"വിസ്മരിക്കപ്പെട്ടവർ":കുട്ടികളിൽ യുദ്ധം ചെലുത്തുന്ന ആഘാതം!
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
യുദ്ധം ചെലുത്തുന്ന നാടകീയമായ ആഘാതത്തെക്കുറിച്ചുള്ള യഥാർത്ഥ ജീവിതകഥകളെ ആധാരമാക്കി കുട്ടികളെ സംരക്ഷിക്കുക അഥവാ സേവ് ദി ചിൽഡ്രൻ സംഘടന ഒരുക്കുന്ന 'വിസ്മരിക്കപ്പെട്ടവർ' എന്ന റിപ്പോർട്ടും 'അതിജീവിതരുടെ സംരക്ഷണം' എന്ന വീഡിയോയും പ്രകാശനം ചെയ്തു.
ലോകമെമ്പാടും നടമാടുന്ന യുദ്ധക്കെടുതികളിൽ കൂടുതൽ ദുരിതമനുഭവിക്കുന്നത് കുഞ്ഞുങ്ങളാണ്. കുട്ടികളെ സംരക്ഷിക്കുക എന്ന അന്താരാഷ്ട്ര സംഘടനയുടെ കണക്കുകൾ പ്രകാരം 449 ദശലക്ഷം കുഞ്ഞുങ്ങളാണ് സംഘർഷമേഖലകളിൽ താമസിക്കുന്നത്. ഒരു വർഷം എണ്ണായിരത്തിൽ പരം കുഞ്ഞുങ്ങൾക്ക് ജീവൻ നഷ്ടമാവുകയോ, അംഗവൈകല്യം സംഭവിക്കുകയോ ചെയ്യുന്നു.അഫ്ഘാനിസ്ഥാൻ, സൊമാലിയ, സിറിയ എന്നീ രാജ്യങ്ങളിലാണ് ഏറ്റവും ഭീകരമായ അവസ്ഥ നിലനിൽക്കുന്നത്. ഇവിടെ നിന്നും യൂറോപ്യൻ രാജ്യങ്ങളിലേക്ക് കടക്കുന്നവരിൽ നിരവധിപേർ മരണപ്പെടുന്നതും സങ്കടകരമായ അവസ്ഥയാണ്.
100 വർഷത്തിലേറെയായി അപകടത്തിൽപ്പെടുന്ന പെൺകുട്ടികളെയും ആൺകുട്ടികളെയും രക്ഷിക്കാനും അവർക്ക് ഭാവി ഉറപ്പുനൽകാനും വേണ്ടി പോരാടുന്ന സംഘടനയായ സേവ് ദി ചിൽഡ്രൻ ഇറ്റലിയിൽ പ്രകാശനം ചെയ്ത 'ദി ഫോർഗറ്റൻ വൺസ്' അഥവാ വിസ്മരിക്കപ്പെട്ടവർ എന്ന റിപ്പോർട്ട് സംഘട്ടന ബാധിത രാജ്യങ്ങളിൽ സംഘടന നടത്തിയ ഗവേഷണത്തിന്റെ തെളിവുകൾ പുറത്തുവിടുന്നു. ആക്രമണത്തിന് വിധേയരായ കുട്ടികൾ എന്ന പ്രചാരണപരിപാടിയുടെ ഭാഗമായി ആരംഭിച്ച ഈ ഗവേഷണം, കുട്ടികളിൽ യുദ്ധം ഉളവാക്കുന്ന നാടകീയമായ ശാരീരികവും മാനസികവുമായ ആഘാതത്തെയും, അവരുടെ വളർച്ചയിലെ ഗുരുതരമായ പ്രത്യാഘാതങ്ങളെയും അപലപിക്കുന്നു.
യുദ്ധമേഖലകളിൽ ജീവിക്കുന്ന കുട്ടികളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നതും, സംഘർഷത്തിന്റെ ഭീകരതയുടെ അനന്തരഫലങ്ങളും കാണിക്കുന്ന യഥാർത്ഥ കഥകളെ അടിസ്ഥാനമാക്കിയുള്ള "സേവ് ദ സർവൈവേഴ്‌സ്" അതിജീവിതരെ സംരക്ഷിക്കുക എന്ന വീഡിയോയും സേവ് ദി ചിൽഡ്രൻ പുറത്തിറക്കി. കുട്ടികൾക്കെതിരായ ഗുരുതരമായ ലംഘനങ്ങൾ, റിക്രൂട്ട്‌മെന്റ്, തട്ടിക്കൊണ്ടുപോകൽ, ലൈംഗിക അതിക്രമങ്ങൾ, മാനുഷിക പ്രവേശനം നിഷേധിക്കൽ, സ്‌കൂളുകൾക്കും ആശുപത്രികൾക്കും നേരെയുള്ള ആക്രമണങ്ങൾ, കൊലപാതകങ്ങളും അംഗഭംഗം വരുത്തലും തുടങ്ങിയവയെല്ലാം ഇതിൽ പ്രതിപാദിക്കപ്പെടുന്നു.
സായുധ സംഘട്ടനത്തിൽ കുട്ടികൾക്കെതിരായ ഗുരുതരമായ ലംഘനങ്ങൾക്ക് ഉത്തരവാദികളായ വ്യക്തികൾക്കെതിരെ പ്രോസിക്യൂഷൻ ഉറപ്പാക്കുകയും എല്ലാ നിയമനിർമ്മാണങ്ങളുടെയും പ്രസക്തമായ നയങ്ങളുടെയും അംഗീകാരവും നടപ്പാക്കലും ഉറപ്പാക്കുകയും കുട്ടികളെ പിന്തുണയ്ക്കുന്നതിനുള്ള ഫണ്ടിംഗിന് മുൻഗണന നൽകുകയും ചെയ്യുന്നതിലൂടെ കുട്ടികളെ സംരക്ഷിക്കാൻ സേവ് ദി ചിൽഡ്രൻ ലോകനേതാക്കളോടും ദാതാക്കളോടും യുഎൻ അംഗങ്ങളോടും എൻജിഒകളോടും ആവശ്യപ്പെടുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: