സ്ത്രീ പുരുഷ സമത്വമുള്ള സമൂഹനിർമ്മിതിക്ക് വിദ്യഭ്യാസം അനിവാര്യം, ആർച്ച്ബിഷപ്പ് കാച്ച!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
വിവര വിനിമയ സാങ്കേതിക വിദ്യകൾ സ്ത്രീകൾക്കും പെൺകുട്ടികൾക്കും ആജീവനാന്ത പഠനാവസരങ്ങൾ സൃഷ്ടിക്കാൻ പ്രാപ്തങ്ങളാണെന്ന് ആർച്ച്ബിഷപ്പ് ഗബ്രിയേലെ കാച്ച (ARCHBISHOP GABRIELE CACCIA).
അമേരിക്കൻ ഐക്യനാടുകളിൽ, ന്യുയോർക്ക് ആസ്ഥാനമായുള്ള, ഐക്യരാഷ്ട്രസഭയിൽ പരിശുദ്ധസിംഹാസാനത്തിൻറെ സ്ഥിരം നിരീക്ഷകനായ അദ്ദേഹം മാർച്ച് 9-13 വരെ അവിടെ സംഘടിപ്പിക്കപ്പെട്ട, സ്ത്രീകളുടെ അവസ്ഥയെ അധികരിച്ചുള്ള സമ്മേളനത്തെ സംബോധന ചെയ്യുകയായിരുന്നു.
ലിംഗ സമത്വവും സ്ത്രീകളുടെയും പെൺകുട്ടികളുടെയും ശാക്തീകരണവും കൈവരിക്കുന്നതിനു വേണ്ടി ഡിജിറ്റൽ യുഗത്തിലെ നവീകരണവും സാങ്കേതിക മാറ്റവും വിദ്യാഭ്യാസവും" എന്നതായിരുന്നു പ്രമേയം.
വിദ്യഭ്യാസം നേടാനും തൊഴിൽ ചെയ്യാനും തങ്ങളുടെ കഴിവുകൾ വിനിയോഗിക്കാനും ഉള്ള അവസരങ്ങൾ, ഇന്നും നിരവധി നാടുകളിൽ, സ്ത്രീകൾക്ക് നിഷേധിക്കപ്പെടുന്നുണ്ട് എന്ന ഫ്രാൻസീസ് പാപ്പായുടെ നിരീക്ഷണം ആർച്ച്ബിഷ്പ്പ് കാച്ച ആവർത്തിച്ചു. സ്ത്രീ പുരുഷ സമത്വമുള്ള സമൂഹങ്ങളുടെ നിർമ്മിതിക്ക് വിദ്യഭ്യാസം അനിവാര്യമാണെന്ന വസ്തുത അദ്ദേഹം അടിവരയിട്ടു പറഞ്ഞു.
സ്ത്രീകളും പെൺകുട്ടികളും അവസരങ്ങൾ ഉപയോഗിക്കാൻ തയ്യാറാണെന്നും എന്നാൽ അവർക്ക് അതിനുള്ള ഉപകരണങ്ങൾ പ്രദാനം ചെയ്യേണ്ടതുണ്ടെന്നും ആർച്ച്ബിഷപ്പ് കാച്ച വ്യക്തമാക്കി. സ്ത്രീ സമത്വത്തിനായുള്ള യത്നത്തിൽ ദാരിദ്ര്യനിർമ്മാർജ്ജനത്തിനുള്ള പ്രാധാന്യവും ചൂണ്ടിക്കാട്ടിയ അദ്ദേഹം ദാരിദ്ര്യത്തിന് ഇരകളാകുന്നത് പുരുഷന്മാരെക്കാൾ കൂടുതൽ സ്ത്രീകളും കുട്ടികളും ആണെന്നും അവർ അക്രമത്തിനും ചൂഷണത്തിനും ഇരകളാക്കപ്പെടുന്ന അപകടം കൂടുതലാണെന്നും വിശദീകരിച്ചു.
നൂതന കണ്ടുപിടുത്തങ്ങൾ വ്യക്തികളുടെ നന്മോന്മുഖം ആയരിക്കണം എന്നു പറഞ്ഞ ആർച്ചുബിഷപ്പ് കാച്ച, ശാസ്ത്രത്തിൻറെയും സാങ്കേതികവിദ്യയുടെയും പുരോഗതി വ്യക്തിയുടെ ഔന്നത്യവും, സമഗ്രവും സമന്വയിപ്പിക്കുന്നതുമായ മാനവ വികസനവും ലക്ഷ്യം വയ്ക്കുന്നതാകണമെന്ന പരിശുദ്ധസിംഹാസനത്തിൻറെ നിലപാട് ആവർത്തിച്ചു വ്യക്തമാക്കി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: