തിരയുക

മനുഷ്യക്കടത്തിനെതിരെ! മനുഷ്യക്കടത്തിനെതിരെ! 

മനുഷ്യക്കടത്തിന് അറുതിവരുത്താൻ ധാരണാപത്രം!

മനുഷ്യക്കടത്തു തടയുന്നതിൽ നിർണ്ണായകമായ ഒരു പങ്കാളിത്ത ധാരണയിൽ “സാന്താ മാർത്താ സംഘ”ത്തിൻറെയും അമേരിക്കൻ ഐക്യനാടുകളുടെ ആഭ്യന്തര സുരക്ഷാ അന്വേഷണ വിഭാഗത്തിൻറെയും പ്രതിനിധികൾ ഫെബ്രുവരി പതിനഞ്ചാം തീയതി ഒപ്പുവച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

മനുഷ്യക്കടത്തും ആധുനിക അടിമത്തവും അവസാനിപ്പിക്കുന്നതിനുള്ള യത്നത്തിൽ കൂടുതൽ സഹകരണം ഉറപ്പാക്കുന്നതിന് അമേരിക്കൻ ഐക്യനാടുകളുടെ ആഭ്യന്തര സുരക്ഷാവകുപ്പും “സാന്താമാർത്താ സംഘവും”ഒരു ധാരണാപത്രത്തിൽ ഒപ്പുവച്ചു.

ഐക്യരാഷ്ട്രസഭയിൽ പരിശുദ്ധസിംഹാസനത്തിൻറെ സ്ഥിരം നിരീക്ഷക സംഘമാണ് ഇക്കഴിഞ്ഞ പതിനഞ്ചാം തീയതി (15/02/23) ഈ ഒപ്പുവയ്ക്കലിന് നേതൃത്വം നല്കിയത്.

മനുഷ്യക്കടത്തും ആധുനിക അടിമത്തവും ഇല്ലാതക്കുന്നതിനായി പൗരസമൂഹത്തോടു ചേർന്നു പ്രവർത്തിക്കുന്ന, ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പൊലീസ് മേധാവികളും മെത്രാന്മാരുമടങ്ങിയവരുടെ സഖ്യമായ “സാന്താ മാർത്താ സംഘ”ത്തിൻറെയും അമേരിക്കൻ ഐക്യനാടുകളുടെ ആഭ്യന്തര സുരക്ഷാ അന്വേഷണ വിഭാഗത്തിൻറെയും പ്രതിനിധികൾ പരിശുദ്ധസിംഹാസനത്തിൻറെ ഈ സ്ഥിരം നിരീക്ഷക സംഘത്തിൻറെ കാര്യാലയത്തിൽ വച്ചാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്.

മനുഷ്യക്കടത്തു തടയുന്നതിൽ നിർണ്ണായകമായ ഒരു പങ്കാളിത്ത ധാരണയാണ് ഇതെന്ന് ഇതെക്കുറിച്ചുള്ള പത്രക്കുറിപ്പിൽ കാണുന്നു. 

സാന്താമാർത്താ സംഘത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ വിൻസെൻറ് നിക്കോൾസ് ഈ ഒപ്പുവയ്ക്കൽ ചടങ്ങിൽ സന്നിഹിതനായിരുന്നു. സഭയും നിയമപരിപാലനച്ചുമതലയുള്ള വിഭാഗങ്ങളും തമ്മിലുള്ള സഹകരണം വളർന്നുകൊണ്ടിരിക്കുന്ന സാന്താ മാർത്താ സംഘത്തിൻറെ ഹൃദയത്തിലുണ്ടെന്നും നിരവധി വർഷത്തെ അടുത്ത സഹകരണത്തിൻറെയും വളർന്നുകൊണ്ടിരിക്കുന്ന മൈത്രയുടെയും ഫലമാണ് ഈ ധാരണാപത്രമെന്നും കർദ്ദിനാൾ നിക്കോൾസ് പറഞ്ഞു. പതിനയ്യായിരം കോടിയിൽപ്പരം ഡോളർ വരുമാനമാണ് ഒരുവർഷം മനുഷ്യക്കടത്തിലൂടെ കുറ്റകൃത്യസംഘടനകൾ ഉണ്ടാക്കുന്നതെന്നും ഈ കുറ്റകൃത്യം തടയുന്നതിന് സമൂഹത്തിൻറെ എല്ലാ തട്ടുകളിലും ധാർമ്മിക നേതൃത്വവും സഹകരണവും ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. മാറ്റമുണ്ടാക്കുന്നതിൽ സംഘാതമായ പ്രവർത്തനം എപ്രകാരം സ്വാധീനിക്കുന്നു എന്നതിനുള്ള ഒരു മാതൃകയാണ് ഇപ്പോൾ ഒപ്പുവയ്ക്കപ്പെട്ടിരിക്കുന്ന ധാരണാപത്രമെന്നും കർദ്ദിനാൾ നിക്കോൾസ് കൂട്ടിച്ചേർത്തു.

കുറ്റകൃത്യമായ മനുഷ്യക്കടത്ത്, അതിൻറെ ഇരകളുടെ അന്തസ്സിൻറെയും മനുഷ്യാവകാശങ്ങളുടെയും മൗലിക സ്വാതന്ത്ര്യങ്ങളുടെയും ധ്വംസനമാണെന്നും അതിരുകളില്ലാത്ത ഈ കുറ്റകൃത്യത്തിന്  എതിരായ പോരാട്ടത്തിന് ബഹുമുഖവും ഏകോപിതവുമായ സമീപനം ആവശ്യമാണെന്നും ഈ ധാരണാപത്രം ഒപ്പുവയ്ക്കുന്നതിന് നേതൃത്വം നൽകിയ ഐക്യരാഷ്ട്രസഭയിൽ പരിശുദ്ധസിംഹാസനത്തിൻറെ സ്ഥിരം നിരീക്ഷകനായ ആർച്ച് ബിഷപ്പ് ഗബ്രിയേലെ കാച്ച പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 ഫെബ്രുവരി 2023, 09:48