ന്യൂസിലന്റിൽ നാശം വിതച്ച് "ഗബ്രിയേൽ" ചുഴലിക്കാറ്റ്
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
കനത്ത മഴയിൽ നദികൾ കരകവിഞ്ഞൊഴുകുകയും വീടുകളും വയലുകളും നശിക്കുകയും ചെയ്തു. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോകളിൽ ജോലി സ്ഥലങ്ങളുടേയും വീടുകളുടേയും മേൽക്കൂരകളിൽ കയറി ആളുകൾ വെള്ളിമിറങ്ങാനായി കാത്തിരിക്കുന്നതു കാണാം.
ഒരാഴ്ച മുമ്പ് ന്യൂസിലാന്റിലെ വടക്കൻ ഐലന്റിൽ വീശിയടിച്ച ചുഴലിക്കാറ്റിനെ തുടർന്നാണ് ഹോക്സ് ബേയിൽ വെള്ളപ്പൊക്കമുണ്ടായത്. കരകവിഞ്ഞൊഴുകിയ നദികൾ നാശനഷ്ടമുണ്ടാക്കുകയും ചെളി നിറക്കുകയും ചെയ്ത വീടുകൾ വാസയോഗ്യമല്ല.
ദുരിതാശ്വാസ പ്രവർത്തകർക്ക് ന്യൂസിലന്റ് പ്രധാനമന്ത്രി ക്രിസ് ഹിപ്പിൻസ് നന്ദിയർപ്പിച്ചു. "അടിയന്തിര സേവനങ്ങളും ആദ്യ പ്രതികരണങ്ങളും നമുക്കെല്ലാവർക്കും അഭിമാനകരമാണ്," അദ്ദേഹം പറഞ്ഞു. 'പലരും തീർത്തും തളരും വരെ അദ്ധ്യാനിച്ചു. "
വെള്ളപ്പൊക്കം പട്ടണങ്ങളെയും നശിപ്പിച്ചു. ഉപേക്ഷിക്കപ്പെട്ട ഭവനങ്ങൾ കൊള്ളയടിക്കപ്പെട്ടതിനെ തുടർന്ന് നൂറു കണക്കിന് പോലീസ് ഉദ്യോഗസ്ഥരെ അധികമായി ദുരന്തപ്രദേശത്തേക്ക് അയച്ചു. മണ്ണിടിച്ചിലിനാൽ റോസുകൾ തടസ്സപ്പെടുകയും, വിളകൾ നശിക്കുകയും ചെയ്തു. പഴവർഗ്ഗങ്ങളുടെ വിളവെടുപ്പു കാത്തിരുന്ന കർഷകർക്ക് വിളകൾ നഷ്ടമായി.
രാജ്യത്തിന്റെ ചരിത്രത്തിൽ ആകെ 3 പ്രാവശ്യമാണ് ന്യൂസിലന്റ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ളത്. ഓക് ലാന്റിൽ റെക്കോർഡ് മഴയെത്തുടർന്ന് പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിന് ആഴ്ചകൾ കഴിയുമ്പോഴാണ് ഇപ്പോഴത്തെ ദുരന്തം.
കാലാവസ്ഥാ വ്യതിയാനം നാശനഷ്ടമുണ്ടാക്കുന്ന കൊടുങ്കാറ്റുകളുടെ ആവർത്തനം കൂടുന്നതുകൊണ്ടാണ് ഇപ്പോൾ നാശം വിതച്ച ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നത് എന്ന് ന്യൂസിലന്റിന്റെ കാലാവസ്ഥാ മന്ത്രി അഭിപ്രായപ്പെട്ടു.
ഓക് ലാന്റിന്റെ കത്തോലിക്കാ മെത്രാൻ സ്റ്റീവ് ലോ ദുരിതബാധിതർക്കായി സഹായാഭ്യർത്ഥന നടത്തി. ഓക് ലാന്റ് രൂപതയുടെ പിന്തുണയുള്ള കാത്തലിക് കെയറിംഗ് ഫൗണ്ടേഷൻ പ്രളയബാധിത കുടുംബങ്ങൾക്ക് ഭക്ഷണം, പാർപ്പിടം, വസ്ത്രം എന്നിവ നൽകുന്നതിന് സംഭാവനകൾ സ്വീകരിക്കുന്നുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: