മനസ്സാക്ഷിക്കു മുന്നിൽ ചോദ്യചിഹ്നമാകുന്ന അഭയാർത്ഥി ദുരന്തങ്ങൾ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
മെച്ചപ്പെട്ട ജീവിതം തേടിയുള്ള യാത്രയിൽ അഭയാർത്ഥികളുടെയും കുടിയേറ്റക്കാരുടെയും ജീവിതം ദാരുണമായി അവസാനിക്കുന്ന സംഭവങ്ങൾ നമ്മുടെ മനസ്സാക്ഷിയ്ക്കുമുന്നിൽ ഒരു ചോദ്യചിഹ്നമാണെന്ന് ഇറ്റലിയിലെ ക്രൈസ്തവ മുസ്ലീം സംയുക്ത പ്രസ്താവന.
തെക്കു കിഴക്കെ ഇറ്റലിയിലെ കളാബ്രിയ തീരത്തെ ക്രൊത്തോണെയിൽ എഴുപതോളം പേരുടെ ജീവനപഹരിച്ച അഭയാർത്ഥി ബോട്ടു ദുരന്തത്തിൻറെ പശ്ചാത്തലത്തിൽ ഇറ്റലിയിലെ ക്രൈസ്തവ മുസ്ലീം നേതാക്കൾ ഒപ്പുവച്ച് പുറപ്പെടുവിച്ച, “കുടിയേറ്റക്കാരുടെ യാഥാർത്ഥ്യത്തെ നമുക്ക് ഒരുമിച്ചു നേരിടാം” എന്ന ശീർഷകത്തിലുള്ള രേഖയിലാണ് ഇത്തരം ദുരന്തങ്ങളുടെ ഉത്തരവാദിത്വം നാം ഏറ്റെടുക്കേണ്ടതിൻറെ ആവശ്യകത ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
തുർക്കിയിൽ നിന്ന് ആഫ്രിക്കക്കാരും അഫ്ഖാനിസ്ഥാൻകാരുമായ അഭയാർത്ഥികളുമായി ഇറ്റലിയിലേക്കു പുറപ്പെട്ട ബോട്ട് ഫെബ്രുവരി 26-നാണ് ക്രൊത്തോണെയിൽ തകരുകയും അനേകർ മരണമടയുകയും ചെയ്തത്.
കുടിയേറ്റ പ്രതിഭാസം, രാഷ്ട്രീയ, സാമൂഹ്യ, സാമ്പത്തിക, പാരിസ്ഥിതിക ഘടകങ്ങൾ പരിഗണിക്കുന്നതായ പരിഹാരങ്ങൾ കണ്ടെത്തേണ്ടതിൻറെ ആവശ്യകതയിലേക്ക് വിരൽ ചൂണ്ടുന്നതിനോടൊപ്പം തന്നെ നമ്മുടെ ഓരോരുത്തരുടെയും മനസ്സാക്ഷിയെ ചോദ്യം ചെയ്യുന്നുവെന്നും ഈ രേഖ പറയുന്നു. ഈ യാഥാർത്ഥ്യം തങ്ങളെ സവിശേഷമാം വിധം സ്പർശിക്കുന്നുവെന്ന ബോധ്യം ക്രൈസ്തവരും മുസ്ലീങ്ങളും പുലർത്തണമെന്നും കാരണം ഈ രണ്ടുവിഭാഗത്തിൽപ്പെട്ടവരാണ് യൂറോപ്പിലേക്കു കുടിയേറുന്നവരിൽ ഭൂരിഭാഗമെന്നും രേഖ വ്യക്തമാക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: