ലോകത്തിന്റെ കപടതയും ദൈവികവാഗ്ദാനത്തിന്റെ വിശ്വാസ്യതയും
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
മനുഷ്യന്റെ വാക്കുകളിലെ കപടതയും തിന്‍മയും, ദൈവികവാഗ്ദാനങ്ങളിലെ നൈർമല്യവും ശുദ്ധിയും വിശ്വാസ്യതയും വിഷയമാകുന്ന ഒരു വിലാപഗീതമാണ്, അഷ്ടമിരാഗത്തിൽ ഗായകസംഘനേതാവിന് ദാവീദ് എഴുതി നൽകുന്ന പന്ത്രണ്ടാം സങ്കീർത്തനം. പുറമെ മുഖസ്തുതിയും ഹൃദയത്തിൽ കാപട്യവും നിറഞ്ഞ മനുഷ്യരുടെ ജീവിതം സൗഭാഗ്യകരമാകില്ല. തിന്മയിലാണ് തങ്ങളെന്ന് ദുഷ്ടർക്കറിയാമെങ്കിലും, തങ്ങളുടെ അസത്യങ്ങൾ കൊണ്ട് ലോകത്തിൽ വിജയം കണ്ടെത്താനാകുമെന്ന മൗഢ്യബോധത്തോടെയാണ് അവർ ജീവിക്കുന്നത്. എന്നാൽ, സഹനത്തിന്റെ അവസ്ഥയിലായിരിക്കുന്ന ദരിദ്രർക്കുനേരെ കർത്താവിന്റെ കരുണ ഒഴുകുന്നതും, അവർക്ക് താൻ അഭയമേകുമെന്ന വാഗ്ദാനം ദൈവം നടത്തുന്നതും സങ്കീർത്തനത്തിന്റെ രണ്ടാം പകുതിയിൽ നമുക്ക് കാണാം. ശുദ്ധമായ, നിർമ്മലമായ ദൈവികവാഗ്ദാനങ്ങളിൽ വിശ്വാസമുള്ള ജനം, തിന്മ പരതിനടക്കുന്ന ദുഷ്ടനിൽനിന്ന് രക്ഷനേടുവാനായി ദൈവത്തോട് അപേക്ഷിക്കുന്നു. ലോകത്ത് അനേകർ തിന്മയെയും നീചത്വത്തെയും ആദരവോടെ നോക്കിക്കാണുന്നുവെന്നുള്ള പരാതിയോടെ, എന്നാൽ, നന്മയും സത്യവും തിരഞ്ഞെടുക്കാനുള്ള നിശബ്ദമായ ഒരു വെല്ലുവിളി ഓരോ ഹൃദയങ്ങളിലുമുണർത്തുന്ന ദാവീദിന്റെ ഒരു സങ്കീർത്തനമാണിത്.
കാപട്യം നിറഞ്ഞ ലോകം
സങ്കീർത്തനത്തിന്റെ ഒന്നും രണ്ടും വാക്യങ്ങൾ ലോകത്തിന്റെ ഇന്നത്തെ സ്ഥിതിയെക്കുറിച്ച് ദൈവത്തോടുള്ള സങ്കീർത്തകന്റെ പരാതിയാണ്: "കർത്താവെ, സഹായിക്കണമേ; ദൈവഭക്തർ ഇല്ലാതായിരിക്കുന്നു; മനുഷ്യമക്കളിൽ വിശ്വസ്തരാരും ഇല്ലാതായി. ഓരോരുത്തരും അയൽക്കാരനോട് അസത്യം പറയുന്നു; അവരുടെ അധരങ്ങളിൽ മുഖസ്തുതിയും ഹൃദയത്തിൽ കാപട്യവുമാണ്". താൻ ആയിരിക്കുന്ന ലോകത്തിൽ മനുഷ്യരിലെ നന്മ നഷ്ടപ്പെട്ടിരിക്കുന്നുവെന്നും, അവർ അസത്യവും കാപട്യവും നയിക്കുന്ന ഒരു ജീവിതശൈലിയിലേക്ക് സ്വയം താഴ്ത്തിയിരിക്കുന്നുവെന്നും സങ്കീർത്തകൻ തിരിച്ചറിയുന്നു. രണ്ടു തകർച്ചകളാണ് ലോകം നേരിടുന്നത്. ഒന്നാമതായി ദൈവഭക്തിയുള്ള, വിശ്വസ്തതയുള്ള മനുഷ്യർ ഇല്ലാതായിരിക്കുന്നു, രണ്ടാമതായി തിന്മ നിറഞ്ഞ ഹൃദയമുള്ള, പരസ്പരം അസത്യം പറയുന്ന മനുഷ്യർ നല്ലവരുടെ സ്ഥാനം ഏറ്റെടുത്തിരിക്കുന്നു. സാവൂളിനാൽ വേട്ടയാടപ്പെടുന്ന ദാവീദിന്റെ വിലാപപ്രാർത്ഥനയാകാം ഇത്. എന്നാൽ ലോകം നേരിടുന്ന വലിയൊരു പ്രതിസന്ധിയെക്കുറിച്ച് കൂടിയാണ് വചനം പറയുക. മറ്റുളളവരെ സന്തോഷിപ്പിക്കാൻ വേണ്ടി പറയപ്പെടുന്ന തിന്മകളും, സത്യസന്ധത ഇല്ലാത്ത വാക്കുകളും സമൂഹത്തെ നിയന്ത്രിക്കുന്ന ഒരു ലോകത്തിലാണ് നാം ജീവിക്കുന്നത്. നുണകളാൽ നയിക്കപ്പെടുന്ന ഒരു ലോകം നന്മയും നൈർമല്യവും നഷ്ടപ്പെട്ട ഒരു ലോകമാണ്.
ദുഷ്ടർക്കെതിരായ പ്രാർത്ഥന
തിന്മ നിറഞ്ഞ ഒരു ലോകത്ത്, ദുഷ്ടരുടെ പ്രവൃത്തികൾക്കെതിരെ ദൈവത്തിന്റെ ശക്തിയുയരണമേയെന്ന പ്രാർത്ഥനയാണ് സങ്കീർത്തനത്തിന്റെ മൂന്നാം വാക്യം: "മുഖസ്തുതി പറയുന്ന അധരങ്ങളെയും വീമ്പിളക്കുന്ന നാവിനെയും കർത്താവു ഛേദിച്ചു കളയട്ടെ" എന്നാൽ നാലാം വാക്യമാകട്ടെ, തങ്ങളുടെ നുണവാക്കുകളുടെ ശക്തിക്ക് മുന്നിൽ ദൈവം പോലും നിസ്സഹായനെന്ന് കരുതുന്ന, തിന്മ പ്രവർത്തിക്കുന്ന മനുഷ്യരുടെ മനോഭാവത്തെ വ്യക്തമാക്കുന്നതാണ്: "നാവുകൊണ്ട് ഞങ്ങൾ ജയിക്കും, അധരങ്ങൾ ഞങ്ങൾക്ക് തുണയുണ്ട്; ആരുണ്ട് ഞങ്ങളെ നിയന്ത്രിക്കാൻ എന്ന് അവർ പറയുന്നു". തിന്മ പ്രവർത്തിക്കുന്നവരുടെ ശിക്ഷ മാത്രമല്ല സങ്കീർത്തകന്റെ പ്രാർത്ഥനയുടെ ഉദ്ദേശം, മറിച്ച്, സത്യം വിജയിക്കണമെന്ന, ദൈവികമായ നീതി ലോകത്തിൽ പുലരണമെന്ന, ദൈവത്തിന്റെ ആധിപത്യം ലോകത്തിൽ നിലനിൽക്കണമെന്ന ഒരു അപേക്ഷകൂടിയാണിത്. മറ്റുള്ളവർക്കെതിരെയുള്ള കള്ളം പറയലുകളും പിറുപിറുക്കലുകളും, സ്വാർത്ഥതാല്പര്യങ്ങൾക്കുവേണ്ടിയും, ആരെയൊക്കെയോ പ്രീണിപ്പിക്കാനായും മുഖസ്തുതിയുയർത്തുന്ന നാവുകളും നിറഞ്ഞ ഒരു സാമൂഹ്യാവസ്ഥയും സങ്കീർത്തകൻ വായിച്ചറിയുന്നുണ്ട്. അസത്യം പറയുന്ന ഒരു നാവും, ആത്മാർത്ഥയില്ലാത്ത ഹൃദയവുമുള്ള വ്യക്തികൾ അവരവരുടെയും, മറ്റുള്ളവരുടെയും ജീവിതത്തെയാണ് വിലയില്ലാത്തതും, ദൈവത്തിന് പ്രീതികരമല്ലാത്തതുമാക്കുന്നത്.
ദരിദ്രർക്കും പാവപ്പെട്ടവർക്കും അഭയമാകുന്ന ദൈവം
സങ്കീർത്തനത്തിന്റെ ആറാം വാക്യം, ദാവീദിന്റെ ഹൃദയമുയർത്തുന്ന വിലാപചിന്തകൾക്ക് ഉത്തരമെന്നോണം ദൈവം അരുളിച്ചെയ്യുന്ന വാക്കുകളാണ്: “എന്നാൽ, കർത്താവ് അരുളിച്ചെയ്യുന്നു; ദരിദ്രർ ചൂഷണം ചെയ്യപ്പെടുന്നു; പാവപ്പെട്ടവർ നെടുവീർപ്പിടുന്നു; അതിനാൽ, അവർ ആശിക്കുന്ന അഭയം ഞാൻ അവർക്കു നൽകും". ജീവിതത്തിൽ അകാരണമായി കുറ്റപ്പെടുത്തലുകളുടെയും അപവാദങ്ങളുടെയും ഇടയിൽപ്പെട്ട് ദൈവത്തെ വിളിച്ചപേക്ഷിക്കുന്ന ഒരുവൻ കേൾക്കുവാൻ ആഗ്രഹിക്കുന്ന ആശ്വാസവാക്കുകളാണ് കർത്താവ് അരുൾ ചെയ്യുന്നത്. സാവൂളിന്റെയോ, മറ്റേതെങ്കിലും ശത്രുക്കളുടേയോ അകൃത്യങ്ങളും അപവാദങ്ങളും മൂലം വേദനയനുഭവിക്കേണ്ടിവരുന്ന ദാവീദും, ദൈവത്തിൽനിന്ന് ഇതുപോലൊരു വാക്കിനായും ഒരിക്കലും ഉപേക്ഷിക്കാത്ത അവന്റെ സംരക്ഷണത്തിനായും ആഗ്രഹിക്കുന്നുണ്ട്.
ഉറപ്പുള്ള അഭയമാകുന്ന ദൈവികവാഗ്ദാനം
സങ്കീർത്തനത്തിന്റെ ആറു മുതലുള്ള വാക്യങ്ങളിൽ കർത്താവിന്റെ വാഗ്ദാനങ്ങളിലുള്ള വിശ്വാസത്തിലുറച്ച് മുന്നോട്ടുപോകുന്ന സങ്കീർത്തകനെയാണ് നാം കാണുന്നത്: "കർത്താവിന്റെ വാഗ്ദാനങ്ങൾ നിർമലമാണ്, ഉലയിൽ എഴാവർത്തി ശുദ്ധിചെയ്തെടുത്ത വെള്ളിയാണ്" എന്ന ആറാം വാക്യം ദൈവികവാഗ്ദാനം എത്രമാത്രം വിശ്വസനീയമാണെന്ന ദാവീദിന്റെ അനുഭവബോധ്യമാണ് വെളിവാക്കുന്നത്. നുണകളും ആത്മാർത്ഥതയില്ലാത്ത പൊള്ളവാഗ്ദാനങ്ങളുമായി മനുഷ്യർക്ക് ജീവിതത്തിലുള്ള വിശ്വാസം പോലും നഷ്ടപ്പെടുത്തുന്ന ദുഷ്ടരുടെ കാപട്യങ്ങൾക്കും തിന്മയുടെ നാവിനും മുന്നിൽ, വാഗ്ദാനങ്ങളിൽ വിശ്വസ്തനായ ദൈവത്തിന്റെ വാക്കുകൾ ഒരു വിശ്വാസിയുടെ മനസ്സിൽ ശക്തമായ ഉറപ്പാണ് നൽകുന്നത്. അതുകൊണ്ടുതന്നെയാണ് "കർത്താവെ! ഞങ്ങളെ കാത്തുകൊള്ളണമേ! ഈ തലമുറയിൽനിന്ന് ഞങ്ങളെ കാത്തുകൊള്ളണമേ" എന്ന് ദാവീദിലെ വിശ്വാസി, ദൈവം തന്റെ പ്രാർത്ഥനകൾ ശ്രവിക്കുമെന്ന ഉറപ്പോടെ വിളിച്ചപേക്ഷിക്കുന്നത്. "ദുഷ്ടർ എങ്ങും പരതി നടക്കുന്നു, മനുഷ്യപുത്രരുടെ ഇടയിൽ നീചത്വം ആദരിക്കപ്പെടുന്നു" എന്ന എട്ടാം വാക്യത്തോടെയാണ് സങ്കീർത്തനം അവസാനിക്കുന്നത്. ദൈവത്തിന്റെ വാക്കുകളുടെ സത്യസന്ധതയുടെയും, ശുദ്ധതയുടെയും മുന്നിലും ശത്രു തിന്മയുടെ പ്രവർത്തികൾ തുടരുന്നുവെന്നും, ദൈവത്തിന്റെ നിർമ്മലവും ശുദ്ധവുമായ വാക്കുകൾക്കിടയിലും കപടതനിറഞ്ഞ മനസ്സുകളുടെ മുഖസ്തുതിയാണ് പലരും ഇഷ്ടപ്പെടുന്നതെന്നും, അപ്രകാരമുള്ളവരാണ് പലപ്പോഴും സമൂഹത്തിൽ അംഗീകരിക്കപ്പെടുന്നതെന്നുമുള്ള യാഥാർത്ഥ്യം കൂടിയാണ് ദാവീദ് ഇവിടെ എഴുതിവയ്ക്കുക. എന്നാൽ അവസാനവിജയം ദൈവത്തിന്റേതാണ് എന്ന ബോധ്യവും ദാവീദിനുണ്ട്.
സങ്കീർത്തനം ജീവിതത്തിൽ
പന്ത്രണ്ടാം സങ്കീർത്തനവിചാരങ്ങൾ ചുരുക്കുമ്പോൾ, ജീവിതത്തെക്കുറിച്ചുള്ള ഒരു വിചിന്തനത്തിന് കൂടിയാണ് ദൈവവചനം നമ്മെ ആഹ്വാനം ചെയ്യുന്നത്. കപടത നിറഞ്ഞ ഒരു ലോകത്തിൽ ദൈവികവാഗ്ദാനങ്ങളിലുള്ള ഉറപ്പിൽ ശരണപ്പെട്ട് മുന്നോട്ടുപോകാൻ നമുക്ക് സാധിക്കുന്നുണ്ടോ എന്ന ഒരു ചിന്ത നമ്മിലുണ്ടാകട്ടെ. മുഖസ്തുതികളും മധുരമുള്ള നുണകളുമാണോ അതോ ആത്മാവിൽ ആഴ്ന്നിറങ്ങുന്ന, ശുദ്ധമായ, സത്യസന്ധമായ ദൈവികവാഗ്ദാനങ്ങളാണോ നാം ജീവിതത്തിൽ തിരഞ്ഞെടുക്കുന്നത്? ചൂഷണം ചെയ്യപ്പെടുന്ന മനുഷ്യർക്കും, സഹനങ്ങളുടെ മാർഗ്ഗത്തിൽ നെടുവീർപ്പിടുന്ന പാവങ്ങൾക്കും ദൈവികമായൊരു ആശ്വാസമേകുവാൻ നമ്മുടെ വാക്കുകൾക്കും പ്രവൃത്തികൾക്കും സാധിക്കുന്നുണ്ടോ? കാപട്യം നിറഞ്ഞ ഒരു ലോകത്ത്, വിശ്വസ്തതയും യഥാർത്ഥ ദൈവഭക്തിയും കുറയുമ്പോൾ, തന്റെ വാഗ്ധോരണികളാൽ ശത്രു, ലോകത്ത് ദൈവത്തെക്കാൾ താനാണ് വിജയം വരിക്കുന്നതെന്ന തോന്നലുണ്ടാക്കുമ്പോൾ, ദാവീദിനെപ്പോലെ, ദൈവത്തിന്റെ വിശ്വസ്തതയിൽ പൂർണ്ണമായി ശരണപ്പെട്ട്, ലോകത്തിനും നമുക്കും വേണ്ടി ദൈവികസംരക്ഷണം പ്രാർത്ഥിക്കാനും, അവനിൽ ഒരിക്കലും തകരാത്ത അഭയം കണ്ടെത്തുവാനും നമുക്ക് സാധിക്കട്ടെ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: