തിരയുക

മലാവിയിൽ അതിസാരവും ഛർദ്ദിയും ബാധിച്ച് ചികിത്സാ കേന്ദ്രത്തിൽ മലാവിയിൽ അതിസാരവും ഛർദ്ദിയും ബാധിച്ച് ചികിത്സാ കേന്ദ്രത്തിൽ  (AFP or licensors)

ഫ്രെഡി ചുഴലിക്കാറ്റിനു ശേഷം മലാവിയിൽ കോളറയും !

മലാവിയിൽ ആഞ്ഞടിച്ച ഫ്രെഡി ചുഴലിക്കാറ്റ്, ഇപ്പോൾ ദശലക്ഷക്കണക്കിന് കുട്ടികളെ കോളറ ഭീഷണിയുടെ നിഴലിൽ നിർത്തുന്നു.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

ഫ്രെഡി ചുഴലിക്കാറ്റിൽ ഉണ്ടായ നാശനഷ്ടങ്ങൾക്കിടയിൽ   മലാവിയിലും മൊസാംബിക്കിലും ദശലക്ഷക്കണക്കിന് കുട്ടികൾ കോളറയുടെ അപകടസാധ്യതയിലാണ്.

മലാവിയിലും മൊസാംബിക്കിലും ഏറെപ്പേർ മരണമടയുകയും, ധാരാളമാളുകൾക്ക് പരിക്കേൽക്കുകയും, പതിനായിരക്കണക്കിന് കുടുംബങ്ങളെ ഭവനരഹിതരാക്കുകയും ചെയ്ത ഫ്രെഡി ചുഴലിക്കാറ്റ്, ഇപ്പോൾ ദശലക്ഷക്കണക്കിന് കുട്ടികളെ കോളറ ഭീഷണിയുടെ നിഴലിൽ നിർത്തുന്നു.അന്താരാഷ്ട്ര സംഘടനയായ യൂനിസെഫാണ് ഞെട്ടിക്കുന്ന ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്.   ചുഴലിക്കാറ്റിന് മുമ്പുതന്നെ, കോളറ പകർച്ചവ്യാധി ഏറ്റവും കൂടുതൽ ബാധിച്ച രാജ്യങ്ങളിൽ മലാവിയും മൊസാംബിക്കും ഉൾപ്പെടുന്നു , ഈ വർഷം മാത്രം കിഴക്കൻ, ദക്ഷിണാഫ്രിക്ക മേഖലയിലെ 11 രാജ്യങ്ങളിലായി 68,000-ത്തിലധികം കോളറ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

മലാവിയ, മൊസാംബിക്ക്  മേഖലയിലെ കുട്ടികളിലും കുടുംബങ്ങളിലും വെള്ളപ്പൊക്കവും കോളറയും ഉണ്ടാക്കുന്ന ആഘാതത്തെ ചെറുത്തുനിൽക്കുവാനും, ജലം, ശുചിത്വം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ ജീവൻരക്ഷാ സഹായവും സേവനങ്ങളും സാങ്കേതിക പിന്തുണയും നൽകാനും യുനിസെഫ് 155 മില്യൺ യുഎസ് ഡോളറിന്റെ അടിയന്തര അഭ്യർത്ഥന നടത്തി.

പോഷകാഹരങ്ങളുടെ അഭാവവും കോളറ പകരാനുള്ള മറ്റൊരു വഴിയായി വിദഗ്ദർ  ചൂണ്ടിക്കാട്ടുന്നു. മാർച്ച് അവസാനത്തോടെ, അഞ്ച് വയസ്സിന് താഴെയുള്ള ഏകദേശം 250,000 കുട്ടികൾക്ക്  പോഷകാഹാരക്കുറവ് ഉണ്ടാവുമെന്നും അതിൽ  62,000-ത്തിലധികം പേർക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെന്നും യൂണിസെഫ് അനുമാനിക്കുന്നു. പോഷകാഹാരക്കുറവുള്ള ഒരു കുട്ടി കോളറ ബാധിച്ച് മരിക്കാനുള്ള സാധ്യത സാധാരണ  ഒരു കുട്ടിയേക്കാൾ 11 മടങ്ങ് കൂടുതലായതിനാൽ, കോളറ ആക്രമണം മലാവിയിലെ ആയിരക്കണക്കിന് കുട്ടികൾക്ക് ജീവൻ നഷ്ടപ്പെടാനുള്ള ദയനീയമായ അവസ്ഥയും സംഘടന മുൻകൂട്ടിക്കാണുന്നു

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 March 2023, 11:08