തിരയുക

അഫ്ഗാനിസ്ഥാനിലെ ഒരു സ്‌കൂളിൽനിന്നുള്ള ദൃശ്യം - ഫയൽ ചിത്രം അഫ്ഗാനിസ്ഥാനിലെ ഒരു സ്‌കൂളിൽനിന്നുള്ള ദൃശ്യം - ഫയൽ ചിത്രം 

അഫ്ഗാനിസ്ഥാൻ: മുപ്പതു ലക്ഷം പെൺകുട്ടികൾ ചൂഷണത്തിന്റെ വക്കിൽ

പുതിയ അധ്യയനവർഷാരംഭത്തിനൊരുങ്ങുന്ന അഫ്ഗാനിസ്ഥാനിൽ മുപ്പതു ലക്ഷം പെൺകുട്ടികൾ വിദ്യാഭ്യാസരംഗത്തുനിന്ന് ഒഴിവാക്കപ്പെട്ടിരിക്കുകയാണെന്ന് സേവ് ദി ചിൽഡ്രൻ സംഘടന.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

പുതിയ അധ്യയന വർഷത്തിനു ദിവസങ്ങൾ മാത്രം അവശേഷിക്കെ, അഫ്ഗാനിസ്ഥാനിൽ കഴിഞ്ഞ ഒന്നരവർഷങ്ങളായി സെക്കണ്ടറി സ്‌കൂൾവിദ്യാഭ്യാസരംഗത്തുനിന്ന് അകറ്റി നിരുത്തപ്പെട്ട പെൺകുട്ടികൾ, പ്രായപൂർത്തിയെത്തുന്നതിന് മുൻപേയുള്ള വിവാഹങ്ങൾ, അക്രമം, ദുരുപയോഗം, ചൂഷണം എന്നിവയ്ക്ക് വിധേയരാക്കപെടാൻ സാധ്യതയുണ്ടെന്ന് കുട്ടികളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടുന്ന സേവ് ദി ചിൽഡ്രൻ അന്താരാഷ്ട്ര സംഘടനയുടെ അഫ്ഗാനിസ്ഥാൻ വിഭാഗം മാർച്ച് 16-ന് നൽകിയ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.

മാർച്ച് 21-ന് അഫ്ഗാനിസ്ഥാനിൽ പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ, പെൺകുട്ടികൾക്ക് ഉന്നതവിദ്യാഭ്യാസസാധ്യതകൾ വിലക്കിക്കൊണ്ടുള്ള നിയമം പിൻവലിക്കണമെന്ന് സേവ് ദി ചിൽഡ്രൻ സംഘടന ആവശ്യപ്പെട്ടു. ഇതുവഴി രാജ്യത്തിന്റെ ഭാവിയിൽ ഗുരുതരമായ ആഘാതം സൃഷ്ടിക്കാൻ സാധ്യതയുള്ള ബാലവിവാഹങ്ങൾ കുറയ്ക്കാൻ സാധിക്കുമെന്നും, പെൺകുട്ടികൾക്ക് ജോലി സാദ്ധ്യതകൾ ഒഴിവാക്കപ്പെടുകയില്ലെന്നും, അതുവഴി കൂടുതൽ കുടുംബങ്ങൾ പട്ടിണിയിലക്ക് തള്ളപ്പെടുന്നത് ഒഴിവാക്കാനാകുമെന്നും ഈ അന്താരാഷ്ട്രസംഘടന വ്യക്തമാക്കി.

താലിബാൻ അധികാരത്തിലേക്ക് തിരികെയെത്തിയതിനെത്തുടർന്ന് കഴിഞ്ഞ മാസങ്ങളിൽ ഏതാണ്ട് മുപ്പത് ലക്ഷം പെൺകുട്ടികൾക്കാണ് ഉന്നതവിദ്യാഭ്യാസം നിഷേധിക്കപ്പെട്ടത്.

1976 മുതൽ അഫ്ഗാനിസ്ഥാനിൽ പ്രവർത്തിക്കുന്ന സേവ് ദി ചിൽഡ്രൻ സംഘടന രാജ്യത്തെ 9 പ്രാവശ്യകളിലും മറ്റു സംഘടനകളോട് ചേർന്ന് 6 പ്രവിശ്യകളിലെ സേവനമനുഷ്ടിക്കുന്നുണ്ട്. ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സേവ് ദി ചിൽഡ്രൻ സംഘടന, 2021 ഓഗസ്റ്റിൽ താലിബാൻ ഭരണം പിടിച്ചടക്കിയതിനെത്തുടർന്ന് തങ്ങളുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. 2021 സെപ്റ്റംബർ മാസം മുതൽ മാത്രമുള്ള കണക്കുകൾ പ്രകാരം, 14 ലക്ഷം കുട്ടികൾ ഉൾപ്പെടെ 25 ലക്ഷത്തിലധികം ആളുകൾക്ക് വിവിധ സേവനങ്ങൾ എത്തിക്കുവാൻ സേവ് ദി ചിൽഡ്രൻ അഫ്ഗാനിസ്ഥാൻ ഘടകത്തിന് സാധിച്ചിട്ടുണ്ട്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 മാർച്ച് 2023, 17:31