തിരയുക

മരണമടഞ്ഞവർക്ക് ആദരാമർപ്പിക്കുന്ന ഇറ്റാലിയൻ പ്രസിഡന്റ് മരണമടഞ്ഞവർക്ക് ആദരാമർപ്പിക്കുന്ന ഇറ്റാലിയൻ പ്രസിഡന്റ്   (ANSA)

കലാബ്രിയയിലെ കപ്പലപകടം: സഹായവുമായി യൂണിസെഫും സേവ് ദി ചിൽഡ്രനും

തുർക്കിയിൽ നിന്ന് ഇറ്റലിയിലേക്ക് പുറപ്പെട്ട കപ്പൽ മുങ്ങിയുണ്ടായ ദുരന്തത്തിൽപ്പെട്ടവർക്ക് സഹായവുമായി ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധിയും, സേവ് ദി ചിൽഡ്രൻ അന്താരാഷ്ട്രസംഘടനയും രംഗത്തെത്തി.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

തുർക്കിയിൽനിന്ന് 180-ഓളം ആളുകളുമായി ഇറ്റലിയിലേക്ക് പുറപ്പെട്ട കപ്പൽ മുങ്ങിയുണ്ടായ ദാരുണ അപകടത്തെ അതിജീവിച്ച കുട്ടികളും സ്ത്രീകളുമുൾപ്പെടുന്ന എൺപതോളം ആളുകൾക്ക് സഹായവുമായി ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫും, കുട്ടികളുടെ അവകാശങ്ങൾക്കായി പോരാടുന്ന സേവ് ദി ചിൽഡ്രൻ അന്താരാഷ്ട്രസംഘടനയും രംഗത്തെത്തി.

അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, സിറിയ, സോമാലിയ, പലെസ്തീന തുടങ്ങിയ രാജ്യങ്ങളിൽനിന്നുമുള്ള നൂറ്റിയെൺപത്തിലധികം ആളുകളാണ് തുർക്കിയിൽനിന്ന് ഇറ്റലിയിലേക്ക് അനധികൃതമായി യാത്ര പുറപ്പെട്ടത്. ഇവർ കഴിഞ്ഞ ഞായറാഴ്ച രാവിലെ ഇറ്റാലിയൻ തീരത്തിനടുത്തെത്തിയെങ്കിലും കനത്ത തിരമാലകളിൽപ്പെട്ട് ഏതാണ്ട് അറുപതിലധികം ആളുകൾ കടലിൽവീണ് മരിക്കുകയായിരുന്നു. അപകടത്തിൽനിന്ന് രക്ഷപെട്ടവരിൽ 16 പേർ പ്രായപൂർത്തിയാകാത്തവരാണ്. ഇവരിൽ മൂന്ന് കുട്ടികൾ കൂടെയാരും ഇല്ലാത്തവരാണ്. മരണമടഞ്ഞവരെ സംബന്ധിച്ച് ഇനിയും കൃത്യമായ കണക്കുകൾ ലഭ്യമായിട്ടില്ല. ഇതുവരെ 63 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. നിലവിൽ 53 മൃതദേഹങ്ങളാണ് കണ്ടെടുത്തിട്ടുള്ളത്.

യൂണിസെഫും സേവ് ദി ചിൽഡ്രൻ സംഘടനയും 2022 ഓഗസ്റ്റ് മുതൽ കുടിയേറ്റക്കാർക്ക് സേവനങ്ങൾ നൽകാൻവേണ്ടി കലാബ്രിയയിൽ തുടരുന്നുണ്ട്.

2014 മുതൽ ഇന്നുവരെ 26.000 ജീവനുകളാണ് കുടിയേറ്റശ്രമങ്ങൾക്കിടയിൽ മെഡിറ്ററേനിയൻ കടലിൽ അവസാനിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 മാർച്ച് 2023, 15:05