തിരയുക

പ്രതീക്ഷകളോടെ ഇറ്റലിയിലേക്ക് പ്രതീക്ഷകളോടെ ഇറ്റലിയിലേക്ക്  (ANSA)

വർഷം തോറും ആയിരക്കണക്കിന് പ്രായപൂർത്തിയാകാത്ത കുട്ടികൾ ഇറ്റലിയിലേക്ക്: സേവ് ദി ചിൽഡ്രൻ സംഘടന

കഴിഞ്ഞ പത്തുവർഷങ്ങളിൽ ഒരു ലക്ഷത്തോളം പ്രായപൂർത്തിയാകാത്ത കുട്ടികൾ ഇറ്റാലിയൻ തീരങ്ങളിൽ എത്തിയെന്ന് സേവ് ദി ചിൽഡ്രൻ സംഘടന.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

കഴിഞ്ഞ പത്തു വർഷങ്ങളിൽ, മാതാപിതാക്കളുടെയോ സഹോദരങ്ങളുടെയോ കൂടെയല്ലാതെ, ഏതാണ്ട് ഒരു ലക്ഷത്തിലധികം കുട്ടികൾ ഇറ്റലിയിലെത്തിയയെന്ന്, കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടുന്ന സേവ് ദി ചിൽഡ്രൻ സംഘടന പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി. എല്ലാ വർഷങ്ങളിലും ഏതാണ്ട് പതിനയ്യായിരത്തിനടുത്ത് കുട്ടികൾ എത്തുന്നുണ്ടെന്ന് സംഘടന വ്യക്തമാക്കി.

ഇറ്റലിയുടെ തെക്കൻ തീരങ്ങളിൽ, പ്രത്യേകിച്ച് ലാമ്പെദൂസയിൽ കഴിഞ്ഞ ദിവസങ്ങളിൽ എത്തിയ കുട്ടികളെക്കുറിച്ച് പ്രതിപാദിച്ചുകൊണ്ട്, രാജ്യത്ത് ഇപ്രകാരമെത്തുന്ന കുട്ടികളെ, പ്രത്യേകിച്ച് മാതാപിതാക്കളുടെയോ സഹോദരങ്ങളുടെയോ മേൽനോട്ടത്തിലല്ലാതെ എത്തുന്നവരെ സ്വീകരിക്കാൻ പ്രത്യേകമായ ഒരുക്കത്തിന്റെ ആവശ്യമുണ്ടെന്ന് സംഘടന ഓർമ്മിപ്പിച്ചു. കുട്ടികളും ചെറുപ്പക്കാരുമായ 103.842 പേരാണ് ഇത്തരത്തിൽ കഴിഞ്ഞ പത്തുവർഷങ്ങളിൽ ഇറ്റലിയിലെത്തിയത്.

ഇറ്റലിയിലെത്തുന്ന കുട്ടികളെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി അയക്കുവാനാണ് പദ്ധതിയിട്ടിരുന്നതെങ്കിലും കഴിഞ്ഞ വർഷങ്ങളിൽ ഇവരിൽ ഭൂരിഭാഗവും സിസിലിയിലും കലാബ്രിയയിലുമാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

2021-ൽ മാത്രം, ഇറ്റലിയിലെത്തിയ 10.053 പേരുൾപ്പെടെ 17.200 വിദേശികളായ കുട്ടികളാണ് ഇറ്റലിയിൽ ഒറ്റയ്‌ക്കെത്തിയത്.

ഇറ്റലിയിലെ ഓരോ പ്രദേശങ്ങളിലും കുട്ടികളെ സ്വീകരിക്കുന്നതിനുള്ള കേന്ദ്രങ്ങൾ സൃഷ്ടിക്കുകയും, ദേശീയതലത്തിൽ ഇവർക്കായി പൊതു മാനദണ്ഡങ്ങളോടെ സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യേണ്ട ആവശ്യമുണ്ടെന്ന് സംഘടന പത്രക്കുറിപ്പിലൂടെ ഓർമ്മിപ്പിച്ചു. 2008 മുതൽ ഇറ്റലിയുടെ തെക്കൻ തീരങ്ങളിൽ സേവ് ദി ചിൽഡ്രൻ സംഘടന പ്രവർത്തിക്കുന്നുണ്ട്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 ഫെബ്രുവരി 2023, 16:18