ഭൂകമ്പത്തെ അതിജീവിച്ചവരുടെ ദുരിതം ഉയർത്തിക്കാണിച്ച് ഐക്യരാഷ്ട്രസഭ
സി.റൂബിനി സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
മരണസംഖ്യ 29,000ത്തിലധികമായ ഈ പ്രദേശത്ത് 800,000 പേർക്കാണ് ചൂടുള്ള ഭക്ഷണം അത്യാവശ്യമായി വരുന്നത്. തണുപ്പ് മരവിപ്പിക്കുന്ന സാഹചര്യങ്ങളാൽ തടസ്സപ്പെടുന്ന രക്ഷാപ്രവർത്തനങ്ങൾ മന്ദഗതിയിലാണ് നീങ്ങുന്നത്. വൈദ്യസഹായം, ഭക്ഷണം, രക്ഷാകേന്ദ്രങ്ങൾ എന്നിവയുടെ അടിയന്തിരാവശ്യമുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ സഹായ ഏജൻസിയുടെ തലവൻ മാർട്ടിൻ ഗ്രിഫിത്സ് വാർത്താലേഖകരോടു സംസാരിക്കവെ പറഞ്ഞു.
"അവശിഷ്ടങ്ങൾക്കിടയിലേക്ക് ഇനിയും പോകേണ്ടതുള്ളതിനാൽ യഥാർത്ഥത്തിലുള്ള കണക്ക് പറയാൻ ഇനിയും ബുദ്ധിമുട്ടാണ് എന്ന് ഞാൻ കരുതുന്നു. പക്ഷേ ഇത് ഇരട്ടിയോ അതിൽ കൂടുതലോ ആകുമെന്ന് എനിക്ക് ഉറപ്പുണ്ട് " അതിനാൽ "മരിച്ചവരുടെ എണ്ണത്തിന്റെ ശരിയായ കണക്കെടുക്കാൻ തുടങ്ങിയിട്ടില്ല" എന്ന് അദ്ദേഹം പറഞ്ഞു. തുർക്കിയിൽ നിന്നും വടക്കുപടിഞ്ഞാറൻ സിറിയയിലേക്ക് അതിർത്തി കടക്കാൻ കൂടുതൽ സംവിധാനങ്ങൾ ഐക്യരാഷ്ട്രസഭ തയ്യാറാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
29,000 പേർ മരിക്കുകയും 98,000 പേർക്ക് പരിക്കുപറ്റുകയും ചെയ്ത കഴിഞ്ഞ തിങ്കളാഴ്ചയുണ്ടായ രണ്ടു ഭൂകമ്പങ്ങൾ 100 വർഷങ്ങൾക്കിടയിൽ ഈ പ്രദേശത്തെ ബാധിച്ച ഏറ്റവും ഭീകരമായ ദുരന്തങ്ങളിലൊന്നാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 26 ദശലക്ഷം പേരെയാണ് ഈ ദുരന്തം ബാധിച്ചത്. നിരവധി ബഹുനില കെട്ടിടങ്ങൾ നശിച്ചതിലുളള രോഷത്തിൽ തുർക്കി ഭരണകൂടം കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് 100 ലധികം അറസ്റ്റുവാറണ്ടുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. വികസന, കെട്ടിട നിർമ്മാണ കരാറുകാരുൾപ്പെടെ ഒരു ഡസനോളം പേരെ കസ്റ്റഡിയിൽ എടുത്തിട്ടുമുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: