പ്രതിഷേധങ്ങൾക്കിടയിലും നീതിന്യായ പരിഷ്കാരവുമായി ഇസ്രായേൽ പ്രധാനമന്ത്രി
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
ഇസ്രായേൽ ഒരു ആഭ്യന്തര യുദ്ധത്തിന്റെ വക്കിലാണെന്ന് പ്രസിഡണ്ട് ഹെർസോഗ് മുന്നറിയിപ്പ് നൽകിയിട്ടും തന്റെ ഭരണകൂടം വിവാദമായ നീതി ന്യായ പരിഷ്കാര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് പ്രധാനമന്ത്രി നെതന്യാഹു ഉറപ്പിച്ചു പറഞ്ഞു.
അമിതമായ ഇടപെടലുകൾ നടത്തുന്ന സുപ്രീം കോടതിയെ തടയാൻ അഴിച്ചുപണി ആവശ്യമാണെന്ന് നെതന്യാഹു വെളിപ്പെടുത്തി. പദ്ധതി വിജയിക്കുകയാണെങ്കിൽ, സുപ്രീം കോടതി വിധികളെ മറികടക്കാനും എല്ലാ ജുഡീഷ്യൽ നിയമനങ്ങളും തീരുമാനിക്കാനും അദ്ദേഹത്തിനും സഖ്യകക്ഷികൾക്കും അധികാരം ലഭിക്കും.
സഖ്യ കക്ഷികളിലെ മന്ത്രിമാർ, പ്രതിപക്ഷ നേതാക്കൾ, നിയമ വിദഗ്ധർ എന്നിവരുമായി ആഴ്ചകൾ നീണ്ട ചർച്ചകൾക്ക് ശേഷം ബുധനാഴ്ച പ്രസിഡണ്ട് ഹെർസോഗ് ഒരു നിർദ്ദേശം മുന്നോട്ടുവച്ചിരുന്നു. പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് അദ്ദേഹത്തിന്റെ നിർദ്ദേശം ഇസ്രായേലിലെ ഭൂരിപക്ഷ വിഭാഗങ്ങളുടെ നിലപാടുകൾ പ്രതിഫലിപ്പിക്കുന്ന ഒരു ഒത്തുതീർപ്പായിരുന്നു. ചരിത്രപരമായ പ്രതിസന്ധിയിലൂടെയോ അല്ലെങ്കിൽ ഭരണഘടനാപരമായ ഒരു നിർണ്ണായക നിമിഷത്തിലൂടെയോ കടന്നു പോകുന്ന രാജ്യം ഒരു വഴിത്തിരിവിലാണെന്നും പ്രസിഡന്റ് ഹെർസോഗ് പറഞ്ഞൂ. എന്നാൽ തന്റെ കൂട്ട് ഭരണ കക്ഷികൾക്ക് അനുയോജ്യമല്ല എന്ന് പറഞ്ഞാണ് നെതന്യാഹു പ്രസിഡന്റിന്റെ ഈ നിർദ്ദേശം നിരസിച്ചത്.
പ്രധാമന്ത്രിയുടെ തീരുമാനം ഇതുവരെ രാജ്യം കണ്ട ഏറ്റവും വൻപ്രതിഷേധ റാലികളിലേക്ക് നയിച്ചു. അഴിമതി ആരോപണങ്ങളിൽ വിചാരണ നേരിടുന്ന നെതന്യാഹുവിന് വ്യക്തി പരമായ താൽപര്യങ്ങളാണുള്ളതെന്ന് വിമർശകർ അഭിപ്രായപ്പെടുന്നു. പ്രധാനമന്ത്രി നെതന്യാഹു നടപ്പിലാക്കൻ ഉദ്ദേശിക്കുന്ന നവീകരണ പദ്ധതികൾ നീതിന്യായ വ്യവസ്ഥയെ തടസ്സപ്പെടുത്തുമെന്നും സമൂഹത്തിൽ വിടവുകൾ വർദ്ധിപ്പിക്കുമെന്നും പ്രതിഷേധക്കാർ വാദിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: