ബോക്കോഹറാം തീവ്രവാദത്തിന്റെ ഇരകൾ ഇറ്റലിയിൽ
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
"ദുരിതമനുഭവിക്കുന്ന സഭകൾക്കുള്ള സഹായം" എന്നത് ഒരു അന്തരാഷ്ട്ര സഹായ സംഘടനയാണ്. പ്രത്യേകമായും ആഫ്രിക്കയിലും, ഏഷ്യയിലും വളരെയധികം സേവനങ്ങൾ നൽകിയ ഈ സംഘടന 2023 ലെ വനിതാദിനമായ മാർച്ച് എട്ടാം തീയതി ഇറ്റലിയിലേക്ക് ക്ഷണിച്ചിരിക്കുന്നത് മരിയ ജോസഫും, ജനാധ മാർക്കൂസും എന്ന അടുത്തയിടെ നൈജീരിയയിൽ ബോക്കോഹറാം ഭീകരവാദത്തിന് ഇരയായ രണ്ടു ക്രിസ്ത്യൻ പെൺകുട്ടികളെയാണ്. ഏകദേശം എഴുപത്തി അയ്യായിരത്തിനും മേൽ ആളുകളെ കൊന്നൊടുക്കിയ ബോക്കോഹറാം ഭീകരത ലോകമനഃസാക്ഷിയെ തന്നെ പലപ്പോഴും ഞെട്ടിച്ചിട്ടുള്ളതാണ്.
'അവരുടെ നിലവിളിയും കേൾക്കുക' എന്ന തലക്കെട്ടിലാണ് ഇത്തവണത്തെ അന്താരാഷ്ട്ര വനിതാദിനം സംഘടന ആഘോഷിക്കുന്നത്. ഈ തലക്കെട്ടിന് അർത്ഥം നൽകുന്നതാണ് ഈ പെൺകുട്ടികളുടെ ഇറ്റലിയിലേക്കുള്ള വരവും, തുടർന്ന് ഫ്രാൻസിസ് പാപ്പായും, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജാ മേലോണിയുമായുള്ള കൂടിക്കാഴ്ചയും. മറ്റ് വിശിഷ്ടവ്യക്തികളും ഈ കൂടിക്കാഴ്ചയിൽ പങ്കെടുക്കും. എട്ടാം തീയതി നടക്കുന്ന പൊതുകൂടിക്കാഴ്ചാവേളയിലാണ് പാപ്പാ ഈ പെൺകുട്ടികളെ സ്വീകരിക്കുന്നത്. തുടർന്ന് ഇറ്റാലിയൻ പാർലമെന്റിലും ഇവർക്ക് സ്വീകരണം ഒരുക്കിയിട്ടുണ്ട്.
വടക്കുകിഴക്കൻ നൈജീരിയയിലെ ബോർണോ സംസ്ഥാനത്തിന്റെ തലസ്ഥാനമായ മൈദുഗുരിയിലെ ട്രോമ സെന്ററിൽ നിന്നുള്ള വൈദികരും വിദഗ്ധരും ചേർന്നാണ് ഈ രണ്ടുപെൺകുട്ടികളെയും രക്ഷിച്ചുകൊണ്ട് സംരക്ഷണകേന്ദ്രത്തിലേക്ക് കൂട്ടിക്കൊണ്ടു പോയത്. സംഘടനയുടെ അഭ്യുദയകാംക്ഷികളുടെ സഹായത്തോടെ നിർമ്മിച്ച ഈ കേന്ദ്രം പ്രാദേശിക രൂപതയുടെ നിയന്ത്രണത്തിലാണ്. തീവ്രവാദി അക്രമത്തിന് ഇരയായവർക്ക് മാനസികവും ശാരീരികവുമായ സമഗ്രസംരക്ഷണം ഈ കേന്ദ്രം ഉറപ്പുനൽകുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: