നീതിമാന്റെ അഭയമായ ദൈവം
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
ദൈവത്തിലുള്ള ശരണവും വിശ്വാസവും കേന്ദ്രമായ പതിനൊന്നാം സങ്കീർത്തനം, ജീവിതത്തിൽ നേരിടേണ്ടിവരുന്ന ഭീഷണികളുടെയും അതിക്രമങ്ങളുടെയും മുന്നിൽ ഭീരുവിനെപ്പോലെ ഒളിച്ചിരിക്കാൻ ഉപദേശിക്കുന്ന ഒരു മനോഭാവത്തോട്, ദൈവവിശ്വാസമുള്ള മനുഷ്യന് നൽകുവാൻ കഴിയുന്ന ഉത്തരമാണ്. ദാവീദ് ഗായകസംഘനേതാവിന് എഴുതി നൽകുന്ന ഈ സങ്കീർത്തനം ദാവീദിന്റെ ജീവിതവുമായി ബന്ധപെട്ടതാകണം. സാവൂൾ രാജാവിൽനിന്ന് രക്ഷപെട്ടോടുന്ന ദാവീദിന് സുഹൃത്തുക്കൾ നൽകുന്ന ഉപദേശത്തിന് വിപരീതമായി, തന്റെ കണ്ണുകൾ ദൈവത്തിലേക്കുയർത്തി കർത്താവിൽ ശരണമർപ്പിക്കുന്ന ദാവീദിന്റെ ജീവിതം ഈ സങ്കീർത്തനവരികളിൽ നാം കാണുന്നുണ്ട്. ഏതൊരു അവസ്ഥയിലും ഉറപ്പുള്ള അഭയവും രക്ഷാസങ്കേതവും കർത്താവാണ്. വിശ്വാസമുള്ള മനുഷ്യർക്ക് വിപത്തുകളിൽ ദൈവമാണ് ഏക ആശ്രയം. തന്റെ സന്നിധിയിൽ, ദേവാലയത്തിൽ അഭയം തേടുന്ന വിശ്വാസിക്ക് സഹായവും തുണയുമാണ് ഇസ്രയേലിന്റെ നാഥൻ.
വിശ്വാസമുള്ളവന്റെ ചങ്കുറപ്പ്
തനിക്കെതിരെ വരുന്ന വിപത്തിന് മുന്നിൽ, ഓടി രക്ഷപെടുവാനും, പർവ്വതങ്ങളിൽ അഭയം തേടാനും ഉപദേശിക്കുന്ന തന്റെ സുഹൃത്തുക്കളോട് ദാവീദിലെ വിശ്വാസിക്ക് പറയാനുള്ള ഉത്തരമാണ് സങ്കീർത്തനത്തിന്റെ ഒന്നാം വാക്യം: "ഞാൻ കർത്താവിൽ അഭയം തേടുന്നു; പക്ഷിയെപ്പോലെ പർവ്വതങ്ങളിൽ പോയി ഒളിക്കുക എന്ന് നിങ്ങൾക്കെന്നോട് എങ്ങനെ പറയാൻ കഴിയും?" ഇസ്രയേലിന്റെ സിംഹാസനത്തിലേറുന്നതിന് മുൻപുള്ള ദാവീദിന്റെ ജീവിതം അത്ര എളുപ്പമുള്ളതായിരുന്നില്ല. തുടർച്ചയായി സാവൂളിനാൽ വേട്ടയാടപ്പെട്ട അവനോട് സുഹൃത്തുക്കൾ നല്ല ഉദ്ദേശത്തോടെ തന്നെ ഉപദേശിച്ചിരുന്നത്, ജീവിതം പോലും ഭീഷണിയിലാകുന്ന ഈയൊരവസ്ഥയിൽ, ശത്രുവിൽനിന്ന് മറഞ്ഞിരിക്കുക, ഓടി രക്ഷപ്പെടുക എന്നതാണ്. അപകടങ്ങൾക്കും ഭീഷണികൾക്കും മുന്നിൽ ഓടിയൊളിക്കുന്നതിനേക്കാൾ, പ്രപഞ്ചം മുഴുവൻ നിയന്ത്രിക്കുന്ന, കർത്താവായ ദൈവത്തിൽ അഭയം തേടുക എന്നതാണ് തനിക്ക് സുരക്ഷിതമായ മാർഗ്ഗമെന്നും, അവന്റെ ശക്തമായ കരങ്ങൾക്ക് കീഴിലുള്ളിടത്തോളം സുരക്ഷാ ഒരുക്കാൻ ലോകത്തിലെ ഒരു പർവ്വതങ്ങൾക്കും സാധിക്കില്ലെന്നും ദാവീദിനറിയാം. തന്റെ ദൈവത്തിലുള്ള വിശ്വാസത്തിന്റെ ഏറ്റുപറച്ചിൽ കൂടിയാണ് ദാവീദ് നടത്തുന്നത്.
അവിശ്വാസിയുടെ കണ്ണുകൾ
സങ്കീർത്തനത്തിന്റെ രണ്ടും മൂന്നും വാക്യങ്ങൾ ദാവീദ് നേരിടുന്ന ഭീഷണിക്ക് കാരണമായി നിൽക്കുന്ന അവസ്ഥയെയാണ് വർണ്ണിക്കുക: "നിഷ്കളങ്ക ഹൃദയരെ ഇരുട്ടത്തെയ്യാൻ വേണ്ടി ദുഷ്ടന്മാർ വില്ലുകുലച്ച് അമ്പു തൊടുത്തിരിക്കുന്നു. അടിത്തറ തകർന്നാൽ നീതിമാൻ എന്ത് ചെയ്യും?" ആസന്നമായിരിക്കുന്ന അപകടമാണ് ദാവീദിന്റെ സുഹൃത്തുക്കൾ മുന്നിൽ കാണുന്നത്. വിശ്വസശൂന്യമായ അവരുടെ കണ്ണുകൾ ഭയക്കുന്നത്, ഇരുട്ടിന്റെ, അജ്ഞതയുടെ മറവിൽ എത്തിയേക്കാവുന്ന ദുരന്തമാണ്. ഇസ്രായേൽ ജനതയെ ഭരിക്കുവാനായി തിരഞ്ഞെടുക്കപ്പെട്ടവനാണ് ദാവീദ്. അവൻ ദൈവത്തിന് മുന്നിൽ പ്രീതി കണ്ടെത്തിയവനാണ്. എന്നാൽ, ശത്രുവിന്റെ ആക്രമണത്തിന് മുന്നിൽ, ദൈവമെന്ന അടിത്തറയെ ദാവീദിന്റെ സുഹൃത്തുക്കൾ കാണുന്നില്ല. അവരെ സംബന്ധിച്ചിടത്തോളം, അപകടങ്ങൾക്കും ഭീഷണികൾക്കും മുന്നിൽ സ്വന്തം രക്ഷാമാർഗം കണ്ടെത്തി ഒഴിഞ്ഞുമാറാനാണ് തങ്ങളുടെ സുഹൃത്തിനോട് അവർക്ക് ഉപദേശിക്കാനുള്ളത്. എന്നാൽ ഇരുളിന്റെ മറവിൽ പതിയിരിക്കുന്ന ശത്രുവിന്റെ അമ്പുകൾക്കു തകർക്കാനാകാത്ത വിശ്വാസമാണ് ദാവീദിലെ വിശ്വാസിയെ നയിക്കുന്നത്. ഏതൊരു അവസ്ഥയെയും നേരിടാനും, അതിജീവിക്കാനും ശക്തി തരുന്നത് ദൈവം മാത്രമാണ്. അവനിലാണ് ആശ്രയം വയ്ക്കേണ്ടത്.
വിശ്വാസത്തിന്റെ വാക്കുകൾ
സങ്കീർത്തനത്തിന്റെ നാലാം വാക്യത്തിലൂടെ ദൈവത്തിലുള്ള തന്റെ വിശ്വാസവും, അവന്റെ നീതിയിലുള്ള തന്റെ ബോധ്യവുമാണ് ദാവീദ് ഏറ്റു പറയുന്നത്: "കർത്താവു തന്റെ വിശുദ്ധ മന്ദിരത്തിലുണ്ട്; അവിടുത്തെ സിംഹാസനം സ്വർഗ്ഗത്തിലാണ്. അവിടുത്തെ കണ്ണുകൾ മനുഷ്യമക്കളെ കാണുന്നു; അവിടുന്ന് അവരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നു". പർവതങ്ങളുടെ സുരക്ഷിതത്വത്തെക്കാൾ ഉറപ്പുള്ളത്, അവയെ സൃഷ്‌ടിച്ച ദൈവത്തിലാണെന്ന ബോധ്യമുള്ള ദാവീദ് കർത്താവിന്റെ വിശുദ്ധമന്ദിരത്തിൽ, ദൈവസാന്നിധ്യത്തിലാണ് തന്റെ സുരക്ഷ തേടുന്നത്. ദൈവം വസിക്കുന്ന ദേവാലയവും, അവന്റെ സ്വർഗ്ഗരാജ്യവും നൽകുന്ന ധൈര്യവും ഉറപ്പും മറ്റിടങ്ങൾക്ക് നൽകാനാകില്ല. ഭീതി ജീവിതത്തെ അലട്ടുമ്പോൾ, ദൈവവിചാരം മനസ്സിന് ആശ്വാസമേകും. നാലാം വാക്യത്തിന്റെ രണ്ടാം ഭാഗമാണ് ദാവീദിന് സമാധാനത്തോടെ മുന്നോട്ട് പോകാൻ ധൈര്യം നൽകുന്നത്. അവൻ എല്ലാം കാണുന്ന, എല്ലാത്തിനെയും സൂക്ഷ്മമായി നിരീക്ഷിക്കുന്ന ദൈവമാണ്. മനുഷ്യരുടെ പ്രവൃത്തികളിലെ നന്മതിന്മകളെ ദൈവം നോക്കിക്കാണുന്നുണ്ട്. ദൈവമാണ് നീതിമാന്റെ തകരാത്ത അഭയം.
ദുഷ്ടരെയും നീതിമാന്മാരെയും വിധിക്കുന്ന ദൈവം
സങ്കീർത്തനത്തിന്റെ അഞ്ചുമുതലുള്ള വാക്യങ്ങൾ നീതിമാന്മാരുടെയും ദുഷ്ടരുടെയും കാര്യത്തിൽ ദൈവം എപ്രകാരമാണ് പ്രവർത്തിക്കുക എന്നതിനെക്കുറിച്ചാണ് നമ്മോട് പറയുക: “കർത്താവ് നീതിമാനെയും ദുഷ്ടനെയും പരിശോധിക്കുന്നു; അക്രമം ഇഷ്ടപ്പെടുന്നവനെ അവിടുന്ന് വെറുക്കുന്നു. ദുഷ്ടരുടെമേൽ അവിടുന്ന് തീക്കനലും ഗന്ധകവും വർഷിക്കും; അവരുടെ പാനപാത്രം നിറയെ ഉഷ്ണക്കാറ്റായിരിക്കും" എന്ന അഞ്ചും ആറും വാക്യങ്ങൾ നീതിമാന് പ്രത്യാശയും ദുഷ്ടന് നിരാശയും ഭീതിയും പകരുന്നവയാണ്. തങ്ങളുടെ പ്രവൃത്തികളും, ജീവിതങ്ങളും ദൈവത്തിന്റെ കണ്ണുകൾക്ക് അദൃശ്യങ്ങളല്ല എന്നത് നീതിമാന്റെ ഹൃദയത്തിന് ആശ്വാസമേകുമ്പോൾ ഇതേ വാക്യങ്ങൾ അവിശ്വാസികൾക്കും ദുഷ്ടർക്കും തിന്മ പ്രവർത്തിക്കുന്നവർക്കും അനുതാപത്തിനുള്ള വിളിയാണ് നൽകുന്നത്. അക്രമം ഇഷ്ടപ്പെടുന്നവർ, സ്നേഹമായ ദൈവത്തിനെതിരായാണ് ജീവിക്കുന്നത്. ഇരുളിന്റെ മറവിൽ നീതിമാനെതിരെ കൂരമ്പെയ്യുന്നവർക്ക് ദൈവത്തിന് മുന്നിൽ സ്വീകാര്യത കണ്ടെത്താനാകില്ല.
നീതിമാന്മാർക്ക് ദൈവത്തിന്റെ മനസ്സിലുള്ള സ്വീകാര്യതയും സ്ഥാനവുമാണ് സങ്കീർത്തനത്തിന്റെ അവസാനവാക്യം വ്യക്തമാക്കുന്നത്: "കർത്താവു നീതിമാനാണ്; അവിടുന്ന് നീതിയുക്തമായ പ്രവൃത്തികൾ ഇഷ്ടപ്പെടുന്നു; പരാമർത്ഥഹൃദയർ അവിടുത്തെ മുഖം ദർശിക്കും". നീതിമാനായ ദൈവം, നീതിയും നീതി പ്രവർത്തിക്കുന്ന പരാമർത്ഥഹൃദയരെയുമാണ് ഇഷ്ടപ്പെടുന്നത്. ദൈവം നീതിമാനാണ് എന്ന വസ്തുത ദാവീദിന് നൽകുന്ന സമാധാനവും ധൈര്യവും കുറച്ചൊന്നുമല്ല. ദൈവത്താൽ ഇഷ്ടപ്പെടുവാനായി നമ്മുടേത് നീതിപൂർവ്വമായ പ്രവൃത്തികളാകണമെന്ന ഒരു സന്ദേശം കൂടി ദാവീദ് നൽകുന്നുണ്ട്. നീതി പ്രവർത്തിക്കുന്ന പരാമർത്ഥഹൃദയർക്ക് ദൈവം നൽകുന്ന പ്രതിഫലം അവിടുത്തെ തിരുമുഖദർശനമാണ്. നീതിമാനായ ദൈവത്തെ കാണുവാൻ, നമ്മുടെ പ്രവൃത്തികളും നീതിനിറഞ്ഞവയാകണമെന്ന ഒരോർമ്മപ്പെടുത്താൽ കൂടിയാണ് ഇവിടെ നമുക്ക് കാണുവാനാകുന്നത്. തനിക്കെതിരെ നിൽക്കുന്ന ശത്രു ഉയർത്തുന്ന ഭീഷണിക്ക് മുന്നിൽ, പ്രപഞ്ചം മുഴുവൻ സൃഷ്‌ടിച്ച, എല്ലാം കാണുന്ന, എല്ലാമറിയുന്ന, ദുഷ്ടരെ ശിക്ഷിക്കുകയും നീതിമാന്മാർക്ക് പ്രതിഫലം നൽകുന്ന ദൈവം തന്റെ കൂടെയുണ്ടെന്ന, താൻ അവനു സ്വീകാര്യനാണെന്ന, അവന്റെ ആലയത്തിൽ തനിക്ക് ഉറപ്പുള്ള സങ്കേതം കണ്ടെത്താനാകുമെന്ന വിശ്വാസത്തോടെ ധൈര്യപൂർവ്വം മുന്നോട്ടു പോകുവാൻ ദാവീദിന് സാധിക്കുന്നുണ്ട്.
സങ്കീർത്തനം ജീവിതത്തിൽ
ദുഷ്ടത നിറഞ്ഞ മനസ്സുകളും, അതിക്രമങ്ങൾ നടമാടുന്ന ഒരു ലോകവും ജീവിതത്തെ ഭയപ്പെടുത്തുമ്പോൾ, സ്നേഹിതർ പോലും കൈവെടിയുമ്പോൾ, ഭയത്തിന്റെ ഇരുളിൽ കൂരമ്പുകൾ നമുക്ക് നേരെ വരുമ്പോൾ, ഉറപ്പുള്ള ഒരു ആലയം, ദൈവത്തിന്റെ സങ്കേതം മുന്നിൽ കാണാൻ നമുക്ക് സാധിക്കണം. വിഫലമായ, അർത്ഥമില്ലാത്ത, പരാജിതന്റെ ജീവിതമെന്ന് മറ്റുള്ളവർ അധിക്ഷേപിക്കുമ്പോഴും, ദൈവത്തിൽ നമ്മുടെ ജീവിതലക്ഷ്യം കണ്ടെത്താനും, അവനിൽ നമ്മെ ഒരിക്കലും കൈവെടിയാത്ത, തകർന്നു പോകാത്ത സുരക്ഷിതത്വം കണ്ടെത്താനും, അവന്റെ സ്നേഹവും സാമീപ്യവുമേകുന്ന സന്തോഷവും സമാധാനവും ജീവിക്കാനും നമുക്ക് പരിശ്രമിക്കാം. നീതിയും സത്യവും പരമാർത്ഥതയും ദൈവത്തിന് പ്രീതികരമാണെന്ന തിരിച്ചറിവിൽ, ദൈവഹിതത്തോട് നമ്മുടെ ജീവിതത്തെയും പ്രവൃത്തികളെയും അനുരൂപമാക്കാൻ പതിനൊന്നാം സങ്കീർത്തനം നമ്മെ ആഹ്വാനം ചെയ്യുന്നുണ്ട്. ദൈവത്തിന് സ്വീകാര്യരാകുവാനും, അവന്റെ തിരുമുഖ ദർശനത്തിന്റെ ആനന്ദം ജീവിതത്തിൽ എന്നും അനുഭവിക്കാനുമായി ദൈവം നമ്മിൽ കനിയട്ടെ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: