അവിശ്വാസികളും ദൈവജനവും സങ്കീർത്തനത്തിൽ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
ദൈവമില്ലെന്ന തരത്തിൽ ജീവിക്കുന്ന മനുഷ്യരിലെ കാപട്യവും, ദൈവഹിതമന്വേഷിക്കാതെ തങ്ങളെത്തന്നെ ദൈവത്തിനും മുകളിൽ പ്രതിഷ്ഠിക്കുന്ന മനുഷ്യരിലെ തെറ്റും എടുത്തുപറഞ്ഞ്, ദൈവനിഷേധം എന്നത് മൗഢ്യതയാണെന്ന്, വിഢിത്തമാണെന്ന് വിളിച്ചുപറയുന്ന ദാവീദിനെയാണ് പതിനാലാം സങ്കീർത്തനത്തിൽ നാം കാണുന്നത്. ഗായകസംഘനേതാവിന് ദാവീദ് എഴുതിയ ഈ വാക്യങ്ങൾ ഏതാണ്ട് അതേപടി അൻപത്തിമൂന്നാം സങ്കീർത്തനത്തിലും ആവർത്തിച്ചു കാണുന്നുണ്ട്. ലോകത്ത് രണ്ടുതരം ആളുകളുള്ളതായി ഈ വിലാപസങ്കീർത്തനം ചിത്രീകരിക്കുന്നു. ദൈവത്തെ നിഷേധിക്കുകയും, തിന്മയിലും അധർമ്മത്തിലും ജീവിക്കുകയും ചെയ്യുന്ന, മൂഢരെന്ന് വചനം വിശേഷിപ്പിക്കുന്നവരാണ് ഒരു കൂട്ടർ. ഇത്തരത്തിലുള്ളവരുടെ ജീവിതവും പ്രവൃത്തികളും പന്ത്രണ്ടാം സങ്കീർത്തനവും എടുത്തുപറയുന്നുണ്ട്. എന്നാൽ ദൈവത്തിന് സ്വീകാര്യരായ രണ്ടാമത്തെ കൂട്ടരാകട്ടെ, നീതിമാന്മാരെന്ന് സങ്കീർത്തനം വിശേഷിപ്പിക്കുന്ന, ദൈവം അഭയമായുള്ള, ദൈവജനമാണ്. ദുഷ്ടർ നീതിമാന്മാരെ പീഡിപ്പിക്കുന്നുണ്ടെങ്കിലും, കർത്താവ് ദൈവനിഷേധികളെ ശിക്ഷിക്കുമെന്നും, നല്ലവർക്ക് പ്രതിഫലം നല്കുമെന്നുമുള്ള പ്രതീക്ഷയോടെയാണ് സങ്കീർത്തകനായ ദാവീദ് നിലകൊള്ളുന്നത്. യാക്കോബും, ഇസ്രായേൽ ജനവും ദൈവജനമായാണ് വിശേഷിപ്പിക്കപ്പെടുന്നത്. പ്രപഞ്ചസൃഷ്ടാവിനെ തള്ളിപ്പറയുന്ന തിന്മയിൽ ജീവിക്കുന്ന മനുഷ്യർക്കെതിരെയുള്ള ഒരു ഉദ്ബോധനവുംകൂടിയാണ് ഈ സങ്കീർത്തനം.
ദൈവനിഷേധികളായ മനുഷ്യർ
ദൈവസൃഷ്ടിയായ ഈ പ്രപഞ്ചത്തിൽ, തങ്ങളുടെ സൃഷ്ടാവിനെ തള്ളിപ്പറയുന്ന സൃഷ്ടികളായ മനുഷ്യരെ തിരുവചനം വിശേഷിപ്പിക്കുക മൂഢർ എന്നാണ്. തങ്ങളുടെ ഹൃദയത്തിന്റെ കുടിലതയിൽ ജീവിക്കുന്ന അവർ, ദുഷിച്ചുപോയ മനുഷ്യരാണ്. ദൈവത്തെ നിഷേധിച്ചുപറയുക എന്നത് ബൗദ്ധികതലത്തിലുള്ള ഒരു പ്രവൃത്തി മാത്രമല്ല, മറിച്ച് തങ്ങളുടെ തന്നെ ജീവിതത്തിന്റെ അർത്ഥമില്ലായ്മ കൂടിയാണ് അവർ വെളിവാക്കുന്നത്. നിരീശ്വരവാദം ജീവിതനിയമമായി സ്വീകരിച്ച ദുഷ്ടരായ മനുഷ്യർ ദൈവമില്ലാത്ത, ധാർമ്മികതയില്ലാത്ത ഒരു ലോകനിയമമാണ് ജീവിക്കുന്നത്. അതുകൊണ്ടുതന്നെയാണ് ഒന്നാം വാക്യത്തിൽ നാം ഇങ്ങനെ വായിക്കുന്നത്: "ദൈവമില്ല എന്ന് മൂഢൻ തന്റെ ഹൃദയത്തിൽ പറയുന്നു; മ്ളേച്ഛതയിൽ മുഴുകി അവർ ദുഷിച്ചിരിക്കുന്നു; നന്മ ചെയ്യുന്നവർ ആരുമില്ല". ദൈവമുണ്ട് എന്ന വിശ്വാസത്തിന്റെ ഉറപ്പിൽ നിന്നുകൊണ്ടാണ് ദാവീദ് ഈയൊരു വിലാപമുയർത്തുന്നത്. സകലത്തിന്റെയും സൃഷ്ടാവായ ദൈവത്തെ നിഷേധിക്കുന്ന മനുഷ്യർ ദൈവത്തെ ഇല്ലാതാക്കുകയല്ല, അവനു നേരെ കണ്ണടച്ച് സ്വയം വിഢികളായി മാറുകയാണ്. അനന്തമായ പ്രപഞ്ചത്തിനും, അതിലെ ധാർമ്മികമായ മനഃസാക്ഷിക്കും കാരണമായ ദൈവത്തെ നിഷേധിക്കുന്ന ഒരുവൻ, ഈ പ്രപഞ്ചത്തിന്റെ നിലനില്പിനെത്തന്നെ അനാഥമെന്നും, കാരണമില്ലാത്തതെന്നുമാണ് സ്വയം വിശ്വസിപ്പിക്കാൻ പരിശ്രമിക്കുന്നത്. എന്നാൽ അതേസമയം, അനീതിയിലും മ്ലേച്ഛതയിലും പുലരുന്ന ഒരുവൻ തന്റെ ജീവിതം കൊണ്ട് ദൈവമില്ലെന്നാണ് പ്രഖ്യാപിക്കുന്നത്. നമ്മിലെ നന്മതിന്മകൾ നമ്മുടെ ദൈവവിശ്വാസത്തെക്കൂടിയാണ് വിളിച്ചുപറയുന്നത്.
ദൈവത്തിന്റെ കണ്ണുകളിൽ ദുഷ്ടരുടെ ജീവിതം
സങ്കീർത്തനത്തിന്റെ രണ്ടു മുതലുള്ള വാക്യങ്ങളിൽ ദൈവസന്നിധിയിൽ മനുഷ്യരുടെ നിലയെന്ത് എന്നാണ് നാം കാണുന്നത്. രണ്ടാം വാക്യത്തിൽ മനുഷ്യരിലേക്ക് നോക്കുന്ന ദൈവത്തെയാണ് നാം കാണുക: "കർത്താവു സ്വർഗ്ഗത്തിൽനിന്നു മനുഷ്യമക്കളെ നോക്കുന്നു; ദൈവത്തെത്തേടുന്ന വിവേകികളുണ്ടോ എന്ന് അവിടുന്ന് ആരായുന്നു". തിന്മയിൽ ജീവിക്കുന്ന മനുഷ്യർ ദൈവത്തിന്റെ അസ്തിത്വത്തെത്തന്നെ തള്ളിപ്പറയുകയും, ദൈവനിഷേധാത്മകമായ പ്രവൃത്തികളിലൂടെ ദൈവത്തിൽനിന്ന് അകന്നുപോവുകയും ചെയ്യുമ്പോൾ, സ്നേഹനിധിയായ ദൈവം തന്റെ സൃഷ്ടികളായ മനുഷ്യരിലേക്ക് പ്രതീക്ഷയോടെയാണ് നോക്കുക. മനുഷ്യർ ദൈവത്തെ മറക്കുമ്പോഴും, അവരെ മറക്കാത്ത, തേടിവരുന്ന ഒരു ദൈവമാണ് ഇസ്രയേലിന്റെ നാഥൻ. പാപം മൂലം ദൈവത്തിൽനിന്ന് മനുഷ്യർ അകലുമ്പോഴും, അവനിൽനിന്ന് മറഞ്ഞിരിക്കാൻ ആഗ്രഹിക്കുമ്പോഴും, അവരിൽ ഇനിയും നന്മയവശേഷിച്ചിട്ടുണ്ടോയെന്ന് തേടിയെത്തുന്ന ഒരു ദൈവമാണ് കർത്താവ്.
പ്രതീക്ഷയോടെ തന്റെ സൃഷ്ടിയിൽനിന്ന് നന്മ പ്രതീക്ഷിക്കുന്ന ദൈവം അവരിൽ അത് കണ്ടെത്തുന്നില്ല: "എല്ലാവരും വഴിതെറ്റി ഒന്നുപോലെ ദുഷിച്ചുപോയി; നന്മ ചെയ്യുന്നവനില്ല; ഒരുവൻ പോലുമില്ല" എന്ന് ദാവീദ് മൂന്നാം വാക്യത്തിൽ എഴുതി വയ്ക്കുന്നു. ദൈവികമാർഗ്ഗത്തിൽനിന്ന് വഴി തെറ്റിപ്പോയ മനുഷ്യരിൽ ദൈവവിചാരമെന്ന നന്മപോലും അവസാനിച്ചിരിക്കുന്നു. തിന്മയിൽ പുലരുന്ന മനുഷ്യർ ദൈവത്തെയാണ് തങ്ങളുടെ പ്രവൃത്തികളും ജീവിതവും കൊണ്ട് നിഷേധിക്കുന്നത്.
നീതിയിൽ വസിക്കുന്ന തന്റെ ജനത്തിനൊപ്പമുള്ള ദൈവം
ദൈവഹിതമനുസരിച്ചു ജീവിക്കുന്ന മനുഷ്യർക്കൊപ്പം ദൈവമുണ്ടെന്ന ബോധ്യമാണ് സങ്കീർത്തനത്തിന്റെ നാലുമുതലുള്ള വാക്യങ്ങൾ നൽകുന്നത്. അവരുടെ സഹനത്തിലും കൂടെയുള്ള, അഭയമാകുന്ന ദൈവമാണ് അവിടുന്ന്. അധർമ്മികൾ തന്റെ ജനത്തിനു നേരെ നടത്തുന്ന അതിക്രമങ്ങളും, തന്റെ ജനമനുഭവിക്കുന്ന പീഡകളും ദൈവമറിയുന്നുണ്ട്. സഹനത്തിലും നീതിയിൽ തുടരുന്ന മനുഷ്യർക്കൊപ്പമാണ് ദൈവമുള്ളത്. ദരിദ്രനെ തകർന്നവനെന്നും, ഉപേക്ഷിക്കപ്പെട്ടവനെന്നും ലോകം വിശേഷിപ്പിക്കുമ്പോൾ, അവർക്ക് അഭയമായി ദൈവമുണ്ടെന്ന് ദാവീദ് പതിനാലാം സങ്കീർത്തനത്തിലൂടെ ഉറപ്പുനൽകുന്നു. നാലുമുതൽ ആറുവരെയുള്ള വാക്യങ്ങൾ ദുഷ്ടരായ ദൈവനിഷേധികൾക്കും അധർമ്മികൾക്കും എതിരേയുള്ളതാണ്: "ഈ അധർമ്മികൾക്ക് ബോധമില്ലേ? ഇവർ എന്റെ ജനത്തെ അപ്പം പോലെ തിന്നൊടുക്കുന്നു; ഇവർ കർത്താവിനെ വിളിച്ചപേക്ഷിക്കുന്നില്ല. അവിടെ അവരെ പരിഭ്രാന്തി പിടികൂടും; എന്തെന്നാൽ ദൈവം നീതിമാന്മാരോടുകൂടെയാണ്. നിങ്ങൾ ദരിദ്രന്റെ പ്രതീക്ഷകളെ തകർക്കാൻ നോക്കും; എന്നാൽ കർത്താവ് അവന് അഭയമായുണ്ട്". ധാർമ്മികതയിൽ പുലരുന്ന, ദൈവത്തെ വിളിച്ചപേക്ഷിക്കുന്ന തന്റെ ജനത്തിനെതിരെ നിൽക്കുന്നവർക്ക് അന്തിമവിജയമുണ്ടാകില്ലെന്ന്, നീതിമാനൊപ്പം താനുണ്ടെന്ന്, തന്നിൽ ശരണമർപ്പിക്കുന്ന ദരിദ്രന് താൻ അഭയമേകുമെന്ന് അവിടുന്ന് ഉറപ്പുനൽകുന്നു. നീതിയിൽ ജീവിക്കുന്ന, നന്മ പ്രവർത്തിക്കുന്ന, ദൈവത്തിൽ സ്വയം സമർപ്പിച്ച് ജീവിക്കുന്ന മനുഷ്യർക്കെതിരെ പ്രവർത്തിക്കുന്നവർ സൃഷ്ടാവായ, നീതിമാനായ ദൈവത്തിനെതിരെയാണ് നിലകൊള്ളുന്നത്.
ദൈവജനത്തിന്റെ അഭയവും രക്ഷയുമായ ദൈവം
തിന്മ പ്രവർത്തിക്കുന്ന ദൈവനിഷേധികളെ ദൈവം ശിക്ഷിക്കുമെന്നും, നീതിയിൽ ജീവിക്കുകയും ദൈവത്തെ അന്വേഷിച്ച് അവന്റെ പാതയിൽ ചരിക്കുകയും ചെയ്യുന്ന നല്ലവരായ മനുഷ്യർക്ക് കർത്താവ് അഭയവും പ്രതിഫലവും നല്കുമെന്നുമുള്ള ശുഭാപ്തിവിശ്വാസത്തിന്റേതാണ് സങ്കീർത്തനത്തിന്റെ അവസാനവാക്യം: ഇസ്രയേലിന്റെ വിമോചനം സീയോനിൽനിന്ന് വന്നിരുന്നുവെങ്കിൽ! കർത്താവു തന്റെ ജനതയുടെ സുസ്ഥിതി പുനഃസ്ഥാപിക്കുമ്പോൾ യാക്കോബ് ആനന്ദിക്കും; ഇസ്രായേൽ സന്തോഷിക്കും". ദൈവനിഷേധികളുടെ പീഡനങ്ങൾ മൂലം സഹിക്കേണ്ടിവരുമ്പോഴും, ലോകത്തിന്റെ മുൻപിൽ പരാജിതരെന്ന് വിശേഷിപ്പിക്കപ്പെടുമ്പോഴും ദൈവത്തിലുള്ള തങ്ങളുടെ ആശ്രയബോധം പണയം വയ്ക്കാത്ത, വിശ്വാസത്തിലും നന്മയിലും തുടരുന്ന മനുഷ്യരുടേതാണ് അന്തിമവിജയമെന്ന് ഈ സങ്കീർത്തനം ഓർമ്മിപ്പിക്കുന്നു. ദൈവസാന്നിധ്യത്തിന്റെ സീയോൻ വിമോചനത്തിന്റെ പ്രകാശം പരത്തുന്നുണ്ട്. തന്റെ ജനത്തിന്റെ സുസ്ഥിതി ദൈവം പുനഃസ്ഥാപിക്കുമെന്നും, പൂർണ്ണമായ സ്വാതന്ത്ര്യത്തിന്റെയും, ദൈവസ്നേഹത്തിന്റെയും സംരക്ഷണത്തിന്റെയും അനുഭവത്തിലേക്ക് കടന്നുവരാൻ ദൈവജനത്തിന് സാധിക്കുമെന്നുമുള്ള പ്രതീക്ഷയുടെ ഏഴാം വാക്യത്തിലൂടെയാണ് പതിനാലാം സങ്കീർത്തനം അവസാനിക്കുന്നത്.
സങ്കീർത്തനം ജീവിതത്തിൽ
തിന്മയിൽ ജീവിക്കുന്ന മനുഷ്യർ ദൈവത്തെ നിഷേധിക്കുകയോ അവന്റെ അസ്തിത്വത്തെ സംശയിക്കുകയോ ചെയ്യുമ്പോൾ, കുറവുകൾക്കുമപ്പുറം മനുഷ്യരെ കരുണയോടെ നോക്കിക്കാണുന്ന, തന്നിൽ ശരണമർപ്പിക്കുന്നവർക്ക് അഭയമേകുന്ന, അവരെ ചേർത്തുപിടിക്കുന്ന നീതിമാനായ ഒരു ദൈവത്തിലുള്ള വിശ്വാസത്തിൽ അനുദിനം വളരാനും, അവൻ നമുക്കായി കരുതിവച്ചിരിക്കുന്ന വിമോചനത്തിന്റെ അനുഭവത്തിലേക്ക് കടന്നുവരാനും, അവനിൽ ആനന്ദിക്കാനും പതിനാലാം സങ്കീർത്തനം നമ്മെ ആഹ്വാനം ചെയ്യുന്നു. എന്നാൽ അതേസമയം, ദൈവമുണ്ടെന്ന് ഏറ്റുപറയുകയും അവന്റെ ഉദ്ബോധനങ്ങൾ അറിയുകയും ചെയ്യുമ്പോഴും, ദൈവമില്ലെന്നപോലെ ജീവിക്കുന്ന ദുഷ്ടത നിറഞ്ഞ മനുഷ്യരാകാതിരിക്കാനും പതിനാലാം സങ്കീർത്തനം നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്. വാക്കുകളിലൂടെ എന്നതിനേക്കാൾ ഹൃദയം കൊണ്ടും ജീവിതം കൊണ്ടുമാണ് ദൈവവിശ്വാസം ഏറ്റുപറയേണ്ടതും ജീവിക്കേണ്ടതും. പ്രതീക്ഷയോടെ നമ്മിലേക്ക് നോക്കുന്ന ദൈവത്തിന് മുന്നിൽ സ്വീകാര്യരായ മനുഷ്യരായി, സഹോദരങ്ങൾക്ക് ജീവിക്കുന്ന ദൈവത്തിന്റെ സാക്ഷികളായി, പ്രതീക്ഷ നൽകുന്ന, നന്മ പ്രവർത്തിക്കുന്ന വ്യക്തികളായി ജീവിക്കാൻ നമുക്ക് പരിശ്രമിക്കാം. നമ്മുടെ ഓരോ പ്രവൃത്തികളും പ്രപഞ്ചസൃഷ്ടാവായ ദൈവത്തിന്റെ നന്മയുടെയും നീതിയുടെയും കരുണയുടെയും അനുകരണങ്ങളാകട്ടെ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: