വികസനം സാമ്പത്തിക- ധനപര വെല്ലുവിളികളെ മാത്രം നേരിടുന്നതാകരുത്, ആർച്ച്ബിഷപ്പ് യൂജിൻ നുജെൻറ്!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
സുസ്ഥിര വികസനത്തിന് അല്പവികസിത നാടുകളെ സഹായിക്കുക എന്ന ലക്ഷ്യത്തിൻറെ പൂർണ്ണ സാക്ഷാത്ക്കാരം സാധ്യമാകണമെങ്കിൽ ശക്തമായ ഐക്യദാർഢ്യവും അല്പവികസിത നാടുകളും അവയുടെ വികസന പങ്കാളികളും ഐക്യരാഷ്ട്രസഭയുടെ സംവിധാനവും അന്താരാഷ്ട്രസമൂഹവും തമ്മിലുള്ള നവവീര്യമാർന്ന ആഗോള പങ്കാളിത്തവും അനിവാര്യമാണെന്ന് ആർച്ച്ബിഷപ്പ് യൂജിൻ നുജെൻറ് ( Archbishop Eugene Nugent).
അല്പവികസിത നാടുകളെ അധികരിച്ച്, ഖത്തറിൻറെ തലസ്ഥാനമായ ദോഹയിൽ മാർച്ച് 5-9 വരെ ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെട്ട അഞ്ചാം സമ്മേളനത്തിൽ പരിശുദ്ധസിംഹാസനത്തിൻറെ പ്രതിനിധിസംഘത്തെ നയിച്ച അദ്ദേഹം അതിൽ സംസാരിക്കുകയായിരുന്നു.
അല്പവികസിത നാടുകളിലെ ജനങ്ങളിൽ, വിശിഷ്യ ദരിദ്രരിൽ ആണ് മുതൽ മുടക്കേണ്ടതെന്നും അവരാണ് അന്നാടുകളുടെ വികസനത്തിൻറെ ഏറ്റവും വലിയ വിഭവവും നിർണ്ണായക ആസ്തിയുമെന്നും വിശദീകരിച്ച ആർച്ച്ബിഷപ്പ് നുജെൻറ്, അതുകൊണ്ടു തന്നെ അല്പവികസിത നാടുകളെ യഥാർത്ഥത്തിൽ സഹായിക്കുക എന്ന ലക്ഷ്യത്തോടുകൂടിയ ഏതൊരു നയപരിപാടിയും വ്യക്തിയെ കേന്ദ്രസ്ഥാനത്തു പ്രതിഷ്ഠിക്കുന്നതായിരിക്കണമെന്ന് പ്രസ്താവിച്ചു.
ഇതിനർത്ഥം അല്പവികസിത നാടുകൾ അഭിമുഖീകരിക്കുന്ന സാമ്പത്തികമോ ധനപരമോ ആയ വെല്ലുവിളികളെ നേരിടുന്നതിൽ മാത്രം കേന്ദ്രീകൃതമായ ഒരു വികസന മാതൃകയല്ല, മറിച്ച്, 880 ദശലക്ഷം ആളുകളുടെ സമഗ്രമായ പുരോഗതി ലക്ഷ്യം വയ്ക്കുന്നതാകണം പരിപോഷിപ്പിക്കേണ്ടത് എന്നാണെന്ന് അദ്ദേഹം വിശദീകരിച്ചു.
ഈ പശ്ചാത്തലത്തിൽ, അല്പവികസിത നാടുകളിലെ സ്ത്രീപുരുഷന്മാരും കുട്ടികളും അവരുടെ തന്നെ ഭാഗധേയത്തിൻറെ മാന്യ കർത്താക്കളായിത്തീരുന്നു എന്ന് ഉറപ്പാക്കുന്നതിന് ദാരിദ്ര്യ നിർമ്മാർജ്ജനം അന്താരാഷ്ട്രസമൂഹം ഒറ്റക്കെട്ടായി നേരിടേണ്ട ഏറ്റവും അടിയന്തിര വെല്ലുവിളിയായി തുടരുന്നുവെന്നും ആർച്ച്ബിഷപ്പ് നുജെൻറ് പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: