സമാധാനത്തിനായുള്ള ജപ്പാൻ നിവാനോ ഫണ്ടേഷൻ പുരസ്‌കാരം ഇന്ത്യക്കാരന്
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
നീതിക്കും സമാധാനത്തിനുമായുള്ള പ്രത്യേക സേവനങ്ങൾ മാനിച്ച്, നാൽപ്പതാമത് നിവാനോ സമാധാന പുരസ്‌കാരം ഇന്ത്യക്കാരനായ രാജഗോപാൽ പി.വി-ക്ക് നൽകുവാൻ തീരുമാനിച്ചതായി ജപ്പാനിലെ നിവാനോ സമാധാന ഫൌണ്ടേഷൻ പത്രക്കുറിപ്പിലൂടെ അറിയിച്ചു. 1948-ൽ കേരളത്തിൽ ജനിച്ച ഇദ്ദേഹം ഏക്താ പരിഷാദ് എന്ന പ്രസ്ഥാനത്തിന്റെ സ്ഥാപകൻ കൂടിയാണ്. രാജ്യത്തെ പാവപ്പെട്ടവരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ഉന്നമനത്തിനായി സമാധാനപരമായും അഹിംസാമാർഗ്ഗങ്ങളിലൂടെയും അദ്ദേഹം ചെയ്യുന്ന സേവനങ്ങൾ പരിഗണിച്ചാണ് ഈ പ്രത്യേക പുരസ്‌കാരം അദ്ദേഹത്തിന് ലഭിക്കുക.
മത, വർഗ്ഗ, ലിംഗ വ്യത്യാസങ്ങൾ പരിഗണിക്കാതെയാണ് അദ്ദേഹം ഏവർക്കും തുല്യ മനുഷ്യാന്തസ്സ് ഉറപ്പുവരുത്തുവാനായി സേവനമനുഷ്ഠിക്കുന്നതെന്ന് ഫൌണ്ടേഷൻ എഴുതി. പാവപ്പെട്ടവർക്കുള്ള സേവനങ്ങളുടെ ഭാഗമായി യുവജന വിദ്യാഭ്യാസം, കുറ്റവാളിസംഘങ്ങൾക്ക് കീഴടങ്ങലിനും അവരുടെസമൂഹത്തിലുള്ള പുനരധിവാസത്തിനും അദ്ദേഹം ചെയ്യുന്ന സേവനങ്ങൾ ജലം, സ്വത്ത് തുടങ്ങി, പാവപ്പെട്ടവരുടെ ആവശ്യങ്ങൾ ഉറപ്പുവരുത്തൽ, പ്രകൃതി സംരക്ഷണത്തിനായുള്ള പരിശ്രമങ്ങൾ എന്നിവയും ഈ സമ്മാനത്തിന് അദ്ദേഹത്തെ അർഹനാക്കി.
ഈ വർഷം മെയ് 11-ന് ജപ്പാനിലെ ടോക്കിയോയിൽ വച്ചാണ് സമ്മാനദാനം നടക്കുക. പുരസ്കാരത്തിൽ മെഡലിനൊപ്പം ഒന്നേകാൽ കോടിയോളം രൂപയും (ഇരുപത് മില്യൺ യെൻ) അദ്ദേഹത്തിന് ലഭിക്കും.
റിഷോ കോസെയി കായ് എന്ന ബുദ്ധസംഘടനയുടെ സ്ഥാപകനായ നിക്ക്യോ നിവാനോയുടെ പേരിലുള്ളതാൻ ഈ പുരസ്‌കാരം. സമാധാനത്തിനും, മതാന്തരസംവാദങ്ങൾക്കുമായുള്ള പ്രവർത്തങ്ങളിൽ ഏർപ്പെടുന്ന, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഒൻപത് മത നേതാക്കൾ ഉൾപ്പെടുന്ന ഒരു കമ്മറ്റിയാണ് ഇതിൽ തീരുമാനങ്ങൾ എടുക്കുന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: