രാധാന്യം ഉണ്ടായിരുന്നു എന്നത് സത്യമാണ്. എന്നാൽ ദൈവത്തിന് മുന്നിലെ സ്വീകാര്യതയ്ക്ക് ഒരുവന്റെ ജീവിതരീതിയാണ് പ്രധാനപ്പെട്ടത്. വിശുദ്ധനായ ദൈവത്തിന്റെ സന്നിധിയിൽ വസിക്കുവാൻ ജീവിതവിശുദ്ധി ഏറെ പ്രധാനപ്പെട്ടതാണ്. നിഷ്കളങ്കതയും നീതിപൂർവമായ ജീവിതവും തിരിച്ചറിയാനുള്ള ഒരു മാർഗ്ഗം ഒരുവന്റെ വാക്കുകളിലെ സത്യസന്ധതയാണ്. നന്മയുള്ള, വിശുദ്ധി നിറഞ്ഞ ഒരു ഹൃദയം സ്വന്തമില്ലാത്ത ഒരുവന് നന്മയും സത്യസന്ധതയും നിറഞ്ഞ വാക്കുകൾ പറയുക എളുപ്പമല്ലല്ലോ.

മൂന്നാമത്തെ വാക്യത്തിലേക്ക് കടക്കുമ്പോൾ, തന്റെ സുഹൃത്തുക്കളോടും, തന്നോട് ചേർന്ന് നിൽക്കുന്ന ആളുകളോടുമുള്ള ഒരുവന്റെ പ്രവർത്തികളെയും വാക്കുകളെയുമാണ് സങ്കീർത്തകൻ ദൈവസ്വീകാര്യതയ്ക്ക് അളവുകോലാക്കുന്നത്: "പരദൂഷണം പറയുകയോ സ്നേഹിതനെ ദ്രോഹിക്കുകയോ അയൽക്കാരനെതിരെ അപവാദം പരത്തുകയോ ചെയ്യാത്തവൻ" (സങ്കീ 15, 3). അപരനെക്കുറിച്ച് നന്മ പറയണമെങ്കിൽ നമ്മുടെ ഉള്ളിൽ നന്മയുണ്ടാകണം. ദൈവത്തിന്റെ സ്നേഹിതനായിരിക്കുന്നവന് സ്നേഹിതരെ ദ്രോഹിക്കാനാകില്ല. മറ്റുള്ളവരോടുള്ള നമ്മുടെ പെരുമാറ്റത്തിൽക്കൂടി നാമറിയാതെ നമ്മുടെ വാക്കുകൾ നമ്മിലെ നിഷ്കളങ്കതയും നീതിബോധവും കൂടിയാണ് വെളിവാകുന്നത്. അപരനെതിരെ കള്ളക്കഥകൾ പാടിനടക്കുകയും, അപവാദങ്ങൾ നിരത്തി അവന്റെ ജീവനെത്തന്നെ തകർക്കുകയും ചെയ്തിട്ട്, വിശുദ്ധമായ ദൈവസാന്നിധ്യമുള്ളയിടങ്ങളിൽ എപ്രകാരമാണ് ജീവിതം സാധ്യമാകുക?

നാലാം വാക്യത്തിലേക്ക് കടന്നുവരുമ്പോൾ മറ്റുള്ളവരെക്കുറിച്ചുള്ള ശരിയായ വിധിയുടെ പ്രാധാന്യവും, നന്മതിന്മകളെ തിരിച്ചറിയാനുള്ള കഴിവും പ്രധാനപ്പെട്ടതാണെന്ന് സങ്കീർത്തകൻ വ്യക്തമാക്കുന്നു: “ദുഷ്ടനെ പരിഹാസ്യനായി കരുതുകയും ദൈവഭക്തനോട് ആദരം കാണിക്കുകയും, നഷ്ടം സഹിച്ചും പ്രതിജ്ഞ നിറവേറ്റുകയും ചെയ്യുന്നവൻ" (സങ്കീ 15, 4). തിന്മ പ്രവർത്തിക്കുന്ന ഒരുവനെ പ്രോത്സാഹിപ്പിക്കുന്നത് ഒരു വിരോധാഭാസമാണ്. അതുകൊണ്ടുതന്നെ ദൈവികമായ സ്വഭാവമുള്ള മനുഷ്യർക്ക് തിന്മയെ സ്നേഹിക്കാനോ, ദുഷ്ടതയിൽ ജീവിക്കുന്ന മനുഷ്യരെ വിശുദ്ധരായി ചിത്രീകരിച്ചു കാണിക്കാനോ സാധിക്കില്ല. തിന്മയെ വെറുക്കുക എന്നത് ദൈവഭക്തിയുടെ ഭാവമായി സുഭാഷിതം എട്ടാം അദ്ധ്യായം പതിമൂന്നാം വാക്യത്തിൽ നാം കാണുന്നുണ്ട്. എന്നാൽ അതേസമയം  ദൈവത്തെ ഭയപ്പെടുന്നവർ, അവനോട് ജീവിതത്തിൽ ഭക്തിയോടെ പെരുമാറുന്നവർ ബഹുമാനിക്കപ്പെടേണ്ടവരാണെന്നും സങ്കീർത്തനം പഠിപ്പിക്കുന്നുണ്ട്. തങ്ങൾക്ക് അനുകൂലമല്ലാത്ത അവസ്ഥകളിലും തങ്ങൾ നൽകിയ വാക്കു പാലിക്കുക എന്നത് ദൈവത്തിന് സ്വീകാര്യരായ മനുഷ്യരുടെ പ്രത്യേകതയാണ്. ദൈവത്തിനും മനുഷ്യർക്കും മുൻപിൽ നടത്തിയ വാഗ്ദാനമനുസരിച്ച് എന്ത് വിലകൊടുത്തും ജീവിക്കുക എന്നത് ഒരുവന്റെ ഹൃദയത്തിന്റെ നീതിബോധം കൂടിയാണല്ലോ വെളിവാക്കുന്നത്.

ധനത്തിന്റെ ഉപയോഗത്തിലെ ശരിതെറ്റുകളും, ധനത്തോടുള്ള ഒരുവന്റെ മനോഭാവവുമൊക്കെ ദൈവത്താൽ സ്വീകാര്യരാകുന്നതിനെ നിയന്ത്രിക്കുന്നുണ്ടെന്ന് സങ്കീർത്തനത്തിന്റെ അഞ്ചാം വാക്യം പറയുന്നു: "കടത്തിന് പലിശ ഈടാക്കുകയോ നിർദോഷനെതിരെ കൈക്കൂലി വാങ്ങുകയോ ചെയ്യാത്തവൻ: ഇങ്ങനെയുള്ളവൻ നിർഭയനായിരിക്കും" (സങ്കീ 15, 5). പഴയനിയമചിന്തയിൽ പണം കടം കൊടുക്കുന്നത് ഒരു ധനനിക്ഷേപമായി കണക്കാക്കിയിരുന്നില്ല, മറിച്ച് പാവപ്പെട്ടവർക്ക് അവരുടെ വിഷമാവസ്ഥയിൽ ചെയ്തിരുന്ന ഒരു ഉപകാരം എന്ന നിലയിലാണ് അതിനെ കണ്ടിരുന്നത്. അതുകൊണ്ടുതന്നെ ധനം പലിശയ്ക്ക് കൊടുക്കുന്നത് നല്ല ഒരു കാര്യമായി അവർ കണ്ടിരുന്നില്ല. പാവപ്പെട്ടവരെ ഉപയോഗിച്ച്, അന്യായമായ മാർഗ്ഗത്തിൽ ധനമുണ്ടാക്കുന്നത് തെറ്റായിത്തന്നെയാണ് പഴയനിയമവും കണ്ടിരുന്നത്. ദൈവത്തെ മഹത്വപ്പെടുത്തുകയും സഹോദരങ്ങളോട് കരുതലോടെ പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു രീതിയിൽ ധനം കൈകാര്യം ചെയ്യാനുള്ള കഴിവ് ഒരുവനെ ദൈവത്തിന് സ്വീകാര്യനാക്കും. സങ്കീർത്തനവാക്യങ്ങളിൽ ദാവീദ് പറയുന്ന മാതൃകാപരമായ ജീവിതം നയിക്കുന്ന ഒരുവന് നിർഭയമായി ജീവിക്കാമെന്ന്, ദൈവസന്നിധിയിൽ സ്വീകാര്യനാകാമെന്ന് ഓർമ്മിപ്പിച്ചുകൊണ്ടാണ് ദാവീദ് സങ്കീർത്തനം അവസാനിപ്പിക്കുന്നത്. പാപത്തിൽ തുടരുന്ന മനുഷ്യൻ ദൈവത്തിന് സ്വീകാര്യനല്ല. എന്നാൽ നിഷ്കളങ്കതയിലും ദൈവികമായ നീതിയിലും ജീവിക്കുന്ന ഒരുവന് ദൈവസന്നിധിയിലും അവന്റെ വിശുദ്ധ ഗിരിയിലും സ്ഥാനമുണ്ട്.

സങ്കീർത്തനം ജീവിതത്തിൽ

പതിനഞ്ചാം സങ്കീർത്തനത്തിലൂടെ ദാവീദ് നൽകുന്ന ഉപദേശങ്ങളും വ്യവസ്ഥകളും പഴയനിയമകാലത്തിനും ചിന്തകൾക്കും ഉപരിയായി എന്നും നിലനിൽക്കുന്നവയാണ്. തിന്മ പ്രവർത്തിക്കുന്ന ഒരാൾക്കും ദൈവസന്നിധിയിൽ സ്വീകാര്യത കണ്ടെത്താനാവില്ലെന്ന സത്യം ദൈവത്തിന്റെ സ്വഭാവസവിശേഷതയോട് ചേർന്നുപോകുന്ന ഒന്നാണ്. നന്മയും സത്യവും നീതിയുമൊക്കെ നിറഞ്ഞ ദൈവത്തിന്, തിന്മയും അസത്യവും അപവാദപ്രചാരണങ്ങളും അനീതിയും ഒരിക്കലും സ്വീകാര്യമാകില്ലല്ലോ. മനുഷ്യരുടെ കണ്ണുകളിൽനിന്ന് പല കാര്യങ്ങളും മറച്ചുപിടിക്കാൻ നമുക്ക് കഴിഞ്ഞേക്കാം, എന്നാൽ എല്ലാമറിയുന്ന ദൈവത്തിന് മുൻപിൽ നമ്മുടെ ജീവിതം സുതാര്യമാണെന്ന് നമുക്ക് ഓർക്കാം. അവന്റെ വിശുദ്ധിക്കൊത്ത വിശുദ്ധിയിൽ ജീവിക്കാനും, സഹോദരങ്ങളെയും അയൽക്കാരെയും ദരിദ്രരെയും സ്നേഹിക്കുവാനും സഹായിക്കുവാനും നമുക്ക് പരിശ്രമിക്കാം. നിർഭയരായി ദൈവത്തിനും മനുഷ്യർക്കും മുന്നിൽ നിൽക്കാൻ തക്ക നിഷ്കളങ്കതയും സത്യസന്ധതയും നമ്മിലുണ്ടാകട്ടെ. നമ്മുടെ പ്രവൃത്തികളും വാക്കുകളും ജീവിതവും ദൈവത്തിന് സ്വീകാര്യമായ ബലിയായി മാറട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 March 2023, 13:22